പാഠപുസ്ത അച്ചടിയുടെ മറവില്‍ വീണ്ടും ക്രമക്കേട്

പാഠപുസ്തക അച്ചടിയുടെ മറവില്‍ സംസ്ഥാനത്തു വീണ്ടും ക്രമക്കേടും തട്ടിപ്പും. കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്)ക്ക് നല്‍കിയ...

പാഠപുസ്ത അച്ചടിയുടെ മറവില്‍ വീണ്ടും ക്രമക്കേട്

school

പാഠപുസ്തക അച്ചടിയുടെ മറവില്‍ സംസ്ഥാനത്തു വീണ്ടും ക്രമക്കേടും തട്ടിപ്പും. കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്)ക്ക് നല്‍കിയ പാഠപുസ്തക അച്ചടിയിലാണ് ഇത്തവണയും ക്രമക്കേട് നടക്കുന്നത്. അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കിയതും പുസ്തകം അച്ചടിക്കാനുള്ള പേപ്പറിന്റെ ഗുണമേന്മയിലും അളവിലും കൃത്രിമം കാട്ടിയാണ് ക്രമക്കേട് നടത്തുന്നത്.

ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസിന് അച്ചടിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയിട്ടുള്ളത്. രണ്ടു വോള്യങ്ങളായിട്ടാണ് അച്ചടിക്കുന്നത്. ഇതനുസരിച്ച് ജനുവരിയില്‍ പാഠപുസ്തക അച്ചടി തുടങ്ങി. അച്ചടിയിലെ കാലതമാസം ഒഴിവാക്കാനായി മുന്‍വര്‍ഷങ്ങളില്‍ ജീവനക്കാര്‍ക്ക് ഓവര്‍ടൈം നല്‍കിയായിരുന്നു പുസ്തകം അച്ചടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ജീവനക്കാര്‍ക്ക് ഓവര്‍ടൈം അനുവദിച്ചില്ല. മാത്രമല്ല ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്താല്‍ മതിയെന്ന് മാനേജ്‌മെന്റ് ജീവനക്കാരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ അച്ചടി മന്ദഗതിയലായി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ പാഠപുസ്തകം വൈകി ലഭിക്കുന്നത് ഒഴിവാക്കാനായി സ്വകാര്യ പ്രസുകള്‍ക്ക് കരാര്‍ മറിച്ചു നല്‍കുകയായിരുന്നു.


ഇങ്ങനെ മന:പൂര്‍വം സൃഷ്ടിച്ചെടുത്ത സാഹചര്യത്തിലൂടെ തമിഴ്‌നാട്ടിലെയും എറണാകുളത്തേയും സ്വകാര്യ പ്രസുകള്‍ക്ക് കരാര്‍ നല്‍കി. ഇതിനുശേഷമാണ് പുസ്തകം അച്ചടിക്കാനുള്ള
പേപ്പറിന്റെ ഗുണനിലാവരത്തിലും അളവിലും കൃത്രിമം കാട്ടിയത്. കെ.ബി.പി.എസിലാണ് പുസ്തകം അച്ചടിക്കുന്നതെങ്കില്‍ ഇതു ജീവനക്കാരുള്‍പ്പെടെ മനസിലാക്കുകയും പരസ്യമാകുകയും ചെയ്യും. എന്നാല്‍ സ്വകാര്യ പ്രസിലാണ് പുസ്തകം അച്ചടിക്കുന്നതെങ്കില്‍ കെ.ബി.പി.എസ് നേരിട്ട് പേപ്പര്‍ സ്വകാര്യ പ്രസില്‍ എത്തിക്കുകയാണ് ചെയ്യുക. മറ്റാരും ഇതറിയുകയുമില്ല.

പാഠപുസ്തകത്തിലെ ഗുണനിലവാര കുറവിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പാഠഭാഗങ്ങള്‍ കീറിപ്പോകുന്നുവെന്നായിരുന്നു പ്രധാന പരാതി. ഈ സാഹചര്യത്തില്‍ കുറച്ചുകൂടി കട്ടിയുള്ള പേപ്പര്‍ ഉപയോഗിച്ച് പുസ്തകം അച്ചടിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഗ്രാംപെര്‍ സ്‌ക്വയര്‍ മീറ്റര്‍ (ജി.എസ്.എം) അനുസരിച്ചാണ് പേപ്പറിന്റെ കട്ടി നിശ്ചയിക്കുന്നത്. 70 ജി.എസ്.എമ്മില്‍ പുസ്തകം അച്ചടിക്കാന് കെ.ബി.പി.എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 65 ല്‍ താഴെ ജി.എസ്.എമ്മിലുള്ള പേപ്പറാണ് പുസ്തക അച്ചടിക്കായി സ്വകാര്യ പ്രസുകളില്‍ എത്തിയിട്ടുള്ളത്. ഒരു ജി.എസ്.എം കുറഞ്ഞാല്‍ തന്നെ ലക്ഷക്കണക്കിന് പാഠപുസ്തകങ്ങള്‍ അച്ചടിക്കുമ്പോള്‍ കോടികളാണ് കെ.ബി.പി.എസിലെ ഉന്നതര്‍ക്ക് ലഭിക്കുന്നത്. ഇതിനു പുറമെ പേപ്പറിന്റെ വീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. 83 സെന്റീമീറ്റര്‍ വീതിയുണ്ടായിരുന്ന പേപ്പറിപ്പോള്‍ 80 സെന്റിമീറ്ററാക്കി ചുരുക്കി.

സ്വകാര്യ പ്രസുകളില്‍ എത്തിയിരിക്കുന്നത് 76 സെന്റീമീറ്റര്‍ വീതിയുള്ള പേപ്പറാണ്. ഇതോടെ അടുത്ത അധ്യയന വര്‍ഷം കുട്ടികളുടെ കൈയിലെത്തുന്ന പുസ്തകം വീതി കുറഞ്ഞതായിരിക്കും. പേപ്പറിന്റെ വീതിയില്‍ ഒരു സെന്റീമീറ്റര്‍ കുറയുന്നതോടെ ലക്ഷങ്ങളാണ് ലാഭമായി ലഭിക്കുക. ഇങ്ങനെ ഗുണമേന്മയിലും അളവിലും മാറ്റം വരുന്നതോടെ കോടിക്കണക്കിന് രൂപ കെ.ബി.പി.എസിലെ ഉന്നതര്‍ക്ക് ലഭിക്കും.

ഇതിനുവേണ്ടിയാണ് കെ.ബി.പി.എസില്‍ പുസ്തകം അച്ചടിക്കാതെ സ്വകാര്യ പ്രസുകള്‍ക്ക് കൈമാറിയതെന്നാണ് ആക്ഷേപം. മാനേജിംഗ് ഡയറക്ടറുടെ ഓഫീസിലെ നാലു പേര്‍ക്കും ഒരു ഭരണകക്ഷി യൂണിയന്‍ നേതാവിനും മാത്രമാണ് ഇക്കാര്യങ്ങള്‍ അറിയാവുന്നത്. ഭരണകക്ഷി യൂണിയന്‍ നേതാവിന്റെ എല്ലാ സഹായവും ഈ അഴിമതിക്കും ക്രമക്കേടിനും ലഭിക്കുന്നുണ്ട്.

Story by
Read More >>