പരവൂര്‍ ദുരന്തവും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കി ബിജെപി

കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കേരള സന്ദര്‍ശനം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനായി...

പരവൂര്‍ ദുരന്തവും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കി ബിജെപി

modi

കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കേരള സന്ദര്‍ശനം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനായി ബിജെപി. പ്രധാനമന്ത്രിയുടെ ഇടപെടലുകളും അതിന് ലഭിച്ച പ്രതികരണവുമാണ് ഇതിനു ബിജെപിയെ പ്രേരിപ്പിക്കുന്നത്. നവമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ  സന്ദര്‍ശനം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി പ്രചരിപ്പിക്കാനാണ് നിര്‍ദ്ദേശം.

ഇതുവരെ ഹിന്ദുത്വ അജണ്ടയിലൂന്നിയുള്ള പ്രചാരണമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍എസ്എസും നടത്തിയിരുന്നത്. ഇതിനു പുറമെ ഇരുമുന്നണികള്‍ക്കും എതിരെയുള്ള പ്രചാരണവും നടത്തിയിരുന്നു. വഴിമുട്ടിയ കേരളം, വഴി കാട്ടാന്‍ ബിജെപി എന്ന പ്രചരണ വാക്യങ്ങളിലൂടെയുള്ള ക്യാമ്പയിനാണ് ബിജെപി നടത്തിയത്.


എന്നാല്‍ പരവൂര്‍ വെടിക്കെട്ട് അപകടത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും നടത്തിയ ഇടപെടല്‍ തെരഞ്ഞെടുപ്പ് രംഗത്ത് ശക്തമായി ഉയര്‍ത്തിക്കാട്ടാനാണ് തീരുമാനം. അപകടം നടന്നയുടന്‍ തന്നെ ആശുപത്രിയിലെത്തിയ ബിജെപി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസിന്റെ പരമ്പരാഗത വേഷമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും ധരിച്ചാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയത്. പ്രധാനമന്ത്രി കേരളത്തിലെത്തുകയും അപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രവും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയും പിന്നീട് മെഡിക്കല്‍ കോളജും സന്ദര്‍ശിച്ചതു മാത്രമല്ല ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് പ്രധാനമായും പ്രചരിപ്പിക്കുക.

പ്രധാനമന്ത്രിക്കൊപ്പം പൊള്ളല്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ എത്തിയതും  ഗുരുരതരമായി പരുക്കേറ്റവരെ അടിയന്തരഘട്ടത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ തയറാക്കിയ ഹെലികോപ്റ്റര്‍, നാവിക സേനയുടെ മൂന്ന്  കപ്പലുകള്‍ മരുന്നുകളും ഡേക്ടര്‍മാരുമായി കൊല്ലത്ത് എത്തിയത്, സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം, കേന്ദ്രമന്ത്രി ജെ.പി നദ്ദ സംസ്ഥാനത്ത് തങ്ങി രക്ഷാപ്രവര്‍ത്തനങ്ങളും ചികിത്സയും ഏകോപിപ്പിക്കുന്നത് തുടങ്ങി കേന്ദ്രം സ്വീകരിച്ച എല്ലാ നടപടികളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉയരും.

അതേസമയം, പരിക്കേറ്റവരെ പ്രവേശിപ്പിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ആര്‍എസ്എസ്-സേവാഭാരതി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരോട് ഇവര്‍ തട്ടിക്കയറി.

ഒടുവില്‍ കളക്ടര്‍ നേരിട്ട് എത്തിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകരുതെന്നും അപകടത്തെ രാഷ്ട്രീയ ആയുധമായി കാണരുതെന്നും കളക്ടര്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. അപകടത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ശ്രമം നടത്തിയ സംഘപരിവാരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ആര്‍എസ്എസിനെ വിമര്‍ശിച്ച് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അതിനിടയില്‍ നവമാധ്യമരംഗത്ത് ഇടപെടുന്ന ബി.ജെ.പിയുടെ സമിതി മോഡിയുടെ സന്ദര്‍ശനത്തെ ഇതിനകം തന്നെ ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ് തുടങ്ങിയ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇതിനു മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും അന്നൊന്നും കേന്ദ്രത്തില്‍ നിന്നാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്.

1947 നു ശേഷം ഇതാദ്യമായി ഇന്നാണ് കേരളം ഇന്ത്യയുടെ ഭാഗമാണെന്നും നമുക്ക് ഒരു പ്രധാനമന്ത്രിയുണ്ടെന്നും നാം അനുഭവത്തില്‍ നിന്നറിഞ്ഞത് എന്നാണ് മറ്റൊരു പോസ്റ്റ്. എല്ലാ പോസ്റ്റുകളിലും പ്രധാനമന്ത്രി അപകട സ്ഥലവും പരുക്കേറ്റവരേയും സന്ദര്‍ശിക്കുന്ന ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ടപകട സ്ഥലം സന്ദര്‍ശിച്ച നരേന്ദ്രമോദിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും നമ്മള്‍ ഓരോരുത്തരും ഇന്ത്യന്‍ പൗരന്മാരാണെന്നും അപകടം വരുമ്പോള്‍ ഓടിയെത്താന്‍, ആശ്വസിപ്പിക്കാന്‍ നമുക്കും ഒരാളുണ്ടെന്നുമുള്ള സുരക്ഷിതത്വബോധമാണ് പ്രധാനമന്ത്രി പകര്‍ന്നു തന്നതെന്നാണ് മറ്റൊരു പോസ്റ്റ്. പ്രോട്ടോക്കോള്‍ പോലും മാറ്റിവച്ച് എത്തിയതും അപകട സ്ഥലത്ത് കൈയില്‍ പേപ്പറും പേനയുമായി കാര്യങ്ങള്‍ കുറിച്ചെടുക്കുന്ന നരേന്ദ്രമോദിയുടെ ഫോട്ടോയുമെല്ലാം നവമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ഇത്തരം വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റുകളും പരമാവധി ഷെയര്‍ ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. കൂടാതെ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും നടത്തിയ ദുരതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. ബി.ജെ.പി അധികാരത്തില്‍ എത്തിയതിന്റെ പ്രയോജനം കേരളത്തിനും ലഭിക്കുന്നുവെന്ന തരത്തിലാകും വരും ദിവസങ്ങളിലെ പ്രചാരണം.