നിര്‍ണായക മണ്ഡലങ്ങളില്‍ ബിഡിജെഎസ് കാലുവാരുമെന്ന് ബിജെപിക്ക് ആശങ്ക

ബിജെപിയുടെ ഘടകകക്ഷിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് നിര്‍ണായക മണ്ഡലങ്ങളില്‍ കാലുവാരുമെന്ന് ബിജെപി...

നിര്‍ണായക മണ്ഡലങ്ങളില്‍ ബിഡിജെഎസ് കാലുവാരുമെന്ന് ബിജെപിക്ക് ആശങ്ക

ബിജെപിയുടെ ഘടകകക്ഷിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് നിര്‍ണായക മണ്ഡലങ്ങളില്‍ കാലുവാരുമെന്ന് ബിജെപി നേതൃത്വത്തിന് ആശങ്ക. ഇടതുമുന്നണിയും ഐക്യമുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ബിഡിജെഎസ് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു നല്‍കാതിരിക്കുമെന്ന സൂചനയാണ് നേതൃത്വത്തിനു ലഭിച്ചിട്ടുള്ളത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഈ മണ്ഡലങ്ങളില്‍ യുഡിഎഫിനെ സഹായിക്കാനാണ് ബിഡിജെഎസിന്റെ രഹസ്യനീക്കം.vellappally-kummanam

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പ്രധനാമായും വെള്ളാപ്പള്ളി നടേശനെ ലക്ഷ്യം വയ്ക്കുമെന്നതാണ് ബിഡിജെഎസിനെ കുഴക്കുന്നത്. മൈക്രാഫിനാന്‍സ് തട്ടിപ്പ് കേസിലുള്‍പ്പെടെ വെള്ളാപ്പള്ളിക്കെതിരെ എസ്എന്‍ഡിപിയുടെ വിവിധ വനിതാ സ്വയം സഹായ സംഘങ്ങളും
സിപിഐ(എം) ഉം പോലീസിന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവായ വി.എസ്.അച്യുതാനന്ദന്‍ നേരിട്ടാണ് ആഭ്യന്തര വകുപ്പിന് ഇക്കാര്യത്തില്‍ പരാതി നല്‍കയത്. ഇതിപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും വെള്ളാപ്പള്ളിക്കെതിരെ ഇടക്കാല റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ വെള്ളാപ്പള്ളിക്കെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്നും കേസില്‍ കുടുക്കുമെന്നും ബിഡിജെഎസ് കണക്കുകൂട്ടുന്നു. മാത്രമല്ല കേസില്‍പ്പെട്ടാല്‍ എസ്എന്‍ഡിപിയുടെ നേതൃസ്ഥാനത്തു നിന്നുള്‍പ്പെടെ വെള്ളാപ്പള്ളിക്ക് മാറേണ്ടി വരും. ഇതു ഗുരുതരമായ പ്രതിസന്ധിയാകും വെള്ളാപ്പള്ളിയുടെ സംഘടനാ പ്രവര്‍ത്തന ജീവിത്തിലുണ്ടാക്കുക. ഇടതുമുന്നണിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്നാണ് ബിഡിജെഎസിന്റെ നിലപാട്. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ അക്കൗണ്ടു തുറക്കാനോ അധികാരത്തിലെത്താനോ ബിജെപിക്ക് കഴിയില്ല. അതിനാല്‍ നിര്‍ണായക മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ബിഡിജെഎസിന്റെ രഹസ്യ തീരുമാനം.

ഇതിനു പുറമെ ചില മണ്ഡലങ്ങളില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ സഹായിക്കാനും തീരുമാനമുണ്ട്. ഇതു പ്രാദേശിക ഘടകത്തിന്റെ നിലപാടിനെ തുടര്‍ന്നാണിത്. കോവളം, പാറശാല, വര്‍ക്കല തുടങ്ങിയ മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് ഇടതു മുന്നണിയും ഐക്യമുന്നണിയും തമ്മിലുള്ളത്. ഈ മണ്ഡലങ്ങളില്‍ യുഡിഎഫിനെ സഹായിക്കും. ബിഡിജെഎസ് നീക്കം അറിഞ്ഞതോടെ ബിജെപിയും ആര്‍എസ്എസും സ്വന്തം നിലയില്‍ പ്രവര്‍ത്തനം കുടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബിഡിജെഎസിനെ ഘടകക്ഷിയാക്കുന്നതിനോട് ബിജെപി സംസ്ഥാന നേതൃത്വത്തിലെ പല പ്രമുഖര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് സംസ്ഥാന നേതൃത്വം അനുകൂല നിലപാട് എടുത്തത്. ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആര്‍എസ്എസാണ്. ഈ മണ്ഡലങ്ങളില്‍ ഘടകക്ഷിയെന്ന നിലയില്‍ പ്രചാരണത്തിന് ബിഡിജെഎസിന്റെ പിന്തുണ തേടേണ്ടെന്നാണ് ആര്‍എസ്എസിന്റെ തീരുമാനം. സ്വന്തം നിലയില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തുകയെന്നതിനാണ് ആര്‍എസ്എസ് പ്രാധാന്യം നല്‍കുന്നത്.

ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയോ ആര്‍എസ്എസോ പ്രചാരണത്തിന് മുന്‍പന്തിയിലുണ്ടാകില്ല. ചില സഹായങ്ങള്‍ നല്‍കുന്നതിനപ്പുറം കൂടുതല്‍ സഹകരണം വേണ്ടെന്ന അഭിപ്രായവും ബിജെപിക്കുണ്ട്.