താനൂരില്‍ കാറ്റ് മാറി വീശുമെന്ന് പ്രതീക്ഷയില്‍ ഇടത്, ഭൂരിപക്ഷം കൂട്ടാനുള്ള മത്സരമെന്ന് യുഡിഎഫ്

മലപ്പുറം: താനൂരില്‍ ഇത്തവണ കാറ്റ് മാറി വീശുമോയെന്ന് എന്ന ഒരു പ്രതീക്ഷ ഇടത്മുന്നണിക്ക് വന്നിട്ടുണ്ട്. അത്തരമൊരു ആശങ്ക യു ഡി എഫ് കേന്ദ്രങ്ങളിലും...

താനൂരില്‍ കാറ്റ് മാറി വീശുമെന്ന് പ്രതീക്ഷയില്‍ ഇടത്, ഭൂരിപക്ഷം കൂട്ടാനുള്ള മത്സരമെന്ന് യുഡിഎഫ്

thanoor

മലപ്പുറം: താനൂരില്‍ ഇത്തവണ കാറ്റ് മാറി വീശുമോയെന്ന് എന്ന ഒരു പ്രതീക്ഷ ഇടത്മുന്നണിക്ക് വന്നിട്ടുണ്ട്. അത്തരമൊരു ആശങ്ക യു ഡി എഫ് കേന്ദ്രങ്ങളിലും ഇല്ലാതില്ല. താനൂരിലെ തീപാറുന്ന മത്സരം കയ്യാങ്കളിയിലേക്കും കഴിഞ്ഞ ദിവസം മാറി. എന്നാല്‍ ചരിത്രം നോക്കിയാലും കണക്കുകള്‍ നോക്കിയാലും താനൂരില്‍ ലീഗിന് ആശങ്കപ്പെടേണ്ടതില്ല.

മുസ്ലീംലീഗിന് അത്രയും സുരക്ഷിതമായ മണ്ഡലമാണ് താനൂര്‍. ലീഗിലെ സിറ്റിങ്ങ് എം എല്‍ എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ നേരിടുന്നത് മുന്‍ കെ പി സി സി അംഗമായ വി അബ്ദുറഹ്മാനാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ച വി അബ്ദുറഹ്മാന്‍ ഇടതു സ്വതന്ത്രനായാണ് മത്സരിക്കുന്നത്. 2011 ല്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി രണ്ടാമത്തെ മത്സരം ജയിച്ചത് 9433 വോട്ടിനായിരുന്നു.


എന്നാല്‍ ലോകസഭയിലേക്ക് മത്സരിച്ച വി അബ്ദുറഹ്മാന്‍ ഈ ഭൂരിപക്ഷം 6220 ആക്കി കുറച്ചു. മുന്‍ കോണ്‍ഗ്രസുകാരനായ അബ്ദുറഹ്മാന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രഹസ്യ പിന്തുണയും ലഭിക്കുന്നുണ്ടെന്നത് യു ഡി എഫ് ക്യാമ്പിന് ആശങ്കയും എല്‍ ഡി എഫിന് പ്രതീക്ഷയും നല്‍കുന്ന കാര്യങ്ങളാണ്.

താനൂര്‍ നഗരസഭയും പൊന്‍മുണ്ടം, ചെറിയമുണ്ടം,ഒഴൂര്‍,താനാളൂര്‍,നിറമരുതൂര്‍, ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. പുതുതായി രൂപം കൊണ്ട നഗരസഭയിലും പൊന്‍മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലും മുസ്ലീംലീഗ് തനിച്ചാണ് ഭരണം നടത്തുന്നത്. താനാളൂര്‍, ഒഴൂര്‍, നിറമരുത് പഞ്ചായത്തുകള്‍ എല്‍ ഡി എഫിനൊപ്പമാണ്.ഒഴൂരില്‍ കോണ്‍ഗ്രസ് പിന്തുണയിലാണ് സി പി എം ഭരണം.

ഔദോഗിക പ്രചരണം വരുംമുമ്പെ അബ്ദുറഹ്മാന്റെ പ്രചരണം തുടങ്ങിയിരുന്നു. യു ഡി എഫും ആദ്യത്തെ ആലസ്യം വിട്ട് പ്രചരണത്തില്‍ ഒപ്പമെത്തി. മുന്‍ കോണ്‍ഗ്രസുകാരനായ സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ യു ഡി എഫ് വോട്ടുകള്‍ നേടുന്നതിലൂടെ ഒരു അട്ടിമറി വിജയമാണ് എല്‍ ഡി എഫ് സ്വപ്‌നം കാണുന്നത്. എന്നാല്‍ താനൂരില്‍ കഴിഞ്ഞ തവണ നിയമസഭയിലേക്ക് ലഭിച്ചതിലും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ഇടത് മുന്നണി അട്ടിമറി വിജയം നേടുമെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും യു ഡി എഫ് ക്യാമ്പുകള്‍ പറയുന്നു.
താനൂരില്‍ രണ്ട് അബ്ദുറഹ്മാന്‍മാരെ കൂടാതെ ചെറുപാര്‍ട്ടികളും ബിജെപിയും മത്സരത്തിനുണ്ട്.

പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ആര്‍ രശ്മില്‍നാഥാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. വോട്ടര്‍മാരെ മുഖാമുഖം കണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഷ്‌റഫ് വൈലത്തൂരും എസ്. ഡി. പി. ഐക്കു വേണ്ടി കെ കെ അബ്ദുള്‍ മജീദ് ഖാസിമിയും രംഗത്തുണ്ട്. ജില്ലയില്‍ സീറ്റ് നിലനിര്‍ത്താന്‍ ലീഗും പിടിച്ചെടുക്കാന്‍ ഇടതും കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് താനൂര്‍