ഇരിക്കൂറില്‍ കെ സി ജോസഫിന്റെ പടയോട്ടം അവസാനിപ്പാന്‍ കോണ്‍ഗ്രസ് വിമതര്‍

ഇരിക്കൂറില്‍ കെ സി ജോസഫിന്റെ പടയോട്ടം അവസാനിപ്പാന്‍ ഇടതിനെക്കാള്‍ ആവേശം കോണ്‍ഗ്രസ് വിമതര്‍ക്ക്. വിജയം മണത്ത് എല്‍ ഡി എഫ്. കണ്ണൂര്‍: കണ്ണൂരിലെ യു ഡി...

ഇരിക്കൂറില്‍ കെ സി ജോസഫിന്റെ പടയോട്ടം അവസാനിപ്പാന്‍ കോണ്‍ഗ്രസ് വിമതര്‍

kc-joseph

ഇരിക്കൂറില്‍ കെ സി ജോസഫിന്റെ പടയോട്ടം അവസാനിപ്പാന്‍ ഇടതിനെക്കാള്‍ ആവേശം കോണ്‍ഗ്രസ് വിമതര്‍ക്ക്. വിജയം മണത്ത് എല്‍ ഡി എഫ്. 

കണ്ണൂര്‍: കണ്ണൂരിലെ യു ഡി എഫ് കോട്ടയായ ഇരിക്കൂറില്‍ മത്സരം ഇത്തവണ പൊടിപൊടിക്കുന്നത് കോണ്‍ഗ്രസിനുള്ളിലെ പാളയത്തില്‍ പട കൊണ്ടു തന്നെയാണ്. പാളയത്തിലെ പടയില്‍ ഇത്തവണ കെ.സി ജോസഫ് നന്നായി വിയര്‍ക്കുന്നുണ്ട്. കെ സി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഇരിക്കൂറില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ പൊട്ടിത്തെറി ഉണ്ടായിരുന്നു.


പ്രതിഷേധങ്ങള്‍ വക വെക്കാതെ ഇത്തവണയും സീറ്റ് കെ സി ജോസഫിന് തന്നെ നല്‍കിയത് കണ്ണൂരിലെ യു ഡി എഫ് കോട്ടക്കു ഇത്തവണ ഇളക്കം തട്ടിക്കുമെന്ന നിലയില്‍ എത്തിച്ചിരിക്കുകയാണ് കാര്യങ്ങള്‍. ഇത്തവണ യു ഡി എഫ് ഇവിടെ വിജയം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇരിക്കൂറിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നാരദ ന്യൂസിനോട് പ്രതികരിച്ചത്.

കുടിയേറ്റ കര്‍ഷകരുടെ ഭൂമിയായ ഇരിക്കൂറില്‍ എട്ടാം അങ്കത്തിനാണ് സിറ്റിങ്ങ് എം എല്‍ എയായ കെ സി ജോസഫ് ഇറങ്ങിയിരിക്കുന്നത്. ജില്ലയില്‍ യു ഡി എഫ് ശക്തികേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലത്തില്‍ മത്സരിക്കാനുള്ള മോഹം ഇത്തവണ പലര്‍ക്കുമുണ്ടായിരുന്നു,  കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, ഡി സി സി സെക്രട്ടറി സോണി സെബാസ്റ്റിയന്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടു. പക്ഷ നറുക്ക് വീണത് കെ സി ജോസഫിനു തന്നെയായിരുന്നു. ജോസഫിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന കെ ആര്‍ അബ്ദുള്‍ഖാദര്‍ രാജി വെച്ച് റിബലായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വിമതരുടെ കണ്‍വെന്‍ഷനും നടന്നു. കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലാക്കി മണ്ഡലത്തില്‍ വിജയം ഉറപ്പിക്കാനാണ് ഇത്തവണ എല്‍ ഡി എഫ് പോരാട്ടം. സി പി ഐ നേതാവ് കെ ടി ജോസാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനിരാജയുടെ സഹോദരനായ ജോസ് ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ, ജില്ലാ പഞ്ചാത്ത് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരത്ത് നടന്ന കര്‍ഷക സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി ജെ പി ജില്ലാ സെക്രട്ടറി എ പി ഗംഗാധരനാണ് ഇത്തവണ ഇരിക്കൂറിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ തവണ സി പി ഐ യിലെ പി സന്തോഷ്‌കുമാറിനെ 11757 വോട്ടിനാണ് കെ സി ജോസഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് 17895 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ടായിരുന്നു. കണക്കില്‍ മണ്ഡലം യു ഡി എഫിന് ഭദ്രമാണെങ്കിലും ഇപ്പോള്‍ നില ഗുരുതരമാണ്. യു ഡി എഫിനെ  തോല്‍പ്പിക്കാന്‍ ഇടതുമുന്നണിയെക്കാള്‍ കോണ്‍ഗ്രസുകാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇത്തവണ യു ഡി എഫിന്റെ ഉറക്കം കെടുത്തുന്നത്. വോട്ടെണ്ണി കഴിയുന്നത് വരെ  ഇത്തവണ ഈ യു ഡി എഫ് കോട്ടയില്‍ ആരു ജയിക്കുമെന്ന് പറയാനാകില്ല.