പേരാവൂരില്‍ ഒപ്പത്തിനൊപ്പമാണ് പോരാട്ടം

കണ്ണൂര്‍: പേരാവൂരില്‍ സിറ്റിങ്ങ് എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫ്  സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ  കെ കെ ശൈലജയില്‍...

പേരാവൂരില്‍ ഒപ്പത്തിനൊപ്പമാണ് പോരാട്ടം

election

കണ്ണൂര്‍: പേരാവൂരില്‍ സിറ്റിങ്ങ് എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫ്  സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ  കെ കെ ശൈലജയില്‍ നിന്നു കടുത്ത മത്സരത്തിന് നേരത്തെ ഒരുങ്ങിയതായിരുന്നു. ശൈലജക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുമരെഴുത്തും പോസ്റ്റര്‍ ഒട്ടിച്ചും പ്രചരണം തുടങ്ങിയതാണ്. പക്ഷെ ഒടുവില്‍ സണ്ണിയെ നേരിടാന്‍ എത്തിയത് സി പിഎം ഏരിയ സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായ ബിനോയ്കുര്യനാണ്  ഇതോടെ മത്സരം ആദ്യം പ്രതീക്ഷിച്ചതിനെക്കാള്‍ കടുത്തതായി എന്ന് യു ഡി എഫ് തന്നെ സമ്മതിക്കും .


രൂപികരണ കാലഘട്ടം മുതല്‍ യു ഡി എഫിനോട് കൂറുപുലര്‍ത്തുന്ന മണ്ഡലം ഇക്കുറി തിരിച്ചു പിടിക്കുമെന്നുള്ള ദ്യഡ നിശ്ചയത്തിലാണ് എല്‍ ഡി എഫ്. യുവ പോരാളിയായ ബിനോയ് കുര്യന്‍ മണ്ഡലത്തെ ഇടത്തോട്ടു നയിക്കുമെന്ന് എല്‍ ഡി എഫ് അവകാശപ്പെടുമ്പോള്‍ തികഞ്ഞ ആവേശവും ആത്മവിശ്വാസവുമാണ് യു ഡി എഫ് കേന്ദ്രങ്ങളില്‍ ഉള്ളത്. കോണ്‍ഗ്രസ് ഗ്രൂപ്പുകളിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ മുന്‍ കേളകം പഞ്ചായത്ത്  പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പൈലി വാത്യട്ടാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.
1977 ല്‍ രൂപീക്യതമായ മണ്ഡലം 1996 വരെ യു ഡി എഫിന്റെ കുത്തകയായിരുന്നു. കോണ്‍ഗ്രസിലെ കെ പി നൂറുദ്ദീന്‍ അഞ്ചു തവണ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത മണ്ഡലമാണിത്. 1996 ല്‍ കോണ്‍ഗ്രസ് എസിലെ കെ ടി കുഞ്ഞഹമ്മദും 2006 ല്‍ സി പി എമ്മിലെ കെ കെ ശൈലജയും വിജയിച്ചു. കഴിഞ്ഞ നിമസഭ തെരഞ്ഞെടുപ്പില്‍ 3440 വോട്ടാണ് യു ഡി എഫിന് ഉണ്ടായിരുന്നതെങ്കിലും ലോകസഭ തെരഞ്ഞെടുപ്പില്‍ അത് 8209 ആയി ഉയര്‍ന്നിരുന്നു.

കണിച്ചാര്‍, കൊട്ടിയൂര്‍, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം. ഇരിട്ടി നഗരസഭയും പായം, പേരാവൂര്‍,കേളകം, മുഴക്കുന്ന് പഞ്ചായത്തുകളില്‍ എല്‍ ഡി എഫുമാണ് ഭരിക്കുന്നത്. ഇരിട്ടി നഗരസഭയില്‍ സാങ്കേതികമായ എല്‍ ഡി എഫിന് ഭൂരിപക്ഷമില്ല. യു ഡി എഫിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഭരണം കൈവിടാന്‍ കാരണം.
രണ്ടാം തവണയാണ് സണ്ണി ജോസഫ് മത്സരിക്കുന്നത്. 2011 ല്‍ കെ കെ ശൈലജയെ 3034 വോട്ടിനാണ് തോല്‍പ്പിച്ചത്. കോഴിക്കോട് ഗവ. ലാ കോളേജില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കിയ സണ്ണി ജോസഫ് ഏറെക്കാലം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും യു ഡി എഫ് ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടിയ ബിനോയ് കുര്യന്‍ നിലവില്‍ സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയാണ്. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് സണ്ണി ജോസഫ് വോട്ട് ചോദിക്കുന്നത്, ഇരിട്ടി താലൂക്ക് രൂപികരണം തുടങ്ങിയവ നേട്ടങ്ങളുടെ പട്ടികയില്‍ സണ്ണി ജോസഫ് ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ കാര്യമായ വികസന നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് എല്‍ ഡി എഫ് പ്രചരണ വിഷയമാക്കുന്നത്. മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്ന് യു ഡി എഫ് വോട്ടുകള്‍ മറിക്കാന്‍ സാധിച്ചാല്‍ വിജയിക്കാന്‍ കഴിയുമോ എന്നതാണ് എല്‍ ഡി എഫിന്റെ നോട്ടം. കേളകം പഞ്ചായത്ത്  മുന്‍ പ്രസിഡന്റ് പൈലി വാത്യാട്ട് കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന പ്രതീക്ഷ ബി ജെ പിക്കും ഉണ്ട്.