പരവൂര്‍ ദുരന്തം: വെടിക്കെട്ടില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വെടിക്കെട്ട് ആചാരത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിയമവിധേയമായി മാത്രമേ...

പരവൂര്‍ ദുരന്തം: വെടിക്കെട്ടില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: വെടിക്കെട്ട് ആചാരത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിയമവിധേയമായി മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാത്രി വെടിക്കെട്ട് പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി.

14 ന് കേസ് വീണ്ടും പരിഗണിക്കും. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ട് എങ്ങനെ നടന്നെന്ന് കോടതി ചോദിച്ചു.


മനുഷ്യാവകാശ ലംഘനമാണ് പരവൂരില്‍ നടന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞു. സംഭവത്തില്‍ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ സംതൃപ്തിയുണ്ടോയെന്ന് കോടതി ചോദിച്ചു.

അപകടത്തില്‍ ക്രൈം ബ്രാഞ്ച് മതിയോ എന്നും കോടതി ചോദിച്ചു. അപകടത്തെ കുറിച്ച് കളക്ടര്‍ അന്വേഷണം നടത്തണം.  ഇത്രയധികം സ്‌ഫോടക വസ്തുക്കളുണ്ടായിട്ടും പോലീസ് എന്തുകൊണ്ട് തടഞ്ഞില്ല. അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ട് എന്തുകൊണ്ട് പോലീസ് തടഞ്ഞില്ലെന്നും ചോദിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് പോലീസിനെതിരെ നടത്തിയത്.

വെടിക്കെട്ടില്‍ സ്‌ഫോടകവസ്തു നിയന്ത്രണ നിയമം പാലിച്ചിട്ടില്ലെന്ന് കേന്ദ്ര അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഏഴ് ചട്ടലംഘനങ്ങള്‍ നടന്നുവെന്നും  സംഭവത്തില്‍ തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നതായും കേന്ദ്രം  കോടതിയില്‍ അറിയിച്ചു.

ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി. ചിദംബരേഷ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന  ഡിവിഷന്‍ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി ഹരജിയില്‍ വാദം കേള്‍ക്കുന്നത്.

ഉഗ്രസ്‌ഫോടനമുണ്ടാക്കുന്ന അമിട്ട്, കതിന, ഗുണ്ട് തുടങ്ങിയവ നിരോധിക്കണമെന്നാണ് ജസ്റ്റിസ്  വി.ചിദംബരേഷ് കത്തില്‍ ആവശ്യപ്പെട്ടത്.

Read More >>