ഭൂമി വീണ്ടുമൊരു ഭൂകമ്പകാലത്തിന്റെ പിടിയിലേക്കോ? ലോകം അമ്പരപ്പില്‍

ഇക്വഡോറില്‍ റിച്ചര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 77 പേര്‍ ഇതുവരെ മരണമടഞ്ഞു കഴിഞ്ഞു. ഇവിടെ സുനാമി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്....

ഭൂമി വീണ്ടുമൊരു ഭൂകമ്പകാലത്തിന്റെ പിടിയിലേക്കോ? ലോകം അമ്പരപ്പില്‍

ecuador-earthquake-3
ഇക്വഡോറില്‍ റിച്ചര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 77 പേര്‍ ഇതുവരെ മരണമടഞ്ഞു കഴിഞ്ഞു. ഇവിടെ സുനാമി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. വടക്ക്, കിഴക്ക് ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അടുത്തിയിടെ നടന്ന ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതോടെ ലോകമെങ്ങുമുള്ള ജിയോഫിസിസ്റ്റുകള്‍ ഒരാശങ്ക ഉയര്‍ത്തിയിരിക്കുന്നു: ഭൂമി വീണ്ടുമൊരു ഭൂകമ്പകാലത്തേക്കോ? അവരുടെ അഭിപ്രായത്തില്‍ ലോകത്തെ ചില ഹൈ റിസ്‌ക് സോണുുകളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, അടുത്തിടെ ഉണ്ടായ ശക്തമായ ഭൂകമ്പ പരമ്പര അത്തരം ചില സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശാസ്ത്രലോകം, 'ഭൂമി വീണ്ടുമൊരു ഭൂകമ്പകാലത്തിന്റെ പിടിയിലോ' എന്ന ചോദ്യം ഉന്നയിച്ചുകഴിഞ്ഞു.


കഴിഞ്ഞ മാസത്തിനുള്ളില്‍ത്തന്നെ അസാധാരണമായ വിധത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളും ഭൂകമ്പത്തിനിരയായി. ചിലയിടങ്ങളില്‍ അവ ശക്തവുമായിരുന്നു. ഇക്വഡോര്‍, ജപ്പാന്‍, അഫ്ഗാന്‍-ഹിന്ദുക്കുഷ് മേഖല, ഇന്‍ഡോനേഷ്യ, മ്യാന്‍മാര്‍ എന്നിവിടങ്ങളിലെല്ലാം ഭൂകമ്പം നാശം വിതച്ചു. ചിലര്‍ ഇതില്‍ യാദ്യശ്ചികത മാത്രം കാണുമ്പോള്‍ ഭൂരിഭാഗം പേരും അങ്ങനെയല്ല. ഒന്നിനുപുറകെ ഒന്നായി ഇത്തരത്തില്‍ ഭൂകമ്പങ്ങളുണ്ടാകുന്നതുകൊണ്ട് ഒരു ഭൂകമ്പകാലമല്ലേ വരാനിരിക്കുന്നത് എന്നതാണ് അവര്‍ സംശയിക്കുന്നത്. ഭൂകമ്പ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക എന്നത് ഇപ്പോഴും അത്രയെളുപ്പമല്ലാത്ത സാഹചര്യമാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ അളവും (Magnitude), ദൈര്‍ഘ്യവും (Freqency) താരതമ്യേനെ അത്ര തീവ്രമല്ല, എങ്കില്‍പ്പോലും ചില മേഖലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

"ഭൂമി ഒരു ഭൂകമ്പകാലത്തേക്കാണോ പോകുന്നതെന്ന് അത്ര എളുപ്പത്തില്‍ പറയുക എളുപ്പമല്ലെ"ന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയിലെ ജിയോഫിസിസ്റ്റ് റാന്‍ഡി ബാല്‍ഡ്‌വിന്‍ ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവയോട് വ്യക്തമാക്കിയത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ 60 വര്‍ഷങ്ങളിലാണ് ഭൂമിയില്‍ ഇതുപോലെ ഭൂകമ്പങ്ങളുടെ ഒരു പരമ്പരക്കാലം ഉണ്ടായിരുന്നത്. റിച്ചര്‍ സ്‌കെയിലില്‍ 8.5-നു മുകളില്‍ രേഖപ്പെടുത്തിയ ഏഴ് ഭൂകമ്പങ്ങളാണ് ആ കാലഘട്ടത്തില്‍ ഉണ്ടായത്. അതിനടുത്ത 40 വര്‍ഷമാകട്ടെ, വലിയ ഭൂകമ്പങ്ങളൊന്നും ഉണ്ടായതുമില്ല.

"ഭൂകമ്പ സാധ്യത കൂടിയ മേഖലകളായി പരിഗണിക്കുന്ന സ്ഥലങ്ങളില്‍ ഏതുനിമിഷവും ശക്തമായ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിവിധ സോണുകളിലുള്ള ഭൂകമ്പങ്ങള്‍ തമ്മില്‍ എന്തെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിണ്ടോ എന്നതിന്റെ സൂചനകള്‍ ഇല്ലെ"ന്നും ബാല്‍ഡ്‌വിന്‍ വ്യക്തമാക്കി.

ഭൂകമ്പത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ചും ഈ മേഖലയിലെ വിദഗ്ധര്‍ തമ്മില്‍ വിരുദ്ധാഭിപ്രായങ്ങളുണ്ട്. ജപ്പാന്റേയും ഇന്‍ഡോനേഷ്യയുടേയും ഭൂമിശാസ്ത്രപരമായ കിടപ്പ്  Circum-Pacific Seismic Belt-ലാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള തുടര്‍ച്ചയായ ചലനങ്ങള്‍ ഉണ്ടാകുന്നതെന്ന് അവരില്‍ ഒരുവിഭാഗം പറയുന്നു. യു.എസ് പസഫിക് തീരം, ചൈനയിലെ തയ്‌വാന്‍, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ് എന്നിങ്ങനെ പരന്നുകിടക്കുന്നതാണ് ഈ ബെല്‍റ്റ്- ദി പസഫിക് റിംഗ് ഓഫ് ഫയര്‍ എന്നാണ് പേര്.