സുധീരനെയും ആന്റണിയേയും കൈയ്യൊഴിഞ്ഞു; ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിക്കൊപ്പം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എകെ ആന്റണിയും ഉയര്‍ത്തിയ മുഴുവന്‍...

സുധീരനെയും ആന്റണിയേയും കൈയ്യൊഴിഞ്ഞു; ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിക്കൊപ്പം

oomman chandi

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എകെ ആന്റണിയും ഉയര്‍ത്തിയ മുഴുവന്‍ ആരോപണങ്ങള്‍ തള്ളി ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ പിന്തുണയുമായി ഹൈക്കമാന്റ്. സുധീരന്‍ തര്‍ക്കം ഉന്നയിച്ച എല്ലാ സീറ്റുകളിലും ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതായി സൂചന. ഇന്നലെ രാത്രി മുതല്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണക്കാന്‍ ഹൈക്കമാന്റ് തീരുമാനിക്കുന്നത്.


വരാനിരിക്കുന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ പിണക്കി മുന്നോട്ട് പോകാനാകില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി തന്റെ നിലപാട് സോണിയാ ഗാന്ധിയുടെ മുന്നില്‍ പോലും അയവില്ലാതെ വ്യക്തമാക്കിയതോടെ ഇത്തരമൊരു നിലപാടിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് സൂചന.

ആരോപണവിധേയരായ ഒരാളെയെങ്കിലും തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ താന്‍ മത്സരരംഗത്തേക്കുണ്ടാകില്ല എന്ന  ഉമ്മന്‍ചാണ്ടിയുടെ നിലപാടും അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതയുമാണ് ഹൈക്കമാന്റിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

കൂടാതെ, ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള സുധീരന്റെ കഴിവിലും ഹൈക്കമാന്റിന് ആശങ്കയുണ്ട്. അവസാന നിമിഷം വരെ സുധീരനൊപ്പം ഉറച്ച് നിന്ന ആന്റണിയുടെ നിലപാടിനേറ്റ പ്രഹരം കൂടിയാണ് ഹൈക്കമാന്റ് തീരുമാനം. സുധീരനെ മുന്‍നിര്‍ത്തി ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഉമ്മന്‍ചാണ്ടിയെ വരുതിയിലാക്കാന്‍ ആന്റണി ശ്രമിക്കുന്നതായുള്ള ആരോപണം എഗ്രൂപ്പ് വൃത്തങ്ങള്‍ രഹസ്യമായി ഉന്നയിക്കുന്നുണ്ടായിരുന്നു. ഹൈക്കമാന്റ് തീരുമാനത്തോടെ കേരളത്തിലെ കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവായി ഉമ്മന്‍ചാണ്ടി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്.