ഹോപ്പ് പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവും റദ്ദാക്കി

തിരുവനന്തപുരം: ഹോപ്പ് പ്ലാന്റേഷന് ഭൂമി അനുവദിച്ച വിവാദ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്....

ഹോപ്പ്  പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവും റദ്ദാക്കി

oommen-chandy

തിരുവനന്തപുരം: ഹോപ്പ് പ്ലാന്റേഷന് ഭൂമി അനുവദിച്ച വിവാദ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി റദ്ദാക്കുന്ന മൂന്നാമത്തെ വിവാദ ഉത്തരവാണ് ഇന്ന് മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടത്. നേരത്തേ, മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവും സന്തോഷ് മാധവന് ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവും റദ്ദാക്കിയിരുന്നു.

ഇടുക്കി ജില്ലയില്‍ ഹോപ്പ് പ്ലാന്റേഷന്‍ കമ്പനിക്ക് 750 ഏക്കര്‍ മിച്ചഭൂമി വിട്ടുനല്‍കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിനെതിരെ വിഎം സുധീരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.


60 വര്‍ഷം മുമ്പാണ് 1300 ഏക്കര്‍ ഭൂമി ഹോപ്പ് പ്ലാന്റേഷന് പാട്ടവ്യവസ്ഥയില്‍ നല്‍കിയത്. കമ്പനി സ്ഥലം ദുരുപയോഗം ചെയ്തതിനെത്തുടര്‍ന്ന് 1976ല്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരേ തോട്ടം ഉടമകള്‍ കോടതിയെ സമീപിച്ചെങ്കിലും മിച്ചഭൂമിയായി കണക്കാക്കി സുപ്രിംകോടതി 1998ല്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

മെത്രാന്‍ കായലില്‍ 425 ഏക്കര്‍ നികത്താനുള്ള ഉത്തരവാണ് പിന്‍വലിച്ചത്. പ്രദേശവാസിയുടെ ഹര്‍ജിയില്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത്.

കുമരകം മെത്രാന്‍ കായലില്‍ ടൂറിസം പദ്ധതിക്കായി 378 ഏക്കറും എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ മെഡിക്കല്‍ ടൂറിസത്തിനായി 47 ഏക്കര്‍ നെല്‍വയലും മണ്ണിട്ടു നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി വിവാദമായതോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും രംഗത്തു വന്നിരുന്നു.

വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് പിന്നീട് സര്‍ക്കാര്‍ റദ്ദാക്കുന്നത്. സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആര്‍എംസെഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത വടക്കന്‍ പറവൂരിലെയും മാളയിലെയും 118 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് റവന്യൂ വകുപ്പിന്റേതായി ഉത്തരവിറങ്ങിയിരുന്നു. വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഉത്തരവ് സര്‍ക്കാര്‍ പിന്നീട് റദ്ദാക്കി.

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയ തീരുമാനത്തിന് പിന്നില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് പുറമേ, വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിക്കും പങ്കുള്ളതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ സാങ്കേതികത്വത്തില്‍ തൂങ്ങി റവന്യു വകുപ്പിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഉത്തരവ് ഇറക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യവസായ വകുപ്പിനേയും കുഞ്ഞാലിക്കുട്ടിയേയും പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സുധീരന്‍ സ്വീകരിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.