ബോളിവുഡിനെ രാഷ്ട്രീയം പഠിപ്പിച്ചവര്‍

ഇത് തിരഞ്ഞെടുപ്പ് കാലമാണ്. കേരളം മറ്റൊരു നിയമ സഭ തിരഞ്ഞെടുപ്പിന് കൂടി വേദിയാകുമ്പോള്‍ ഇത്തവണ സ്ഥാനാര്‍ഥികളായി ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നവര്‍...

ബോളിവുഡിനെ രാഷ്ട്രീയം പഠിപ്പിച്ചവര്‍bollywood

ഇത് തിരഞ്ഞെടുപ്പ് കാലമാണ്. കേരളം മറ്റൊരു നിയമ സഭ തിരഞ്ഞെടുപ്പിന് കൂടി വേദിയാകുമ്പോള്‍ ഇത്തവണ സ്ഥാനാര്‍ഥികളായി ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നവര്‍ പലരും മറ്റു മേഘലകളില്‍ കഴിവ് തെളിയിച്ചവരാണ്.

രാഷ്ട്രീയക്കാരെ മാത്രം രംഗത്ത് ഇറക്കി വിജയം കൈവരിക്കാന്‍ സാധിക്കുകയില്ലയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ പല പാര്‍ട്ടികളും സിനിമ സാഹിത്യ കായിക രംഗത്തെ പ്രമുഖരെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഇത്രയേറെ താരങ്ങളെ ഒന്നിച്ചു രാഷ്ട്രീയത്തില്‍ കാണുന്നത് ഇത് ആദ്യമായിയാണ്.


മലയാള സിനിമയുടെ ഭാഗമായ സംവിധായകന്‍ രാജസേനന്‍, നടന്മാര മുകേഷ്, ജഗദീഷ്, ഭീമന്‍ രഘു, ഗണേഷ് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥികളായും സുരേഷ് ഗോപി അടക്കമുള്ള താരങ്ങള്‍ സന്ദേശവാഹകരായും തിരഞ്ഞെടുപ്പ് ചൂടില്‍ സജീവമാകുമ്പോള്‍ ഇവിടെ പരിചയപ്പെടുത്തുന്നത് ഇന്ത്യന്‍ സിനിമയുടെ മുഖമായ ബോളിവുഡിനെ പാര്‍ലമെന്റില്‍ എത്തിച്ച ചിലരെയാണ്.

സിനിമാലോകത്ത് നിന്നു രാഷ്‌ട്രീയത്തിലെത്തി വിജയം കൈവരിച്ചവരുടെ കൂട്ടത്തില്‍  നിരവധി ബോളിവുഡ് താരങ്ങളുണ്ട്.

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജേഷ് ഖന്ന 1991-ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി ലോകസഭ മണ്ഡലത്തില്‍ നിന്ന്  വിജയിക്കുകയും 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിക്കുകയുമുണ്ടായി.

മികച്ച അഭിനയത്തിനുള്ള അഞ്ച് നാഷണല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ സിനിമാതാരമായ ശബാന ആസ്മിയും രാജ്യസഭാംഗമായിരുന്നു.

ഭാരതത്തിലെ തന്നെ എറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ അമിതാഭ് ബച്ചനാണ് അക്കൂട്ടത്തില്‍ പ്രധാനി.  1984-ല്‍ ഇദ്ദേഹം അലഹാബാദില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പത്നിയും അഭിനേത്രിയുമായ ജയ ബച്ചനും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുണ്ട്.

ഒട്ടനവധി ഹിറ്റ്‌ സിനിമകളുടെ ഭാഗമാവുകയും ആക്ഷന്‍ കിംഗ് എന്നറിയപ്പെടുകയും ചെയ്യുന്ന ധര്‍മേന്ദ്ര ബിജെപി എംപിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഒരുകാലത്ത് ബോളിവുഡിലെ താരറാണിയുമായിരുന്ന ഹേമമാലിനിയും  രാജ്യസഭയിയിലും ലോക്‌സഭയിലും അംഗമായിട്ടുണ്ട്.

ബോളിവുഡിലെ പ്രമുഖ ഹാസ്യ നായകന്‍ ഗോവിന്ദ കോണ്‍ഗ്രസ്  എംപിയാണ്.

നരേന്ദ്രമോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി രാഷ്‌ട്രീയത്തില്‍ എത്തും മുന്പ് സീരിയല്‍- -സിനിമ അഭിനേത്രിയായിരുന്നു.

ബോളിവുഡിലെ പ്രമുഖ നടനായ ശത്രുഘ്നന്‍ സിന്‍ഹയും ബിജെപി എംപിയായ താരമാണ്. നിതീഷ് ഭരദ്വാജ് (ബിജെപി), അരവിന്ദ് ത്രിവേദി (ബിജെപി), ദീപിക ചിഖാലിയ (ബിജെപി), കിരണ്‍ ഖേര്‍ (ബിജെപി), മൂണ്‍ മൂണ്‍ സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), പരേഷ് റാവല്‍ (ബിജെപി), സുനില്‍ ദത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), വിനോദ് ഖന്ന തുടങ്ങിയവര്‍ ലോക്‌സഭയിലേക്കും ധാരാ സിംഗ്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.