സെന്‍സില്ലാതെ സെന്‍സര്‍ ബോര്‍ഡ്, ജംഗിള്‍ ബുക്കിന് U/A സര്‍ട്ടിഫിക്കറ്റ്

റുഡ്‌യാര്‍ഡ് കിപ്ലിംഗിന്റെ പ്രശസ്ത നോവലായ ജംഗിള്‍ ബുക്ക് ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയപ്പെട്ടതാണ്. പിന്നീട് ടി.വി ഷോകളായും സിനിമയായുമൊക്കെ ഇത്...

സെന്‍സില്ലാതെ സെന്‍സര്‍ ബോര്‍ഡ്, ജംഗിള്‍ ബുക്കിന് U/A സര്‍ട്ടിഫിക്കറ്റ്

jungle-book-movie

റുഡ്‌യാര്‍ഡ് കിപ്ലിംഗിന്റെ പ്രശസ്ത നോവലായ ജംഗിള്‍ ബുക്ക് ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയപ്പെട്ടതാണ്. പിന്നീട് ടി.വി ഷോകളായും സിനിമയായുമൊക്കെ ഇത് രംഗത്തെത്തി. എന്നാല്‍ ഈ വരുന്ന 15-ന് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന, ജോണ്‍ ഫേവ്രുവിന്റെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് U/A സര്‍ട്ടിഫിക്കറ്റ്. ഇതിനു പറഞ്ഞ കാരണമാണ് വിചിത്രം- ഈ  3ഡി ആനിമേഷന്‍ ചിത്രം കുട്ടികളെ പേടിപ്പിക്കുന്നതാണത്രെ.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലാജ് നിഹ്‌ലാനി തന്നെയാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ കഥയനുസരിച്ചല്ല ഏതു സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത്. മൊത്തത്തില്‍ ഇത് എങ്ങനെ എടുത്തിരിക്കുന്നു എന്നതാണ് പ്രധാനം. അതോടൊപ്പം, വിഷ്വല്‍ എഫക്ട് എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ജംഗിള്‍ ബുക്ക് 3ഡി ആയതിനാല്‍ വന്യമൃഗങ്ങള്‍ കാണികളുടെ മേലേയ്ക്ക് ചാടുന്നതു പോലെ തോന്നുമെന്നും ഇത് പേടിപ്പിക്കുന്നതാണെന്നും നിഹ്‌ലാനി വ്യക്തമാക്കുന്നു. ഇത് തങ്ങളുടെ കുട്ടികള്‍ കാണണോ എന്ന് മാതാപിതാക്കള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.


അതായത്, കുട്ടികള്‍ക്ക് ഈ സിനിമയില്‍ അവരുടെ ഇഷ്ടകഥാപാത്രമായ മൗഗ്ലിയേയും മറ്റും കാണണമെങ്കില്‍ മുതിര്‍ന്നവര്‍ ഒപ്പമുണ്ടാകണം. ഇന്ത്യന്‍ വേരുകളളുള്ള നീല്‍ സേഥിയാണ് മൗഗ്ലിയായി ഇതില്‍ വേഷമിടുന്നത്. അതുകൊണ്ടു തന്നെ സിനിമ ഇന്ത്യയില്‍ വന്‍ നേട്ടം കൊയ്യുമെന്നാണ് കണക്കാക്കുന്നത്. അതിനിടെയാണ്, സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. സെന്‍സര്‍ ബോര്‍ഡ് നിയമം അനുസരിച്ച് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും തുടര്‍ന്ന് U/A സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയുമാണ് ചെയ്യുക.

ജംഗിള്‍ ബുക്കിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം പൊതുവെ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇത് മനോഹരമായ സിനിമയാണെന്നും കുട്ടികളെ പേടിപ്പിക്കുന്ന ഒന്നും ഇതിലില്ലെന്നും സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് വ്യക്തമാക്കി. സഹോദരങ്ങള്‍ തമ്മില്‍ കൊല്ലാന്‍ ശ്രമിക്കുന്നതും പേടിപ്പിക്കുന്ന രംഗങ്ങളുമൊക്കെ ഉള്ള സല്‍മാന്‍ ഖാന്റെ പ്രേം രതന്‍ ധ്യാന്‍ പായോ, യുദ്ധവും കൊലപാതകങ്ങളുമൊക്കെ ചിത്രീകരിച്ചിട്ടുള്ള ബാജിറാവു മസ്താനിക്കുമൊക്കെ U സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡാണ് കുട്ടികളുടെ പ്രിയപ്പെട്ട ജംഗിള്‍ ബുക്കിന് U/A നല്‍കിയിരിക്കുന്നത് എന്നതാണ് വിചിത്രം.