പയ്യന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് സ്വതന്ത്രന്‍

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലീംലീഗ് പ്രാദേശിക നേതാവ് മത്സര രംഗത്ത്. മുസ്ലീംലീഗ് രാമന്തളി...

പയ്യന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് സ്വതന്ത്രന്‍

election-1

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലീംലീഗ് പ്രാദേശിക നേതാവ് മത്സര രംഗത്ത്. മുസ്ലീംലീഗ് രാമന്തളി വടക്കുമ്പാട് ശാഖ വൈസ് പ്രസിഡന്റ് എം. സി അബ്ദുള്‍റഹ്മാനാണ് സ്വതന്ത്രനായി പയ്യന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സാജിദ്മൗവ്വലിനെതിരെ മത്സരിക്കുന്നത്. ഇദ്ദേഹത്തിന് വേണ്ടി വോട്ടര്‍ഭ്യത്ഥിച്ചുള്ള പ്രചരണ ബോര്‍ഡുകളും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാമന്തളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനത്തില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ അബ്ദുള്‍ റഹ്മാനെ പ്രേരിപ്പിച്ചത്. . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചിരുന്നു. രാമന്തളി പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡില്‍ എട്ടെണ്ണം നേടി സിപിഎം അധികാരത്തിലെത്തുകയും ചെയ്തിരുന്നു. പരസ്പരം മത്സരിച്ച കോണ്‍ഗ്രസിന് ഒന്നും ലീഗിന് ആറും വാര്‍ഡുകളാണ് ലഭിച്ചത്. യു ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകാന്‍ കാരണം മുന്നണിയിലെ അനൈക്യമാണെന്ന് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. മുന്നണി സംവിധാനം നിലനില്‍കാത്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യേണ്ട എന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരുടെ നിലപാട്. ലീഗ് ശാഖ പ്രസിഡന്റ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച എം.സി അബ്ദുറഹ്മാന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് സൂചന. അതേ സമയം മുസ്ലീംലീഗിന്റെ പിന്തുണ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടെന്നാണ് പാര്‍ട്ടിയുടെ ഔദോഗിക വിശദീകരണം.