പൂജചെയ്യാനുള്ള യോഗ്യതയുടെ കാര്യത്തില്‍ ശിവഗിരി മഠത്തെ അയോഗ്യരാക്കിയ ദേവസ്വംബോര്‍ഡ് എന്‍.എസ്.എസിന് യോഗ്യത നല്‍കി

താന്ത്രിക കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ജാതിവിവേചനം തുടരുന്നു. പിന്നോക്ക സമുദായക്കാരെ പൂജചെയ്യുന്നതില്‍ നിന്നും ഒഴിവക്കാനുള്ള...

പൂജചെയ്യാനുള്ള യോഗ്യതയുടെ കാര്യത്തില്‍ ശിവഗിരി മഠത്തെ അയോഗ്യരാക്കിയ ദേവസ്വംബോര്‍ഡ് എന്‍.എസ്.എസിന് യോഗ്യത നല്‍കി

34923100

താന്ത്രിക കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ജാതിവിവേചനം തുടരുന്നു. പിന്നോക്ക സമുദായക്കാരെ പൂജചെയ്യുന്നതില്‍ നിന്നും ഒഴിവക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താന്ത്രിക യോഗ്യതയുടെ കാര്യത്തില്‍ വര്‍ക്കല ശിവഗിരി മഠം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ അയോഗ്യരാക്കിയപ്പോള്‍ എന്‍.എസ്.എസിന് അനുമതി നല്‍കിയ ദേവസ്വംബോര്‍ഡ് തീരുമാനം വിവാദമാകുന്നു.

ശിവഗിരി മഠത്തിലെ സര്‍ട്ടിഫിക്കറ്റ് താന്ത്രിക യോഗ്യതയായി നിഷേധിച്ച ദേവസ്വം ബോര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ തന്ത്രവിദ്യാപീഠത്തിന് ദ്രുതഗതിയില്‍ ആരുമറിയാതെ അംഗീകാരം നല്‍കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ നികൃഷ്ടമായ ജാതിവിവേചന നീക്കം നടക്കുന്നത്. നിയമന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍.എസ്.എസിനെ 'ജാതീയ'മായി ദേവസ്വം ബോര്‍ഡ് ഉയര്‍ത്തിയെന്നുള്ളതും ശ്രദ്ധേയമാണ്.


കഴിഞ്ഞ മാര്‍ച്ച് 24നാണ് സംസ്ഥാനത്ത് നിലവിലുള്ള അഞ്ച് ദേവസ്വം ബോര്‍ഡുകളിലെയും നിയമനങ്ങള്‍ക്കായി രൂപീകരിച്ച കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പാര്‍ട്ട് ടൈം ശാന്തി നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പ് തന്നെ എന്‍.എസ്.എസിന് കീഴിലെ ശ്രീപത്മനാഭ തന്ത്ര വിദ്യാപീഠത്തിന്റെ 'തന്ത്രഭൂഷണം' സര്‍ട്ടിഫിക്കറ്റ് ദേവസ്വം ക്ഷേത്രങ്ങളിലെ പൂജാരി നിയമനത്തിനുള്ള യോഗ്യതയായി അംഗീകരിക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഈ സര്‍ട്ടിഫിക്കറ്റ് ശാന്തിനിയമനത്തിനുള്ള യോഗ്യതയായി അംഗീകരിക്കാമെന്ന് ദേവസ്വം കമ്മീഷണര്‍ ശുപാര്‍ശയും ചെയ്തു. മാര്‍ച്ച് 18ന് ഈ ശുപാര്‍ശ ബോര്‍ഡ് യോഗം അംഗീകരിച്ച് ഉത്തരവായി.

തുടര്‍ന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകൃതരുടെ ലിസ്റ്റ് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞാണ് ഈ ലിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നത്. പക്ഷേ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിരവധി അപേക്ഷകര്‍ മുന്‍കാലങ്ങളില്‍ നടന്നതുപോലെ അബ്രാഹ്മണരായ ഗുരുക്കന്മാരില്‍ നിന്ന് ലഭിച്ച പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അംഗീകൃത ലിസ്റ്റിലുള്ള 214 തന്ത്രിമാരില്‍ പറവൂര്‍ രാകേഷ് തന്ത്രി മാത്രമാണ് അബ്രാഹ്മണനായുണ്ടായിരുന്നത്.

ദേവസ്വം ബോര്‍ഡിന്റെ ചരിരതത്തിലാദ്യമായി ഇത്തരത്തില്‍ ഒരു നീക്കം നടക്കുമ്പോള്‍ അതിനുത്തരം പറയേണ്ട ബാധ്യത ബോര്‍ഡിനും അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിനുമുണ്ട്. ബ്രാഹ്മണ- നായര്‍ പൂജാരികള്‍ക്ക് അംഗീകാരം നല്‍കി, മറ്റു സമുദായങ്ങളെ താന്ത്രിക തൊഴിലില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ ബോര്‍ഡിന്റെ തലപ്പത്ത് നിലനില്‍ക്കുന്ന അയിത്തവും മാടമ്പിത്തരവുമാണ് വെളിവാകുന്നത്. ജാതിവ്യവസ്ഥയുടെ കാലം കഴിഞ്ഞുവെന്ന് അഹങ്കരിക്കുന്ന പ്രബുദ്ധ മലയാളികള്‍ ചിന്തിക്കേണ്ട കാര്യമാണ് ഈ ഒരു നീക്കത്തിലൂടെ ദേവസ്വംബോര്‍ഡ് മുന്നില്‍വെച്ചിരിക്കുന്നത്.