പിണറായിയുടെ മത്സരം തട്ടകത്ത് ഭൂരിപക്ഷം കൂട്ടാന്‍, അട്ടിമറി മോഹിച്ച് യു ഡി എഫും

കണ്ണൂര്‍: ധര്‍മ്മടത്ത് ഇടതുമുന്നണി മത്സരിക്കുന്നത് കേവലമൊരു ജയത്തിനല്ല, ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന...

പിണറായിയുടെ മത്സരം തട്ടകത്ത് ഭൂരിപക്ഷം കൂട്ടാന്‍, അട്ടിമറി മോഹിച്ച് യു ഡി എഫും

pinarayi-vijayan

കണ്ണൂര്‍: ധര്‍മ്മടത്ത് ഇടതുമുന്നണി മത്സരിക്കുന്നത് കേവലമൊരു ജയത്തിനല്ല, ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിലേക്ക് നയിക്കാനാണ്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണഎല്‍.ഡി എഫിന് ലഭിച്ച ആറു സീറ്റുകളില്‍ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച മണ്ഡലം കൂടിയാണ് ധര്‍മ്മടം. 25000ത്തിനു മേല്‍ ഭൂരിപക്ഷം ലഭിച്ച പയ്യന്നൂര്‍, തളിപ്പറമ്പ്,കല്യാശേരി, തലശേരി, മട്ടന്നൂര്‍ വെച്ചു നോക്കുമ്പോള്‍ ധര്‍മടത്ത് 15162 വോട്ട് മാത്രായിരുന്നു ഭൂരിപക്ഷം. അതു കൊണ്ട് തന്നെ ധര്‍മ്മടത്ത് പിണറായിക്ക് ഇത്തവണ ജയിച്ചാല്‍ പോരാ, ഭൂരിപക്ഷം 25000 ത്തിനു മുകളില്‍ കൊണ്ടു വരണം. പക്ഷെ ഭൂരിപക്ഷം കൂട്ടാനുള്ള മത്സരമാണ് ധര്‍മ്മടത്ത് നടക്കുന്നതെന്ന് സിപിഎം പറയുമ്പോഴും അവിടെ നടക്കുന്നത് കടുത്ത പോരാട്ടമാണ്. വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മമ്പുറം ദിവാകരന്‍ പോരിനിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിയതമായി വൈകിയതിന്റെ പേരില്‍ മമ്പുറം ദിവാകരന് പാര്‍ട്ടി ചിഹ്നം ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് ബാറ്റ് ചിഹ്നത്തില്‍ മത്സരിച്ച സിപിഎമ്മിലെ കെ കെ നാരയണന്‍ മാസ്റ്ററോട് കടുത്ത പോരാട്ടം കാഴ്ച്ചവെച്ചാണ് ദിവാകരന്‍ ഔട്ടായത്. ഇത്തവണയും മമ്പുറം ദിവാകരന്‍ തന്നെ സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ ശക്തമായ മത്സരം കാഴ്ച്ച വെക്കാനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.


2011 ലാണ് ധര്‍മ്മടം മണ്ഡലം രൂപികരിക്കപ്പെട്ടത്. ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ 15162 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്നത് ലോകസഭയിലേക്ക് പിന്നേയും നേരിയ തോതില്‍ കുറഞ്ഞു. ഭൂരിപക്ഷം 14961 ആയി .എന്നാല്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തിലെ കടമ്പൂര്‍ പഞ്ചായത്തില്‍ മാത്രമാണ് യു ഡി എഫ് ഭരണം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ യു ഡി എഫി ന് ഒന്നുമില്ലാതായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഇടതു ഭരണത്തിലായി. ഇതുവരെ പ്രതിപക്ഷമില്ലാതിരുന്ന പിണറായി പഞ്ചായത്തില്‍ യു ഡി എഫിന് ഒരു സീറ്റ് നേടാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് നേട്ടം.
കൂത്തുപറമ്പില്‍ നിന്ന് മൂന്ന് തവണയും പയ്യന്നൂരില്‍ നിന്ന് ഒരു തവണയും നിയമസഭയിലെത്തിയ പിണറായിയുടെ അഞ്ചാം മത്സരമാണിത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പ് തന്നെ പിണറായി വിജയന്‍ മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ഇടതുനേതാക്കളും ഇവിടെ പ്രചരണം നടത്തി കഴിഞ്ഞു. മണ്ഡലത്തിലെ താമസക്കാരനും ഇന്ദിരഗാന്ധി ആശുപത്രി പ്രസിഡന്റുമാണ് മമ്പുറം ദിവാകരന്‍.
എം എല്‍ എ ഫണ്ട് ഉള്‍പ്പടെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ധൂര്‍ത്തടിച്ചതായുള്ള ആരോപണങ്ങളുമായാണ് യു ഡി എഫ് പ്രചരണത്തിനിറങ്ങുന്നത്. എം. എല്‍.എ ഫണ്ടില്‍ നിന്ന് 5 കോടി രൂപ പിണറായിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനായി മാറ്റി നല്‍കിയതായും അപകടത്തിലായ മമ്പുറം പാലത്തിന് പകരം പാലം നിര്‍മ്മിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല, അഞ്ചരക്കണ്ടി പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറി ആയിരകക്കിന് ഏക്കര്‍ ക്യഷി നശിക്കുന്നതിനെതിരെ നടപടിയെടുത്തില്ല തുടങ്ങിയവയാണ് യു ഡി എഫ് പ്രചരണ വിഷയം. എന്നാല്‍ പുതിയ മൊയ്തു പാലം ഉള്‍പ്പടെ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തങ്ങളാണ് എല്‍. ഡി എഫിന്റെ പ്രചരണം. മുഴുപ്പിലങ്ങാട് ബീച്ചില്‍ ഫിഷ് ലാന്റിങ്ങ് കേന്ദ്രം, പുതിയ റോഡുകള്‍ നിര്‍മ്മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് എല്‍. ഡി. എഫ് ചൂണ്ടികാട്ടുന്നത്. മുഖ്യമന്ത്രിയെ സമ്മാനിക്കുമെന്ന് ഇടതുപക്ഷം കരുതുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷം കൂട്ടാന്‍ ഇടതുമുന്നണി ഒരുങ്ങുമ്പോള്‍ ഒരു അട്ടിമറി ലക്ഷ്യമിട്ടാണ് യു ഡി എഫ് പോരാട്ടം. രണ്ട് മുന്നണികള്‍ക്കും ശക്തമായ മത്സരം സമ്മാനിച്ച് ബി ജെ പിയും ഒപ്പത്തിനൊപ്പമുണ്ട്.