നിയമസഭാ തിരഞ്ഞെടുപ്പ്; ക്ഷേത്രനഗരി ആര്‍ക്കൊപ്പമാകും ?

ചാവക്കാട് മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുകയെന്നത് മുസ്ലീംലീഗിന്റെ അഭിമാന പ്രശ്‌നമാണ്.

നിയമസഭാ തിരഞ്ഞെടുപ്പ്; ക്ഷേത്രനഗരി ആര്‍ക്കൊപ്പമാകും ?

guruvayoor

തൃശൂര്‍: ചാവക്കാട് മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുകയെന്നത് മുസ്ലീംലീഗിന്റെ അഭിമാന പ്രശ്‌നമാണ്. തുടര്‍ച്ചയായി കയ്യിലിരുന്ന മണ്ഡലം കൈവിട്ടു പോയ ശേഷം പിന്നീട് വീണ്ടെടുത്തെങ്കിലും തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. രണ്ടു തവണ സിപിഎം തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലം തിരിച്ചു പിടിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുന്നത്  അഡ്വ.പി എം സാദിഖലിയാണ്.

മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം .എസ് എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ സാദിഖലി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റു വരെയായി. ബഹുമുഖ പ്രതിഭയായ സാദിഖലി അഭിഭാഷകനും ചീത്രകാരനും കാര്‍ട്ടൂണിസ്റ്റും കൂടിയാണ്. ചാവക്കാട് മണ്ഡലം പതിനേഴ് വര്‍ഷം മുസ്ലീംലീഗിന്റെ കൈകളിലായിരുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ലീഗില്‍ നിന്നും ഇബ്രാഹിം സുലൈമാന്‍ സേട്ട് രാജിവെച്ചു പുറത്തു പോയി. പിന്നീട് ഐ എന്‍ എല്‍ രൂപികരിക്കുകയും ചെയ്തപ്പോള്‍ 91 ലെ സിറ്റിങ്ങ് എം .എല്‍.എയായിരുന്ന എ പി എം അബുബക്കര്‍ എം എല്‍ എ പദവി രാജി വെക്കുകയും ഐ.എന്‍.എല്ലിലേക്ക് മാറുകയും ചെയ്തു. 94 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് ലീഗിലെ അബ്ദുസമദ് സമദാനിയെ തോല്‍പ്പിച്ചു.


പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പിലും പി ടി കുഞ്ഞുമുഹമ്മദ് തന്നെ വിജയിച്ചു. 2001 ല്‍ പി.കെ.കെ ബാവയിലൂടെ ലീഗ് മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും 2006 ലും 2011 ലും സി പി എമ്മിലെ കെ വി അബ്ദുള്‍ ഖാദറാണ് ചാവക്കാട് നിന്നും വിജയിച്ചത്. പത്തു വര്‍ഷം എം എല്‍ എയായിരുന്ന അബ്ദുള്‍ഖാദര്‍ മണ്ഡലം ഇടതിനൊപ്പം നിലനിര്‍ത്താനാണ് മൂന്നാമങ്കത്തിന് ഇറങ്ങിയിരിക്കുന്നത്.

വികസന നേട്ടങ്ങള്‍ക്കൊപ്പം യു ഡി എഫിലെ ഗ്രൂപ്പുപോരിലും എല്‍ ഡി എഫിനു പ്രതീക്ഷയുണ്ട്. വടക്കെക്കാട് പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലും കോണ്‍ഗ്രസ് ചേരിതിരിഞ്ഞ് പോരാട്ടത്തിലാണ്.

എന്നാല്‍ മണ്ഡലം വികസനത്തില്‍ പിന്നിലായി എന്നതാണ് യു ഡി എഫിന്റെ പ്രധാന പ്രചരണം. ചാവക്കാട് നഗരസഭയിലും ഏങ്ങണ്ടിയൂര്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലും ഭൂരിപക്ഷം എല്‍ ഡി എഫിനാണ്. കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമാണ്.സ്വതന്ത്രന്‍മാരുടെ പിന്തുണയിലാണ് ഗുരുവായൂര്‍ എല്‍ഡിഎഫ് ഭരിക്കുന്നതെങ്കില്‍ വടക്കെക്കാട് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഇടത് ഭരണം. ഭരണം തിരിച്ചു പിടിക്കാന്‍ യു ഡി എഫും നിലനിര്‍ത്താന്‍ എല്‍ ഡി എഫും പോരാടുമ്പോള്‍ ശക്തി തെളിയിക്കാന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിവേദിത സുബ്രമണ്യനും ഒപ്പത്തിനൊപ്പമുണ്ട്.