ചാനല്‍ പരിപാടിക്കിടെ മുഹമ്മദ് റിയാസിന് നേരെ 'പാകിസ്ഥാനില്‍ പോടാ' വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍

റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയുടെ ചിത്രീകരണത്തിനിടെ സിപിഐ(എം) നേതാവ് മുഹമ്മ് റിയാസിന് നേരെ ബിജെപി...

ചാനല്‍ പരിപാടിക്കിടെ മുഹമ്മദ് റിയാസിന് നേരെ

muhammed-riyas

റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയുടെ ചിത്രീകരണത്തിനിടെ സിപിഐ(എം) നേതാവ് മുഹമ്മ് റിയാസിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ അധിക്ഷേപം. ചര്‍ച്ചയ്ക്കിടെ കോലിബി സഖ്യത്തെ കുറിച്ച് റിയാസ് പരാമര്‍ശിച്ചപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

'നീ പാകിസ്ഥാനിലേക്ക് പോടാ' എന്ന് പറഞ്ഞായിരുന്നു ആക്രോശം. ഇതൊരു ചര്‍ച്ചയാണെന്നും ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞ് ഇടപെട്ട അവതാരകന്‍ നിഷാദ് റാവുത്തറിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കയറി. തുടര്‍ന്ന് പത്തിലധികം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ റിയാസിനും നിഷാദിനും നേരെ കൈയ്യേറ്റശ്രമം നടത്തുകയായിരുന്നു.


കോലിബി സഖ്യത്തെ കുറിച്ച് റിയാസ് സംസാരിച്ച് തുടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരിലൊരാള്‍ എഴുന്നേറ്റ് നിന്ന് പാകിസ്ഥാനിലേക്ക് പോടാ എന്ന് ആക്രോശിക്കുകയായിരുന്നു. ഇത് അസഹിഷ്ണുതയാണെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും റിയാസ് മറുപടി പറഞ്ഞു.

തുടര്‍ന്ന് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. പിന്നീട് പരിപാടി കാണാനെത്തിയവര്‍ ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് പറഞ്ഞുവിടുകയായിരുന്നു. ബിജെപിയുടെ അസഹിഷ്ണുത കേരളത്തിലുമെത്തിയെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ഇന്ന് രാവിലെ കോഴിക്കോട് കടപ്പുറത്ത് വെച്ചായിരുന്നു പരിപാടിയുടെ ചിത്രീകരണം നടന്നത്. മുഹമ്മദ് റിയാസിന് പുറമേ, കോണ്‍ഗ്രസ് നേതാവ് കെസി അബു, ബിജെപി നേതാവ് ജയചന്ദ്രന്‍ എന്നിവരാണ് അതിഥികളായി എത്തിയത്.