നിയമസഭ തിരഞ്ഞെടുപ്പ്; സംസ്ഥാനം നിറയെ അപരന്മാര്‍

പേരു മാത്രമല്ല ഇനിഷ്യലുപോലും ഒരുപോലെയുള്ള അപരൻമാരാണ് ഈ തിരഞ്ഞെടുപ്പിലും ശ്രദ്ധകേന്ദ്രമാകുന്നത്.ഈ അപരന്മാരെ ഇവിടെ പരിചയപ്പെടാം...കഴിഞ്ഞ...

നിയമസഭ തിരഞ്ഞെടുപ്പ്; സംസ്ഥാനം നിറയെ അപരന്മാര്‍

kerala-election

പേരു മാത്രമല്ല ഇനിഷ്യലുപോലും ഒരുപോലെയുള്ള അപരൻമാരാണ് ഈ തിരഞ്ഞെടുപ്പിലും ശ്രദ്ധകേന്ദ്രമാകുന്നത്.

ഈ അപരന്മാരെ ഇവിടെ പരിചയപ്പെടാം...

കഴിഞ്ഞ തിരഞ്ഞെടുപ്പിലെന്നപോലെ കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർഥി സിപി ജോണിനെതിരെ ഇത്തവണയും അപരനുണ്ട്. ജോണിനെതിരെ മൽസരിക്കുന്ന എൽഡിഎഫിലെ എസി മൊയ്തീനെതിരെ സിടി മൊയ്തീൻ പത്രിക നൽകി. ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ബിഡി ദേവസിക്ക് അപരനായി എൻഎ. ദേവസി എന്നയാൾ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി.


നെന്മാറ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ ബാബുവിന് സി ബാബു എന്ന പേരിൽ ഒരാളും ബാബു എന്ന പേരിൽ മൂന്നുപേരും ചേർന്ന് നാലാണ് അപരൻമാർ. യുഡിഎഫ് സ്ഥാനാർഥി കേ‍ാൺഗ്രസിലെ എവി ഗേ‍ാപിനാഥിന് എംബി ഗേ‍ാപിനാഥാണ് അപരൻ. പട്ടാമ്പി എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മുഹമ്മദ് മുഹ്സിനു മൂന്ന് അപരൻമാർ ഉണ്ട്. മുഹമ്മദ് മുഹ്സിൻ എന്ന പേരിലാണ് ഒരാളെങ്കിൽ രണ്ടു സ്വതന്ത്രർക്കു മുഹ്സിൻ എന്നാണ് പേര്.

ഇവിടത്തെ യുഡിഎഫ് സ്ഥാനാർഥി കേ‍ാൺഗ്രസിലെ സി.പി.മുഹമ്മദിനും സിപി മുഹമ്മദ് എന്ന പേരിൽ അപരനുണ്ട്. മണ്ണാർക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷംസുദീന് അതേ പേരിലാണ് അപരൻ.

ചിറ്റൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.അച്ചുതന് അച്ചുതൻ എന്ന പേരിൽ ഒരു അപരനെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കൃഷ്ണൻകുട്ടിക്ക് എ കൃഷ്ണൻകുട്ടി, കെ കൃഷ്ണൻകുട്ടി എന്നീ പേരിൽ രണ്ട് അപരന്മാർ പത്രിക നൽകി.

തൃത്താലയിൽ യുഡിഫ് സ്ഥാനാർഥി വിടി ബൽറാമിന്റെ അപരൻ വെറും ബൽറാം ആണ്. പൂഞ്ഞാർ എൽഡിഎഫ് സ്ഥാനാർഥി പിസി ജോസഫ് പൊന്നാട്ടിനെതിരെ ജോസഫ് പിസി അപരനായെത്തിയിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിക്കെതിരെ ജോർജ്‌കുട്ടി സെബാസ്റ്റ്യനും പത്രിക നൽകി. സ്വതന്ത്രനായി മൽസരിക്കാൻ പത്രിക നൽകിയ ജോർജ് ചാക്കോ വോട്ടിങ് മെഷീനിൽ തന്റെ പേര് പി.സി.ജോർജ് എന്നാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി.

കൊണ്ടോട്ടിയിലെ യുഡിഎഫ് സ്ഥാനാർഥി ടി.വി.ഇബ്രാഹിമിന് അപരനായി സി.ഇബ്രാഹിം പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർഥി കെ.പി.ബീരാൻകുട്ടിക്ക് അപരനായി വീരാൻകുട്ടി വന്നു. മങ്കടയിലെ യുഡിഎഫ് സ്ഥാനാർഥി ടി.എ.അഹമ്മദ് കബീറിനെതിരെ എം.അഹമ്മദ് കബീർ, എം.കെ.അഹമ്മദുൽ കബീർ എന്നിവർ പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർഥി ടി.കെ.റഷീദലിക്കെതിരെ റഷീദലി പത്രിക നൽകിയിട്ടുണ്ട്.

തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്തിനെതിരെ നിയാസ് താഴത്തേതിൽ, നിയാസ് പറോളി എന്നീ രണ്ടു സ്വതന്ത്രർ രംഗത്തുണ്ട്. താനൂരിലെ രണ്ട് അബ്ദുറഹിമാൻമാർക്കുമെതിരെ ഒരു സ്വതന്ത്ര അബ്ദുറഹിമാൻ പത്രിക നൽകി. തിരൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.മമ്മൂട്ടിക്കെതിരെ മൂന്നു മമ്മൂട്ടിമാർ സ്വതന്ത്രരായി പത്രിക നൽകി. തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി.ജലീലിനെതിരെ കെ.ടി.അബ്ദുൽ ജലീലും രണ്ട് അബ്ദുൽ ജലീലുമാരും പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി പി.ഇഫ്തിഖാറുദ്ദീനെതിരെ പി.പി.ഇഫ്തിഖാറുദ്ദീൻ എന്ന അപരൻ പത്രിക നൽകി. കോട്ടയ്ക്കലിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾക്കെതിരെ സൈനുൽ ആബിദ് തങ്ങൾ പത്രിക നൽകി.

ഉടുമ്പൻചോല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.എം.മണിക്കും ദേവികുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എസ്.രാജേന്ദ്രനും അപരൻമാരുണ്ട്. ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പേരിനോടു സാമ്യമുള്ള ജോർജും രംഗത്തുണ്ട്. തൊടുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫിന്റെ പേരിനു സാമ്യമുള്ള ബിജു ജോസഫും രംഗത്തുണ്ട്.

പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.വി.ജഗദീഷ്കുമാറിന് അപരൻ വി.ജെ.ജഗദീഷ്. ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രഘു ദാമോദരന്റെ അപരനായി പി.രഘു അവതരിച്ചു. ചടയമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി മുല്ലക്കര രത്നാകന്റെ അപരൻ എസ്.രത്നാകരനും കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ അപരൻ ഉല്ലാസുമാണ്. ചവറ മണ്ഡലത്തിൽ ഷിബു ബേബി ജോണിന്റെ അപരനായി ഷിബുവും ഉണ്ട്.
കൽപറ്റയിൽ യുഡിഎഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ്കുമാറിനോടു സാമ്യമുള്ള കെ.എസ്.ശ്രേയാംസ്കുമാർ പത്രിക നൽകിയിട്ടുണ്ട്. ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർഥി ഐ.സി.ബാലകൃഷ്ണന്റെ പേരുമായി സാമ്യമുള്ള ബാലകൃഷ്ണൻ പത്രിക നൽകി. അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കെ.എം.ഷാജിയുടെ അപരനായി മറ്റൊരു കെ.എം.ഷാജി പത്രിക നൽകിയിട്ടുണ്ട്. കൂത്തുപറമ്പിൽ മന്ത്രി കെ.പി.മോഹനനു കെ.പി.മോഹനൻ എന്ന പേരിൽ രണ്ട് അപരൻമാരുണ്ട്. എതിർസ്ഥാനാർഥി കെ.കെ.ശൈലജയ്ക്കുമുണ്ട് അപരകൾ രണ്ട്– കെ.പി.ശൈലജയും ശൈലജയും. തലശേരിയിൽ യുഡിഎഫ് സ്ഥാനാർഥി എ.പി.അബ്ദുല്ലക്കുട്ടിക്കും പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്കും സണ്ണി ജോസഫിനും അതേ പേരിൽ അപരൻമാർ പത്രിക നൽകിയിട്ടുണ്ട്.

ഉദുമയിൽ യുഡിഎഫിലെ കെ.സുധാകരനും എൽഡിഎഫിലെ കെ.കുഞ്ഞിരാമനും വെല്ലുവിളിയായി അപരന്മാർ രംഗത്തുണ്ട്. തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ.പി.കുഞ്ഞിക്കണ്ണന് എതിരെ രണ്ട് അപരന്മാർക്ക് ഇനിഷ്യൽ വ്യത്യാസം മാത്രം. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയിലെ കെ.സുരേന്ദ്രന്റെ പേരിനോടു സാദൃശ്യമുള്ള സ്വതന്ത്രൻ കെ.സുന്ദരൻ പത്രിക നൽകിയിട്ടുണ്ട്.

തൃപ്പൂണിത്തുറയിൽ യുഡിഎഫിലെ കെ.ബാബുവിനും എൽഡിഎഫിലെ എം.സ്വരാജിനും അപരൻമാരുണ്ട്. പിറവത്തു യുഡിഎഫിലെ അനൂപ് ജേക്കബിന് എതിരെ മറ്റൊരു അനൂപുണ്ട്. കുന്നത്തുനാട്ടിൽ യുഡിഎഫിലെ വി.പി.സജീന്ദ്രനും പെരുമ്പാവൂരിൽ എൽഡിഎഫിലെ സാജു പോളിനും അപര ഭീഷണിയുണ്ട്. അങ്കമാലിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബെന്നി മൂഞ്ഞേലിക്കു അതേ പേരിൽ അപരനുണ്ട്.

ചേർത്തല മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എസ്.ശരത്തിനും കുട്ടനാട്ടിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥി ജേക്കബ് ഏബ്രഹാമിനും അതേ പേരിൽ അപരൻമാരുണ്ട്. കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാർഥി സുഭാഷ് വാസുവിന് സുഭാഷ് വേലു ആണ് അപരൻ. കായംകുളത്തെ കോൺഗ്രസ് സ്ഥാനാർഥി എം.ലിജ‍‍ുവിന്റെ അപരനായി മറ്റൊരു ലിജു രംഗപ്രവേശം ചെയ്തിട്ടുണ്ട്. കായംകുളത്തു സിപിഎം സ്ഥാനാർഥി പ്രതിഭാ ഹരിയുടെ അപരയായി സ്വതന്ത്ര സ്ഥാനാർഥി പ്രതിഭ നാമനിർദേശ പത്രിക സമർപ്പിച്ചു.

ഒന്നൊഴികെ 12 മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ അപരന്മാർ രംഗത്തുണ്ടെന്നതാണ് കോഴിക്കോട് ജില്ലയിലെ സവിശേഷത. ആർഎംപി സ്ഥാനാർഥി കെ.കെ. രമക്കെതിരെ മറ്റൊരു രമ രംഗത്തു വന്നു. അഞ്ചിടത്താണ് ഇടതിന് അപരഭീഷണി.

തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വി.എസ്.ശിവകുമാറിന് പി.ജി. ശിവകുമാർ, ആർ. ശിവകുമാർ എന്നീ രണ്ട് അപരന്മാരുണ്ട്. എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവിന് ആൻറണി രാജു എന്ന പേരിൽ തന്നെ അപരനുണ്ട്. നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥി പാലോട് രവിയ്ക്ക് രവീന്ദ്രൻ നായർ, രവീന്ദ്രൻ എന്നീ അപരന്മാർ. സിപിഐ സ്ഥാനാർഥി സി. ദിവാകരന് ദിവാകരൻ എന്ന പേരിലും അപരൻ.

കഴക്കൂട്ടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദിന് എൻ.എ.വാഹിദും ബിജെപി സ്ഥാനാർഥി വി. മുരളീധരന് മുരളീധരനും അപരന്മാർ. ‌നേമം സിപിഎം സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് ശിവൻകുട്ടി എന്ന പേരിൽ അപരൻ.അരുവിക്കരയിൽ കോൺഗ്രസിന്റെ കെ.എസ്.ശബരീനാഥനു ജി. ശബരീനാഥ് ആണ് അപരൻ. സിപിഎം സ്ഥാനാർഥി എ.എ. റഷീദിനു റഷീദ് എന്ന പേരിൽത്തന്നെ അപരൻ. ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എസ്.അജിത്കുമാറിന് രണ്ട് അപരന്മാർ–അജിത്കുമാറും അജിതും.