കേരളത്തില്‍ ബിജെപിക്ക് നിലനില്‍പ്പിന്റെ പോരാട്ടം

കോഴിക്കോട് . കേരളത്തില്‍ ബിജെപി മുന്നണിക്ക് നിലനില്‍പ്പിന്റെ പോരാട്ടം . അധികാരത്തിലെത്തുമെന്നും അക്കൗണ്ട് തുറക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും...

കേരളത്തില്‍ ബിജെപിക്ക് നിലനില്‍പ്പിന്റെ പോരാട്ടം

bjp-kerala

കോഴിക്കോട് . കേരളത്തില്‍ ബിജെപി മുന്നണിക്ക് നിലനില്‍പ്പിന്റെ പോരാട്ടം . അധികാരത്തിലെത്തുമെന്നും അക്കൗണ്ട് തുറക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും കൃത്യമായ വിജയം ഉറപ്പിക്കാന്‍ ഒരു സീറ്റില്‍ കൂടി ബിജെപിക്കായിട്ടില്ല . എന്നാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ചില നിയമസഭ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് ഇത്തവണ കളമൊരുങ്ങി . ഇടതു, വലതു മുന്നണികള്‍ക്കൊപ്പം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണിയാണ് ശക്തമായ സാന്നിദ്ധ്യമായി രംഗത്തുള്ളത് . ' വെള്ളാപ്പിള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബി ഡി ജെ എസും മറ്റു ചില സാമുദായിക സംഘടനകളുമായി സഹകരിക്കുന്ന എന്‍ ഡി എക്ക് കേരളത്തില്‍ ഇത്തവണ ഒരു സീറ്റെങ്കിലും നേടുക എന്നത് അഭിമാന പ്രശ്‌നമാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുേടെ ഉള്‍പ്പടെയുള്ളവരെ പ്രചരണത്തിനിറക്കിയും കേന്ദ്ര സര്‍ക്കാറിന്റെ സൗകര്യങ്ങളും സാമ്പത്തിക ഘടകങ്ങളും പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇത്തവണ ബി ജെ പി മുന്നണി തെരഞ്ഞെടുപ്പിന്നെ നേരിടുന്നത്. ശ്രീശാന്തിനെ പോലുള്ള ക്രിക്കറ്റ് താരങ്ങളേയും സിനിമ താരങ്ങളേയും ജാനുവിനെ പോലുള്ള ആദിവാസി നേതാക്കളേയും അണി നിരത്തി ഒരു സീറ്റെങ്കിലും നേടുക എന്ന തന്ത്രമാണ് ബി ജെ പി പയറ്റുന്നത് . ഇത്രയും അനുകൂല സാഹചര്യമുണ്ടായിട്ടും ഇത്തവണ കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ പിന്നീട് അതിന് പ്രയാസമായിരിക്കുമെന്ന വിലയിരുത്തലുമുണ്ട് .


ഇത്തവണ ഒരു സീറ്റെങ്കിലും നേടാനായില്ലെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ നിരാശരാവുമെന്നും പലരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും പാര്‍ട്ടി നേത്വത്യം ഭയക്കുന്നുണ്ട് .തലസ്ഥാന ജില്ലയില്‍ തിരുവനന്തപുരം , വട്ടിയൂര്‍ക്കാവ് , നേമം , കഴക്കൂട്ടം , അരുവിക്കര , ബി.ഡി .ജെ .എസ് മത്സരിക്കുന്ന കോവളം , എന്നി മണ്ഡലങ്ങളിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത് . ചെങ്ങന്നൂര്‍ , കുന്ദമംഗലം , മണലൂര്‍, മഞ്ചേശ്വരം , ആറന്‍മുള , പാലക്കാട് , മണ്ഡലങ്ങളിലും ബി ജെ പി ക്ക് പ്രതീക്ഷയുണ്ട് . 140 മണ്ഡലങ്ങളില്‍ പകുതി സീറ്റില്‍ പോലും ഇടത് ,വലത് മുന്നണികള്‍ക്ക് എന്‍ ഡി എ മുന്നണി വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കും . ബി.ജെപി കൂടുതല്‍ നേടുന്ന വോട്ടുകള്‍ ഏത് മുന്നണിയില്‍ നിന്ന് ചോരുമെന്നത് വിജയം നിര്‍ണയിക്കുന്നതില്‍ ഒരു ഘടകമാവും . ലോക്‌സഭയില്‍ ഇത് എല്‍ ഡി എഫിനാണ് ദോഷം ചെയ്തതെങ്കില്‍ തദ് ദേശത്തില്‍ നേരെ തിരിച്ചായി .തദ്ദേശത്തില്‍ പലയിടത്തും യുഡിഎഫിന്റെ തകര്‍ച്ചക്ക് ഇത് കാരണമായി .

അതെ സമയം ബി ജെ പിക്കുള്ളിലെ വിഭാഗീയതയും തമ്മില്‍ തല്ലും പാര്‍ട്ടിക്ക് തന്നെ വിനയായിട്ടുണ്ട് . പാലക്കാട് തദ്ദേശത്തിലെ മികച്ച പ്രകടനം പുറത്തെടുത്താല്‍ വിജയിക്കാവുന്ന ഒരു സീറ്റായാണ് പാര്‍ട്ടി വിലയിരുത്തിയിരുന്നത് . എന്നാല്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ബി ജെ പിയിലെ വിഭാഗീയത മറ നീക്കി പുറത്തു വന്നു . ശോഭ സുരേന്ദ്രനെ പങ്കെടുപ്പിക്കാതെ തന്നെ പാലക്കാട്ടെ ബി ജെ പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തത് വിവാദമായിരുന്നു . ജയസാദ്ധ്യതയുള്ള നാട്ടുകാരനായ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ മലമ്പുഴയിലേക്ക് മാറ്റി അന്യ നാട്ടുകാരി ശോഭക്ക് സീറ്റ് നല്‍കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് ബിജെപിയുടെ മധ്യമേഖല ഭാരവാഹി നാരദ ന്യൂസിനോട് പറഞ്ഞു . തിരുവനന്തപുരത്ത് ശ്രീശാന്തിന് സീറ്റ് നല്‍കിയതിലൂടെ ആ സീറ്റിലെ ജയസാദ്ധ്യത ഇല്ലാതാക്കിയെന്നും ബി ജെ പിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട് . തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തിരുവനന്തപ്പുരത്തെ മണ്ടന്‍ തീരുമാനത്തെ പറ്റി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു ദുഖിക്കേണ്ടി വരുമെന്നും ഒരു ബിജെപി നേതാവ് നാരദ ന്യൂസിനോട് പറഞ്ഞു . വെള്ളാപ്പിള്ളിയുടെ ബിഡി ജെ എസ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് രൂപികരിച്ചത് .എസ് എന്‍ ഡി പി യുടെ ഇടതിന് വോട്ട് നല്‍കി വന്നിരുന്ന സാധാരണ ജനം നേതാക്കളുടെ വാക്ക് കേട്ട് താമരക്ക് വോട്ടു ചെയ്യുമോ എന്ന ആശങ്ക നേതാകള്‍ക്കു തന്നെയുണ്ട്. അതെ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബി ഡി ജെ എസ് വോട്ട് മറിക്കാനുള്ള നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട് . ഭരണം പിടിച്ചെടുക്കാനുള്ള പോരാട്ടമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ പല മണ്ഡങ്ങളിലും ത്രികോണ മത്സരം കാഴ്ച വെക്കുന്ന എന്‍ ഡി എക്ക് കേരളത്തില്‍ ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്