അക്കൗണ്ട് തുറക്കാനാകുമോയെന്ന് ഇപ്പോഴും ഉറപ്പില്ലാതെ ബിജെപി

അക്കൗണ്ട് തുറക്കാനാകുമോയെന്ന്  ഇപ്പോഴും ഉറപ്പില്ലാതെ ബി ജെ പി. എന്നാല്‍ മുന്നിലെന്ന് വരുത്താന്‍ സര്‍വേയുടെ പേരില്‍ പ്രചരണം.കോഴിക്കോട്: സംസ്ഥാനത്ത്...

അക്കൗണ്ട് തുറക്കാനാകുമോയെന്ന്  ഇപ്പോഴും ഉറപ്പില്ലാതെ ബിജെപി

BJP

അക്കൗണ്ട് തുറക്കാനാകുമോയെന്ന്  ഇപ്പോഴും ഉറപ്പില്ലാതെ ബി ജെ പി. എന്നാല്‍ മുന്നിലെന്ന് വരുത്താന്‍ സര്‍വേയുടെ പേരില്‍ പ്രചരണം.

കോഴിക്കോട്: സംസ്ഥാനത്ത് പത്ത് സീറ്റിലെങ്കിലും വിജയം ഉറപ്പാണെന്ന് പ്രതീക്ഷിച്ച് മത്സരരംഗത്ത് വന്ന ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ പിഴക്കുന്നു. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏതെങ്കിലും സീറ്റില്‍  വിജയം ഉറപ്പിക്കാന്‍  പാര്‍ട്ടിക്കായിട്ടില്ല. അതെ സമയം ചില സീറ്റുകളില്‍  വിജയം ഉറപ്പാണെന്നും ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥികളെക്കാള്‍ എന്‍ ഡി എ മുന്നിലാണെന്നും കാണിച്ച് സോഷ്യല്‍മീഡിയ വഴി പുതിയ പ്രചരണം ബിജെപി തുടങ്ങിയിട്ടുണ്ട്. സര്‍വേയുടെ പേരില്‍ നടത്തുന്ന ഈ പ്രചരണത്തില്‍ പാലക്കാട് ബി ജെ പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മുന്നിലാണെന്ന് പറയുന്നു.


മഞ്ചേശ്വരത്തും കാസര്‍ഗോഡും യു ഡി എഫ് ഒരു ശതമാനം വോട്ടിന് മാത്രം മുന്നിലാണെന്നും ഇവിടെ എല്‍ ഡി എഫ് മൂന്നാംസ്ഥാനത്താണെന്നും സമര്‍ത്ഥിക്കുന്നുണ്ട്. ബി ജെ പി ഇവിടെ പിന്നിലാണെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നിലെത്താം എന്നും അവകാശപ്പെടുന്നു. കൂടാതെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, എന്നിവിടങ്ങളിലും മുന്നിലാണെന്നാണ് അവകാശവാദം. കുമ്മനം രാജശേഖരന്‍ വിജയം ഉറപ്പാക്കിയതായും ഈ സര്‍വേ പറയുന്നു.

എന്നാല്‍ ബി ജെ പിക്ക് വേണ്ടി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സര്‍വേയില്‍ മുന്നിലാണ് എന്ന് പറയുന്ന പാലക്കാട് ബി ജെ പി ഇപ്പോഴും മൂന്നാംസ്ഥാനത്താണ്. ഇവിടെ ശോഭ സുരേന്ദ്രന്‍ വിജയിക്കുമെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പോലും വിശ്വാസമില്ല. ശോഭ സുരേന്ദ്രനെ പാലക്കാട്  സ്ഥാനാര്‍ത്ഥിയാക്കിയതിലും പാലക്കാട് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ക്യഷ്ണകുമാറിനെ മലമ്പുഴയിലേക്ക് മാറ്റിയതിലും പാലക്കാട് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ക്യഷ്ണകുമാറിനെ നിര്‍ത്തിയിരുന്നുവെങ്കില്‍ ജയിച്ചേനെയെന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ജയിക്കരുതെന്നും ആഗ്രഹിക്കുന്ന ബി ജെ പി പ്രവര്‍ത്തകര്‍ ഇപ്പോഴും പാലക്കാടുണ്ട്.

ശോഭ സുരേന്ദ്രന്‍ വരുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം നടത്തി ബി ജെ പിയിലെ ഒരു വിഭാഗം പ്രതിഷേധമറിയിച്ചിരുന്നു.അത്തരമൊരു സാഹചര്യമാണ് പാലക്കാട് ഇപ്പോഴും നില്‍ക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍.എന്‍ ക്യഷ്ണദാസും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ക്യഷ്ണദാസ് സീറ്റ് പിടിച്ചെടുക്കാനും ഷാഫി നിലനിര്‍ത്താനുമുള്ള സാഹചര്യം ഒരു പോലെയാണ്.
കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ കെ മുരളിധരന്‍ ഒരു പാട് പിന്നിലെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ബി ജെ പി എല്ലായിടത്തും തോറ്റാലും വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്റെ വിജയം ഉറപ്പാണെന്ന് ഇതില്‍ അവകാശപ്പെട്ടിരുന്നു.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഉണ്ടാക്കിയ മുന്നേറ്റവും കുമ്മനത്തിന്റെ വ്യക്തി പ്രഭാവവുമാണ് വിജയത്തിന് കാരണമായി ചൂണ്ടി കാട്ടിയിരുന്നത്. എന്നാല്‍ സിറ്റിങ്ങ് എം എല്‍ എയെന്ന നിലയില്‍ ജനങ്ങളുടെ വിളിപ്പുറത്തുള്ള കോണ്‍ഗ്രസിലെ കെ മുരളീധരന് മണ്ഡലത്തില്‍ കാര്യമായി സ്വാധീനമുണ്ട്. തുടക്കത്തില്‍ മുന്നിട്ട് നിന്നിരുന്ന കുമ്മനം ഇപ്പോള്‍ പിന്നിലാണ്. ഈ സീറ്റ് വഴി കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കാനാവുമോ എന്ന് ബി ജെ പിക്ക് ഇപ്പോള്‍ ഉറപ്പില്ല. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമ കുമ്മനത്തെക്കാള്‍ പിന്നിലാണ്. നേമത്ത് സിറ്റിങ്ങ് എംഎല്‍എ വി.ശിവന്‍ക്കുട്ടിയെ ജയിപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സി പിഎം. തുടക്കത്തില്‍ രാജഗോപാല്‍ ഉയര്‍ത്തിയ ചലനങ്ങള്‍ ഇപ്പോള്‍ ഇല്ലാതായി. ഇവിടെ ശിവന്‍ക്കുട്ടിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താകും രാജഗോപാല്‍ വരിക. തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പ്രാദേശിക ബി ജെ പി നേത്യത്വത്തിന് തന്നെ എതിര്‍പ്പുണ്ട്.

ശ്രീശാന്തിന്റെ പ്രചരണ പരിപാടികളിലും ബി ജെ പി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം വേണ്ടപ്പോലെയില്ല. വിജയ സാദ്ധ്യതയുള്ള സീറ്റ് ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നഷ്ടമാക്കിയതായി ബി ജെ പിയില്‍ ഒരു വിഭാഗത്തിന് തന്നെ അഭിപ്രായമുണ്ട്. കഴക്കൂട്ടത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി വി മുരളിധരന്‍ ജയിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്. ബി ഡി ജെ എസ് ബന്ധം വഴി ഈഴവ, പിന്നോക്ക വോട്ടുകളിലാണ് ബി ജെ പി പ്രതീക്ഷ.  സിറ്റിങ്ങ് എം. എല്‍.എ  എം എ വാഹിദും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനും ഒപ്പത്തിനൊപ്പമുണ്ട്.