പൊന്നാനി തീരം എങ്ങോട്ട് തിരിയും ?

മലപ്പുറം: പൊന്നാനി തീരത്ത് ഇത്തവണ ആരു കാലുറപ്പിക്കുമെന്ന് പറയാന്‍ കഴിയാത്ത വിധത്തിലുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്. പൊന്നാനി തീരത്തെ പുറമെ കാണുന്ന...

പൊന്നാനി തീരം എങ്ങോട്ട് തിരിയും ?

election

മലപ്പുറം: പൊന്നാനി തീരത്ത് ഇത്തവണ ആരു കാലുറപ്പിക്കുമെന്ന് പറയാന്‍ കഴിയാത്ത വിധത്തിലുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്. പൊന്നാനി തീരത്തെ പുറമെ കാണുന്ന തിരമാലകളല്ല അടിയൊഴുക്കുകളായിരിക്കും ഫലം നിര്‍ണയിക്കുകയെന്ന് മനസിലാക്കി കൊണ്ടു തന്നെ വീറും വാശിയുമുള്ള മത്സരമാണ് മുന്നണികള്‍ കാഴ്ച്ചവെക്കുന്നത്. മൂന്നാം തവണയും വിജയിക്കുമെന്ന ശുഭപ്രതീക്ഷയാണ് പി ശ്രീരാമക്യഷ്ണനും ഇടതുമുന്നണിയും പൊന്നാനിയില്‍ പുലര്‍ത്തുന്നത്.


എന്നാല്‍ ശ്രീരാമക്യഷ്ണനോട് രണ്ട് തവണ തുടര്‍ച്ചയായി തോല്‍ക്കുന്നത് കെപിസിസി സെക്രട്ടറി കൂടിയായ അജയമോഹന് രാഷ്ട്രീയത്തില്‍ തിരിച്ചടി ഉണ്ടാക്കുമെന്നതിനാല്‍ മണ്ഡലം പിടിച്ചെടുക്കുന്നതിനുള്ള മത്സരമാണ് യുഡിഎഫ് കാഴ്ച്ച വെക്കുന്നത്. കഴിഞ്ഞ തവണത്തെ വിഭാഗീയത പ്രശ്നങ്ങള്‍ ഇത്തവണ ഇല്ലെന്നതും ഇരു മുന്നണികളേയും മാറിമാറി തുണക്കുന്ന ചരിത്രം പൊന്നാനിക്കുണ്ടെന്നതും അജയമോഹന് പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ തവണ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പൊന്നാനിയില്‍ നിന്ന് പി ശ്രീരാമക്യഷ്ണന്‍ വിജയിച്ചത്. അന്ന് പിഡിപിയുടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും പിന്തുണ ശ്രീരാമക്യഷ്ണനാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ അവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ഇടത് വോട്ടുകള്‍ കുറക്കുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. പിഡിപിയും ശക്തമായി തന്നെ തങ്ങളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ മത്സര രംഗത്തുണ്ട്. ഇത് രണ്ട് മുന്നണികളേയും ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ കഴിഞ്ഞ തവണ നിയമസഭയില്‍ ഉണ്ടായിരുന്ന 4101 വോട്ട് ലോകസഭയായപ്പോഴേക്കും 7658 വോട്ടാക്കി ഉയര്‍ത്താന്‍ കഴിഞ്ഞെന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പൊന്നാനി നഗരസഭയും രണ്ട് പഞ്ചായത്തുകളും എല്‍ഡിഎഫാണ് ഭരിക്കുന്നത്. മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫിനുമുണ്ട്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊന്നാനി നഗരസഭയില്‍ മാത്രം ആറായിരത്തോളം വോട്ടിന്റെ  ലീഡ് എല്‍ഡിഎഫിനുണ്ട്.

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളില്‍ ഒന്നാണിത്. കോണ്‍ഗ്രസ്, ലീഗ്,  സിപിഐ(എം) അംഗങ്ങളെ നിയമസഭയിലെത്തിച്ച പൊന്നാനിയില്‍ ഒരു പാര്‍ട്ടിക്കും പ്രത്യേക മേധാവിത്വം അവകാശപ്പെടാനില്ലെന്നതാണ് സ്ഥിതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ(എം)ആണ് ഇടതുപക്ഷത്ത് നിന്ന് ഇവിടെ നിന്ന് മത്സരിക്കാറുള്ളത്. സിപിഐ(എം)ല്‍ നിന്ന് പാലൊളി മുഹമ്മദ്ക്കുട്ടി രണ്ട് തവണയും ഇ കെ ഇമ്പിച്ചിബാവ ഒരു തവണയും വിജയിച്ചിട്ടുണ്ട്. രണ്ടു തവണ ഇമ്പിച്ചിബാവക്ക് തോല്‍വിയും ഇവിടെ നിന്ന് സമ്മതിക്കേണ്ടി വന്നു. ടി. കെ ഹംസയും പൊന്നാനിയില്‍ തോറ്റിറ്റുണ്ട്.  കോണ്‍ഗ്രസിലെ എം പി ഗംഗാധരന്‍ മൂന്നുതവണ പൊന്നാനിയില്‍ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. കുഞ്ഞമ്പു, കുഞ്ഞന്‍, വി പി സി തങ്ങള്‍, കെ. ജി കരുണാകരമേനോന്‍, എം.വി ഹൈദ്രോസ് ഹാജി, കെ. ശ്രീധരന്‍, പി ടി മോഹനക്യഷ്ണന്‍ തുടങ്ങിയവരെല്ലാം പൊന്നാനിയില്‍ നിന്ന് നിയമസഭയിലെത്തിയവരാണ്.

വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് ശ്രീരാമക്യഷ്ണന്‍ വീണ്ടും വോട്ട് ചോദിച്ചെത്തുന്നത്. മണ്ഡലത്തില്‍ എങ്ങും സുപരിചിതനായ ശ്രീരാമക്യഷ്ണന്‍ നേരത്തെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയതിനാല്‍  പ്രചരണം നേരത്തെ തുടങ്ങിയിരുന്നു. പൊന്നാനി കാര്‍ഗോ തുറമുഖം, നിളാ പൈതൃക പദ്ധതി, കോള്‍മേഖലയിലെ വികസനം എന്നിവയാണ് എല്‍ഡിഎഫ് ഉയര്‍ത്തികാട്ടുന്നത്. പൊന്നാനി തളരുന്നു വികസനമില്ലാതെ എന്ന മുദ്രവാക്യത്തിലാണ് യുഡിഎഫ് പ്രചരണം.

ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കെ കെ സുരേന്ദ്രനാണ് രംഗത്തുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 5680 വോട്ടാണ് ഇവിടെ ബിജെ പി നേടിയത്. പാര്‍ട്ടി വോട്ടുകള്‍ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനാണ് ബിജെപിയുടെ പോരാട്ടം.