പുതിയ പാര്‍ട്ടിയുണ്ടാക്കി സികെ ജാനു എന്‍ഡിഎയിലേക്ക്

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ എന്നാകും പുതിയ പാര്‍ട്ടിയുടെ...

പുതിയ പാര്‍ട്ടിയുണ്ടാക്കി സികെ ജാനു എന്‍ഡിഎയിലേക്ക്

ck-janu

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ എന്നാകും പുതിയ പാര്‍ട്ടിയുടെ പേര്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായിരിക്കും ജനാധിപത്യ രാഷ്ട്രീയ സഭ. പാര്‍ട്ടിയുടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥാനാര്‍ത്ഥിയായി സികെ ജാനു മത്സരിക്കുമെന്നാണ് സൂചന.

ചില നിബന്ധനകള്‍ എന്‍ഡിഎ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും ഇത് അംഗീകരിച്ചാല്‍ മാത്രമേ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുകയുള്ളൂവെന്നും ജാനു വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎയുടെ ഘടകകക്ഷിയാകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ആദിവാസി വിരുദ്ധ സമീപനം എന്‍ഡിഎയുടെ ഭാഗത്ത് നിന്നുണ്ടായില്‍ ബന്ധം ഉപേക്ഷിക്കും. കൂടാതെ ഗീതാനന്ദന്‍ അടക്കമുള്ള ഗോത്രമഹാസഭാ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ജാനു അറിയിച്ചു.


നേരത്തേ, എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജാനു മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. പിന്നീട് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്ത വന്നു. ഇത്തരം ചര്‍ച്ചകള്‍ക്ക് വിരാമമിട്ടാണ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി സികെ ജാനു പ്രഖ്യാപിച്ചിരിക്കുന്നത്.

കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ജാനു പാര്‍ട്ടി പ്രഖ്യാപനം അറിയിച്ചത്. സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചിരുന്നു.

എന്‍ഡിഎക്കൊപ്പം ചേരാനുള്ള ജാനുവിന്റെ തീരുമാനത്തില്‍ ഗോത്രമഹാസഭാ നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. ജാനുവിന്റെ തീരുമാനം അവരുടെ രാഷ്ട്രീയ നിലപാടില്‍ നിന്നുള്ള പുറകോട്ട് പോക്കാണെന്ന് ഗീതാനന്ദന്‍ കഴിഞ്ഞ ദിവസം നാരദാ ന്യൂസിനോട് പറഞ്ഞിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സികെ ജാനു മത്സരിക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും ഗീതാനന്ദന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനം സംഘടനാപരമല്ലെന്നും ജാനുവിന്റെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് ആദിവാസി ഗോത്രമഹാ സഭയുടെ നിലപാട്.