സ്ഥാനാര്‍ത്ഥി പട്ടിക: അപാകതകളുണ്ടെന്ന് വിഎസ്; ജനം സ്വീകരിച്ചു കഴിഞ്ഞെന്ന് കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപാകതയുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ...

സ്ഥാനാര്‍ത്ഥി പട്ടിക: അപാകതകളുണ്ടെന്ന് വിഎസ്; ജനം സ്വീകരിച്ചു കഴിഞ്ഞെന്ന് കോടിയേരി

vs-achuthananthan

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപാകതയുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ പരാമര്‍ശം.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അഴിമതി മുഖ്യ വിഷയമാക്കിയെങ്കിലും അഴിമതി ആരോപണം നേരിടുന്ന ഉമ്മന്‍ചാണ്ടി, കെ ബാബു, കെഎം മാണി എന്നിവര്‍ക്കെതിരെ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു വിഎസിന്റെ മറുപടി.


സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണതയുള്ളതല്ല. ചില സ്ഥാനാര്‍ത്ഥികളെ പറ്റി അഭിപ്രായ വ്യത്യാസമുണ്ട്. എല്‍ഡിഎഫില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പലരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും എന്നായിരുന്നു വിഎസിന്റെ മറുപടി.

താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ വിഎസ് പറയുന്നുണ്ട്. എന്നാല്‍ പറയാത്ത കാര്യങ്ങള്‍ വായില്‍ തള്ളിക്കയറ്റുകയാണ് ചില മാധ്യമങ്ങളെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

ചില മാധ്യമങ്ങള്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റേണ്ട. ഭാവി മുഖ്യമന്ത്രിയെ കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞത്. മറിച്ചുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. താന്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.

അതേസമയം,അഭിമുഖത്തില്‍ വിഎസിന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അച്യുതാനന്ദനുമായി ആലോചിച്ച് മറുപടി പറയും. വിഎസിനോടുള്ള മറുപടി വിഎസിനോടു പറയുമെന്നും  കോടിയേരി പറഞ്ഞു. അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ഒഴിവാക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ ആരും മത്സരിക്കാന്‍ കാണുകയില്ലെന്നും കോടിയേരി പറഞ്ഞു.