ജലക്ഷാമം; ഐപിഎല്‍ ആദ്യ മത്സരത്തിന് അനുമതി

മുംബൈ: മഹാരാഷ്ട്ര സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത ജലക്ഷാമം മൂലം പ്രതിസന്ധിയിലായ ഐപിഎല്‍ മത്സരങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നുവെങ്കിലും ...

ജലക്ഷാമം; ഐപിഎല്‍ ആദ്യ മത്സരത്തിന് അനുമതി

ipl

മുംബൈ: മഹാരാഷ്ട്ര സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത ജലക്ഷാമം മൂലം പ്രതിസന്ധിയിലായ ഐപിഎല്‍ മത്സരങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നുവെങ്കിലും  തയാറെടുപ്പുകൾ പൂർത്തിയാക്കുകയും ടിക്കറ്റുകൾ വിറ്റുപോവുകയും ചെയ്ത സാഹചര്യം പരിഗണിച്ചു മുംബൈയില്‍ നാളെ നടക്കാനിരിക്കുന്ന ഐപിഎൽ ഉദ്ഘാടന മൽസരത്തിന് ബോംബെ ഹൈക്കോടതിയുടെ അനുമതി നല്‍കി.

ഈ അവസാന  നിമിഷത്തില്‍ മൽസരം മാറ്റിവയ്ക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ വാദം പരിഗണിച്ചാണ് ജസ്റ്റിസുമാരായ വി.എം. കനാഡെ, എം.എസ്. കാർനിക് എന്നിവരുൾപ്പെട്ട ബെഞ്ച് ആദ്യമൽസരത്തിന് അനുമതി നൽകിയത്.


ഓരോ സ്റ്റേഡിയത്തിലും ഉപയോഗിക്കുന്ന ജലത്തിന്റെ സ്രോതസും അളവും വ്യക്തമാക്കി ഈ മാസം 12ന് സർക്കാർ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാകും മുംബൈ, പുണെ, നാഗ്പൂർ എന്നിവിടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള ശേഷിക്കുന്ന മൽസരങ്ങൾ സംബന്ധിച്ച തീരുമാനം. മൈതാനം നനയ്ക്കാൻ ഉപയോഗിക്കുന്ന ജലം മനുഷ്യന് ഉപയോഗിക്കാവുന്നതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ വിശദീകരിക്കണം.

സംസ്ഥാനം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുമ്പോൾ, ജലധൂർത്ത് നടത്തുന്ന ഐപിഎൽ മൽസരങ്ങൾക്കെതിരെ സന്നദ്ധ സംഘടന ലോക്സത്ത മൂവ്മെന്റ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇടപെടൽ.

അതിനിടെ, ലക്ഷക്കണക്കിനു ലീറ്റർ വെള്ളം പാഴാക്കി നടത്തുന്ന ഐപിഎൽ മൽസരത്തിനെതിരെ കർണാടക ഹൈക്കോടതിയിലും പൊതുതാൽപര്യ ഹർജിയെത്തി. കർണാടകയിലെ ജലക്ഷാമം കണക്കിലെടുത്ത് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൽസരങ്ങൾ മാറ്റണമെന്നാണ് ആവശ്യം.

Read More >>