നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഉഗ്രസ്‌ഫോടനം; അഞ്ച് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് പരിക്ക്

നാദാപുരത്ത് തെരുവന്‍പറമ്പിലെ കിണമ്പ്രക്കുന്നിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ്...

നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഉഗ്രസ്‌ഫോടനം; അഞ്ച് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് പരിക്ക്

13101309_1053111991419740_1874741728_n

നാദാപുരത്ത് തെരുവന്‍പറമ്പിലെ കിണമ്പ്രക്കുന്നിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഒരു വീടിന് പിറകുവശത്തായി സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയാണെന്ന് ആരോപണമുണ്ട്.

പരിക്കേറ്റ മൂന്നു പേരെ കല്ലാച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. നരിപ്പറ്റ സ്വദേശി ലിനീഷിന്റെ കൈപ്പത്തികള്‍ സ്‌ഫോടനത്തില്‍ അറ്റ നിലയിലാണ്. ലിനീഷിന്റെ മുഖത്തും കാലിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പയന്തോങ്ങിലെ വണ്ണാത്തി മീത്തല്‍ ലിനേഷ് (26), ചേലക്കാട്ടെ താനിയുള്ളതില്‍ വിവേക് (25) എന്നിവരാണ് പരിക്കേറ്റ മറ്റുരണ്ടുപേര്‍.


പരിക്കേറ്റവരേയും കൊണ്ട് ആശുപത്രിയിലെത്തിയ പയന്തോങ്ങ് സ്വദേശി വിഷ്ണു (24) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌ഫോടനം നടക്കുമ്പോള്‍ മറ്റു രണ്ടു പേര്‍ക്കും പരുക്കേറ്റതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഇവരെക്കുറിച്ചു വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞാണു പോലീസ് സംഭവസ്ഥലത്ത് എത്തിയതെങ്കിലും പരുക്കേറ്റവര്‍ അവിടെ കഴിയുകയായിരുന്നു. എന്നാല്‍ സ്‌ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരെ സിപിഎം പ്രവര്‍ത്തകര്‍ വിലക്കിയെന്നും പറയപ്പെടുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച വ്യക്തികളുടെ പേരും വിലാസവും പറയാന്‍ പരിക്കേറ്റവരും കൂടെയുണ്ടായിരുന്നവരും തയ്യാറായില്ലന്നും പോലീസ് പറഞ്ഞു. രാത്രി പതിനൊന്നോടെ സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസെത്തുകയും പരിശോധനയില്‍ സ്റ്റീല്‍ ബോംബ് നിര്‍മാണത്തിനുള്ള പാത്രങ്ങളും വെടിമരുന്നും മറ്റും കണ്ടെത്തുകയും ചെയ്തു. എഎസ്പി ആര്‍.കറുപ്പസാമി, സിഐ കെ.എസ്.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Story by