അപ്പോള്‍ അമൂല്‍ ബേബിയെ നിങ്ങളെന്നാണ് 'പ്രിയ രാഹുല്‍' എന്ന് വിളിക്കുക?

ബി.ജെ.പി തന്നെയാണ് ഇന്ത്യയിലെ എല്ലാ മതേതര പാര്‍ട്ടികളുടേയും ശത്രു, സമ്മതിച്ചു. അതുകൊണ്ടുതന്നെ ഏതു സംസ്ഥാനത്തായാലും പൊതുശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്...

അപ്പോള്‍ അമൂല്‍ ബേബിയെ നിങ്ങളെന്നാണ്

rahul

ബി.ജെ.പി തന്നെയാണ് ഇന്ത്യയിലെ എല്ലാ മതേതര പാര്‍ട്ടികളുടേയും ശത്രു, സമ്മതിച്ചു. അതുകൊണ്ടുതന്നെ ഏതു സംസ്ഥാനത്തായാലും പൊതുശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കുന്നതും മോശമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ നോക്കിയാല്‍ യോജിച്ച പോരാട്ടവും അത്യാവശ്യമാണ്. ഇനി ബംഗാളിലേക്കും കേരളത്തിലേക്കും വരാം. അവിടെയാണെല്ലോ സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിയും കോണ്‍ഗ്രസും തമ്മില്‍ പതിറ്റാണ്ടുകളായി പോരാട്ടം നടക്കുന്നത്. കേരളത്തില്‍ തലങ്ങും വിലങ്ങും അന്യോന്യം ആക്രമിച്ച് മുന്നേറുകയാണ് ഇരു മുന്നണികളും. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍.


ഇനി ബംഗാളിലേക്ക് പോയാലോ? തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ഘട്ടത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോയും പിന്നാലെ കേന്ദ്ര കമ്മിറ്റിയുമൊക്കെ ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി. ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കാകാം. കാരണം ബംഗാള്‍ സമൂഹത്തിന്റെ സകല മേഖലകളിലും പിടിമുറുക്കിയിട്ടുള്ള മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെങ്കില്‍ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഒപ്പം, മുട്ടിന് മുട്ടിന് ശാഖകള്‍ തുറന്നും സാമുദായിക പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിയും മുതലെടുപ്പ് നടത്തി ബംഗാളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടുന്നതും എളുപ്പമല്ല. ബംഗാളില്‍ നിന്നുള്ള സഖാക്കള്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഇരുത്തിപ്പൊരിച്ചു. ഒടുവില്‍ നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സഹായത്തോടെ ഡീല്‍ ഉറപ്പിച്ചു- നീക്കുപോക്കാകാം.

ആ നീക്കുപോക്കിന്റെ ബാക്കി ചിത്രമാണ് മുകളിലെ ചിത്രത്തില്‍ കാണുന്നത്. കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് ചേര്‍ന്ന വമ്പന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ച രണ്ടുപേര്‍ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ്. രാഹുല്‍ ഗാന്ധിയെ 'പ്രിയപ്പെട്ട രാഹുല്‍' എന്ന് വിളിച്ചുകൊാണ് ബുദ്ധദേബ് പ്രസംഗം തുടങ്ങിയതു തന്നെ. ഒപ്പം അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ബംഗാളിലെ ത്രിതല പഞ്ചായത്ത് പരിപാടിയെ അകമഴിഞ്ഞു പിന്തുണച്ചതും അദ്ദേഹം ഓര്‍മിച്ചു. പിന്നാലെ കോണ്‍ഗ്രസുകാര്‍ തന്നെ കോണ്‍ഗ്രസ് പതാകയും പുതപ്പിച്ചു. അപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസുകാരെക്കുറിച്ച് പറഞ്ഞതൊക്കെ എങ്ങനെ വിശദീകരിക്കും?

ബംഗാളിലെ കോണ്‍ഗ്രസിന്റെ തലവന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ്. സി.പി.എമ്മിന്റെയും ഫോര്‍വേഡ് ബ്ലോക്കിന്റെയും ആര്‍.എസ്.പിയുടേയും കണ്കണ്ട ശത്രുവായിരുന്നു അടുത്തകാലം വരെ അധീര്‍. സഖാക്കളുടെ കൊലപാതകത്തില്‍ അടക്കം ആരോപണവിധേയനായിട്ടും ഈ പാര്‍ട്ടികള്‍ക്കൊന്നും അധീറിനെതിരെ രംഗത്തുവരാന്‍ കഴിഞ്ഞിരുന്നില്ല. മര്യാദയ്ക്ക് പ്രവര്‍ത്തിക്കാന്‍ പോലും അധീര്‍ തങ്ങളെ അനുവദിച്ചിട്ടില്ലെന്ന് മണ്ഡലത്തിലുള്ള സഖാക്കളില്‍ നിന്ന് കേട്ടിട്ടുണ്ട്. ആ അധീറാണ് ഇടത്-കോണ്‍ഗ്രസ് ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമ്മേളനത്തില്‍ പ്രസംഗിച്ചത്.

വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഒന്നാം യു.പി.എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയിട്ടുണ്ടല്ലോ എന്ന ന്യായം തീര്‍ച്ചയായും ഇവിടെ ഉയരാം. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പിന്തുണ ഇന്ത്യ കണ്ട മികച്ച ഒരു സര്‍ക്കാരിനെ, ഏറെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു സര്‍ക്കാരിനെ സൃഷ്ടിക്കുകയും ചെയ്തു. കോണ്‍ഗ്രസുകാര്‍ പതിവുപോലെ പാലം വലിച്ചതോടെ ഇടതുപക്ഷം പിന്തുണയും പിന്‍വലിച്ചു.

ഇനി ഇക്കാര്യങ്ങള്‍ എങ്ങനെ കേരളത്തില്‍ വിശദീകരിക്കും എന്നൊന്ന് പറഞ്ഞു തരാമോ? ബി.ജെ.പി കേരളത്തില്‍ മൂന്നാം രാഷ്ട്രീയശക്തിയായി ഉയര്‍ന്നുവരികയാണ്. ഇനി ബി.ജെ.പി ഇരുമുന്നണികള്‍ക്കും ഭീഷണിയാകുന്ന ഒരു ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസംഗത്തില്‍ ആരൊക്കെയായിരിക്കും എതിര്‍പക്ഷത്തുാവുക? ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കുമോ? പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും വേദി പങ്കിടാന്‍ ബി.ജെ.പി കാരണമാകുമോ? ജനസംഘ കാലത്തെ സൗഹൃദത്തിന്റെ പേരില്‍ തലങ്ങും വിലങ്ങും ഫേസ്ബുക്ക് പോസ്റ്റിട്ട് സി.പി.എമ്മിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന വി.എം സുധീരന്റെ ഭാവി പദവി എന്തായിരിക്കും? കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്ക് ഇരയായ നൂറുകണക്കിന് സഖാക്കളുടെ കുടുംബങ്ങളോട് എന്തുപറയും? ഏതെങ്കിലും ബംഗാള്‍ നേതാവ് കേരളത്തില്‍ പ്രചരണത്തിന് വന്നാല്‍ എന്തായിരിക്കും പറയാനുണ്ടാവുക? നാളെ വി.എസ് അച്യുതാനന്ദന്‍ അമൂല്‍ ബേബി എന്നതിനു പകരം രാഹുല്‍ ഗാന്ധിയെ പ്രിയ രാഹുല്‍ എന്ന് അഭിസംബോധന ചെയ്യുന്ന ആ സുവര്‍ണ സമയമാണ് സഖാവേ ഞങ്ങള്‍ കാത്തിരിക്കുന്നത്.

Read More >>