വിഴിഞ്ഞം നല്‍കുന്ന സ്വപ്നങ്ങള്‍; വികസനം ഉയര്‍ത്തി യുഡിഎഫ്, വികസനത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്, നേട്ടമുണ്ടാക്കാന്‍ ബിജെപി

യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വികസനനേട്ടമായി പ്രകടനപത്രികയില്‍ ഇടം നേടുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലമാണ് കോവളം....

വിഴിഞ്ഞം നല്‍കുന്ന സ്വപ്നങ്ങള്‍; വികസനം ഉയര്‍ത്തി യുഡിഎഫ്, വികസനത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്, നേട്ടമുണ്ടാക്കാന്‍ ബിജെപി

electionയുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വികസനനേട്ടമായി പ്രകടനപത്രികയില്‍ ഇടം നേടുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലമാണ് കോവളം. മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും വിഴിഞ്ഞം ഉള്‍പ്പെടുന്ന വികസനം ഉയര്‍ത്തികാട്ടിയാണ് വോട്ട് ചോദിക്കുന്നത്. ജനതാദള്‍(എസ്) ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എ. നീലലോഹിതദാസന്‍ നാടാരുടെ ഭാര്യയും നിലവിലെ എം.എല്‍.എയുമായ ജമീലാ പ്രകാശം തന്നെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. നിലവില്‍ കെപിസിസി സെക്രട്ടറിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എം വിന്‍സന്റിന്റെ നിയമസഭയിലേക്കുള്ള കന്നി മത്സരമാണിത്. ബിഡിജെഎസിന്റെ ടി.എന്‍.സുരേഷാണ് കോവളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് സ്ഥാനാര്‍ഥിയാകാന്‍ ഉദ്ദേശിച്ചിരുന്ന കോവളം ബി.ഡി.ജെ.എസിന്റെ പിടിവാശിയ്ക്കു മുന്നില്‍ വിട്ടുകൊടുക്കുകയായിരുന്നു. ബി.ഡി.ജെ.എസ്. ജില്ലാ കോഓര്‍ഡിനേറ്ററാണ് സുരേഷ്.രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ കൂടുതലും ഇടതുമുന്നണിക്കൊപ്പമായിരുന്നു കോവളം. തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെട്ട ബാലരാമപുരം, കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളും നെയ്യാറ്റിന്‍കര താലൂക്കിലെ ബാലരാമപുരം, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, പൂവാര്‍, വിഴിഞ്ഞം പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കോവളം മണ്ഡലം. ജാതിമത സമവാക്യങ്ങളും അടിസ്ഥാനസൗകര്യവികസനം ഒക്കെ കോവളത്ത് വോട്ട് ബാങ്കിനെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ന്യുനപക്ഷ വോട്ടും ഇവിടെ ചര്‍ച്ചയാകും.

1987 മുതല്‍ തുടര്‍ച്ചയായി നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ക്കായിരുന്നു കോവളത്തെ വിജയം. തുടര്‍ച്ചയായി നാലു തവണ ഉള്‍പ്പെടെ അഞ്ചു തവണ വിജയിച്ച് മണ്ഡലത്തില്‍നിന്നു സഭയിലെത്തിയ നേട്ടവും നീലന്റെ പേരിലാണ്. എന്നാല്‍ 2006ലെ തെരഞ്ഞെടുപ്പില്‍ കോവളം നീലലോഹിതദാസന്‍ നാടാരെ കൈവിട്ടു. യുഡിഎഫിനൊപ്പം നിന്നിരുന്ന മണ്ഡലത്തില്‍ ജോര്‍ജ്ജ് മേഴ്‌സിയര്‍ക്കായിരുന്നു വിജയം . സ്വതന്ത്രനായി മത്സരിച്ച നീലലോഹിതദാസന്‍ നാടാരെ 10825 വോട്ടുകള്‍ക്കാണ് ജോര്‍ജ്ജ് മേഴ്‌സിയര്‍ തളച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നീലലോഹിതദാസന്‍ നാടാരുടെ ഭാര്യ ജമീല പ്രകാശം മണ്ഡലം ജോര്‍ജ്ജ് മേഴ്‌സിയറില്‍ നിന്ന് തിരിച്ചു പിടിച്ചു. 7205 വോട്ടുകള്‍ക്കായിരുന്നു ജമീല പ്രകാശത്തിന്റെ വിജയം.

250 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കാനായി എന്ന അവകാശവാദമാണ് ജമീല പ്രകാശം ഉന്നയിക്കുന്നത്. കുടിവെള്ള പദ്ധതികളും പട്ടയവിതരണം തീരവാസികള്‍ക്കുള്ള സൗജന്യവീട് എന്നിങ്ങിനെ നിരവധി പദ്ധതികളെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് വികസനത്തുടര്‍ച്ച ലക്ഷ്യം വെക്കുന്നത്.

എന്നാല്‍ വിഴിഞ്ഞം പദ്ധതി വരുന്നതിന് മുന്‍പേ അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിച്ച ടുറിസം മേഖലയായ കോവളത്തിന് വേണ്ടി എന്ത് ചെയ്തു എന്നാണ് യുഡിഎഫ് ചോദിക്കുന്നത്. റോഡ് വികസനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയൊക്കെ ഇപ്പോഴും മണ്ഡലത്തിലെ ജനങ്ങളുടെ വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്. കുടിവെള്ള പദ്ധതികള്‍ നിരവധി നടപ്പിലാക്കിയെങ്കിലും ഇപ്പോഴും കുടിവെളളത്തിന് വേണ്ടി നെട്ടോട്ടം പായുന്ന നിരവധി കുടുംബങ്ങളാണ് മണ്ഡലത്തിലുടനീളം ഉള്ളത് എന്നും യുഡിഎഫ് ആരോപിക്കുന്നു.

പാരമ്പര്യത്തൊഴില്‍ മേഖലയെ ആശ്രയിച്ച് ജിവിക്കുന്ന കര്‍ഷകരും കയര്‍ത്തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളും മത്സ്യത്തൊഴിലാളികളും അടങ്ങുന്നതാണ് മണ്ഡലത്തിലെ ജനസഞ്ചയം. വിഴിഞ്ഞം പദ്ധതി ഏറ്റവും വലിയ വികസനമായി യുഡിഎഫ് ചൂണ്ടികാട്ടുമ്പോള്‍ തീരദേശവാസികളെ സംബന്ധിച്ചിടത്തോളം പദ്ധതിപ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഉപജീനമാര്‍ഗ്ഗങ്ങള്‍ പലതും നിലച്ച മട്ടാണ്. പദ്ധതിക്കായി എറ്റെടുത്ത പ്രദേശത്തെ കര്‍ഷകരയേും ഇത് ബാധിച്ചു. ഇതിന് പുറമേ ആണ് കടുത്ത വേനലും ഇരുട്ടടിയായത്. ബാലരാമപുരം കൈത്തറി അന്താരഷ്ട്ര തലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പക്ഷെ നെയ്ത്ത് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഇടനിലക്കാരുടെ പോക്കറ്റുകളിലാണ് സഹായങ്ങള്‍ പലതും അവസാനിക്കുന്നതും.ഇത്തരത്തില്‍ പാരമ്പര്യത്തൊഴിലിനെ ആശ്രയിച്ച് ജിവിക്കുന്നവര്‍ക്ക് മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്ത് ചെയ്തു എന്ന് ഇവര്‍ ചോദിക്കുന്നു. വാഗ്ദാനങ്ങളുടെ തോരാമഴയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇവര്‍ പോളിംഗ് ബൂത്തില്‍ എത്തുക.

ജാതിസമവാക്യങ്ങള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമാണ്. നാടാര്‍ വിഭാഗമാണ് മണ്ഡലത്തിലെ പ്രധാന സാമുദായിക ശക്തി. ഈഴവ, ലത്തീന്‍ കത്തോലിക്ക, നായര്‍ എന്നീ വിഭാഗങ്ങളും തെരഞ്ഞെടുപ്പ് ജയപരാജയങ്ങളെ തീരുമാനിക്കുന്ന വോട്ട് ബാങ്കുകളാണ്. ബിഡിജെഎസിന് മണ്ഡലം വിട്ട് നല്കിയ ബിജെപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും സാന്നിധ്യമറിയിച്ചുവെന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. രണ്ട് പഞ്ചായത്തുകള്‍ പൂര്‍ണമായും ബി.ജെ.പിക്ക് ഒപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് വരെ എടുത്തുപറയാവുന്ന നേട്ടമൊന്നും ബി.ജെ.പി നേടിയിട്ടില്ല. 94312 വനിതകള്‍ അടക്കം 183616 വോട്ടര്‍മാരാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന കോവളം നിയമസഭാ മണ്ഡലം ഇക്കുറിയും ഇടതു മുന്നണി നിലനിര്‍ത്തിയാല്‍ അതു യു.ഡി.എഫിനു കനത്ത തിരിച്ചടിയാകും കോവളത്തെ ജനമനസ്സ് ആര്‍ക്കൊപ്പം എന്നത് യുഡിഎഫ് സര്‍ക്കാരിന്റൈ വികസനേട്ടങ്ങളുടെ മാറ്റുരക്കല്‍ കൂടിയാണ്.