വരള്‍ച്ച: സൂര്യാതപമേറ്റവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നതിനെ തുടര്‍ന്ന് അടിയന്തര നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് സൂര്യാതാപമേറ്റ് മരിച്ചവരുടെ...

വരള്‍ച്ച: സൂര്യാതപമേറ്റവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം

drought

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നതിനെ തുടര്‍ന്ന് അടിയന്തര നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് സൂര്യാതാപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗരേഖ വരുന്നതിന് മുമ്പ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ധനസഹായം ലഭിക്കും. ജലക്ഷാമം നേരിടുന്ന 14 ജില്ലകളിലും ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പാലക്കാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍.

കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി നിലവിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. സൂര്യാഘാതമേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും.

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കും. ഇതിനായി ആറ് ജില്ലകളില്‍ നിന്നുള്ള ജിയോളജിസ്റ്റുകളെ കാസര്‍ക്കോടേക്ക് അയക്കും. പാലക്കാട് മലമ്പുഴ ഡാമിലെ വെള്ളം കുടിവെള്ളത്തിനായി മാത്രം ഉപയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.

വിവിധ ജില്ലകളിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.

Story by
Read More >>