ജാനുവിന്റെ എന്‍ഡിഎ പ്രവേശം: ഗോത്രമഹാസഭയില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സികെ ജാനു മത്സരിക്കുന്നതിനെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍....

ജാനുവിന്റെ എന്‍ഡിഎ പ്രവേശം: ഗോത്രമഹാസഭയില്‍ അമര്‍ഷം പുകയുന്നു

geethananthan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സികെ ജാനു മത്സരിക്കുന്നതിനെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ഫാസിസത്തിനെതിരെ നടന്ന മനുഷ്യ സംഘമം പോലുള്ള പരിപാടിയില്‍ പങ്കെടുത്ത സികെ ജാനു ബിജെപിക്കൊപ്പം ചേരുന്നത് അവരുടെ നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കാണെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സികെ ജാനു മത്സരിക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും ഗീതാനന്ദന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം സംഘടനാപരമായി ചര്‍ച്ച ചെയ്തിട്ടില്ല. ഇത് ജാനുവിന്റെ വ്യക്തിപരമായ തീരുമാനമാണ്. ബിജെപിക്കൊപ്പം മത്സരിക്കുന്നതില്‍ നിന്നും ജാനു പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫാസിസ്റ്റ് ശക്തിയായ ബിജെപിക്കൊപ്പമുള്ള ജാനുവിന്റെ മുന്നോട്ട് പോക്കിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ആദിവാസി മുന്നേറ്റത്തിന് തീര്‍ത്തും ഘടകവിരുദ്ധമായ തീരുമാനമാണ് ജാനുവിന്റേത്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലും സികെ ജാനു പരാജയപ്പെടും.

നേരത്തേയും സികെ ജാനു ബിജെപിക്കൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് അത് ജാനു നിഷേധിച്ചെങ്കിലും വീണ്ടും ജാനുവിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കുമ്മനം നടത്തുന്നത് ഇവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.

ഇടത്-വലത് മുന്നണികള്‍ തന്നെ അംഗീകരിച്ചിട്ടില്ലെന്നും ബിജെപിയാണ് തനിക്ക് അംഗീകാരം നല്‍കിയതെന്നുമാണ് ജാനുവിന്റെ വിശദീകരണം. ഇതിനെ വ്യക്തിപരമായ പരാമര്‍ശം മാത്രമായാണ് കാണാന്‍ കഴിയുക. തന്റെ നിലപാടുകള്‍ ബിജെപിക്ക് മുന്നില്‍ അടിയറവ് വെക്കുന്നതാണ് ജാനുവിന്റെ തീരുമാനം. ആദിവാസി ഗോത്രമഹാസഭ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കുന്നില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.