ബീഫ്: എതിര്‍ക്കുന്നത് ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത ഭക്ഷണമായതിനാലെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: ബീഫ് കഴിക്കുന്നത് ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത്...

ബീഫ്: എതിര്‍ക്കുന്നത് ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത ഭക്ഷണമായതിനാലെന്ന് ബിജെപി നേതാവ്

rahul-sinha

കൊല്‍ക്കത്ത: ബീഫ് കഴിക്കുന്നത് ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും രാഹുല്‍ സിന്‍ഹ പറയുന്നു.

പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ സിന്‍ഹ. ഇനി ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് പറയുന്നതിനുള്ള ഇദ്ദേഹത്തിന്റെ കാരണങ്ങള്‍ കേള്‍ക്കുക,

'ഭക്ഷണരീതികള്‍ ആളുകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. പക്ഷേ, ബീഫ് കഴിക്കുന്നത് ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. പക്ഷേ, ചില മുസ്ലീങ്ങള്‍ ബീഫ് കഴിക്കുന്നുണ്ട്.  അതില്‍ ഞങ്ങള്‍ ഇടപെടുന്നില്ല'!.


ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന സിപിഐ(എം)നെയും കോണ്‍ഗ്രസിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നാണ് രാഹുല്‍ സിന്‍ഹ പറയുന്നത്.

മുസ്ലീങ്ങളെ കുറിച്ചുള്ള രാഹുല്‍ സിന്‍ഹയുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ,

'ചില' മുസ്ലീങ്ങള്‍ പാകിസ്ഥാന്‍ അനുകൂലികളാണെന്നും രാഹുല്‍ സിന്‍ഹ പറയുന്നു. ഇന്ത്യയിലെ ചില മുസ്ലീങ്ങള്‍ പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്നവരാണെന്നും സ്ഥാനാര്‍ത്ഥി പറയുന്നു. 'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരിത്തില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ ആരാണ് പാകിസ്ഥാന്‍ പതാക ഉയര്‍ത്തുക? ഇവിടെയുള്ള പല മുസ്ലീം തെരുവുകളിലും ഇങ്ങനെ സംഭവിക്കുന്നുണ്ട്. എല്ലാ മുസ്ലീങ്ങളും പാകിസ്ഥാന്‍ അനുഭാവികളല്ല, പക്ഷേ, ചിലര്‍ പാകിസ്ഥാന്‍ അനുഭാവികളാണ്'. ഇങ്ങനെ നീളുന്നു നേതാവിന്റെ സംഭാഷണം.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മുസ്ലീം വോട്ടുകള്‍ ബിജെപി നേടുമെന്നാണ് ഇദ്ദേഹം പറയുന്നത്. മുസ്ലീങ്ങളുടെ കണ്ണ് തുറന്നു. മോഡി അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങളെ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ അയക്കുമെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. മാത്രമല്ല, ബിജെപി സര്‍ക്കാര്‍ മുസ്ലീം ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്നും പ്രചരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം വ്യാജ പ്രചരണങ്ങളായിരുന്നെന്ന് മുസ്ലീങ്ങള്‍ തിരിച്ചറിഞ്ഞെന്നും രാഹുല്‍ സിന്‍ഹ പറയുന്നു.

ഇത്തവണ ബിജെപി പശ്ചിമ ബംഗാളിലും കേരളത്തിലും ഏറ്റവും കൂടുതല്‍ സീറ്റ് നേടുമെന്നും അദ്ദേഹം  പ്രതീക്ഷ പ്രകടിപ്പിച്ചു.

നാരദാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ സിന്‍ഹ ബീഫ് കഴിക്കുന്നതിനെ കുറിച്ചും മുസ്ലീങ്ങളെ കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കിയത്.