ബിവറേജസിലെത്തി പണം സ്വീകരിക്കുന്ന പരിപാടി ബാങ്കുകൾ നിർത്തുന്നു

കൊച്ചി: പ്രതിദിനം ശരാശരി 25 കോടി രൂപ വിറ്റുവരവുള്ള ബിവറേജസ് കോർപറേഷൻ മദ്യവിൽപന ശാലകളിലെത്തി പണം നിക്ഷേപമായി സ്വീകരിക്കുന്ന പരിപാടി  ബാങ്കുകൾ അവസാനിപിക...

ബിവറേജസിലെത്തി പണം സ്വീകരിക്കുന്ന പരിപാടി ബാങ്കുകൾ നിർത്തുന്നു

kerala-beverage-outlets

കൊച്ചി: പ്രതിദിനം ശരാശരി 25 കോടി രൂപ വിറ്റുവരവുള്ള ബിവറേജസ് കോർപറേഷൻ മദ്യവിൽപന ശാലകളിലെത്തി പണം നിക്ഷേപമായി സ്വീകരിക്കുന്ന പരിപാടി  ബാങ്കുകൾ അവസാനിപിക്കുന്നു. ബവ്കോ ഷോപ്പുകളിൽനിന്ന് ഔട്സോഴ്സിങ് വഴി തുക സ്വീകരിച്ചിരുന്ന രീതിയാണ് സുരക്ഷാ പ്രശ്നവും ജീവനക്കാരുടെ ക്ഷാമവും മൂലം ബാങ്കുകള്‍ അവസാനിപിക്കുന്നത്.

ധനലക്ഷ്മി ബാങ്ക് ഇന്നലെ മുതല്‍ ഈ രീതി അവസാനിപ്പിച്ചിരുന്നു. ഫെഡറൽ ബാങ്ക് പിൻമാറാനുള്ള സന്നദ്ധത അറിയിച്ചു ബിവറേജസ് കോപ്പറേഷനില്‍ കത്ത് നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ പിന്മാറുന്ന സാഹചര്യത്തില്‍ ജീവനക്കാർ തന്നെ തുക ബാങ്കിലടയ്ക്കണമെന്ന നിർദേശം നൽകി ബവ്കോ എംഡി സർക്കുലർ ഇറക്കി. ഷോപ് ഇൻചാർജ് അല്ലെങ്കിൽ അസി. ഇൻചാർജ് അതുമല്ലെങ്കിൽ എൽഡി ക്ലാർക്കിന്റെ നേതൃത്വത്തിൽ മൂന്നു ജീവനക്കാർ എല്ലാ ദിവസവും ബാങ്കിലെത്തി തുകയടയ്ക്കണമെന്നാണു സർക്കുലർ. ആവശ്യമെങ്കിൽ ഇതിനായി വാഹനം വാടകയ്ക്കെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.


ബാറുകളും ഏതാനും ബവ്കോ ഷോപ്പുകളും പൂട്ടിയതോടെ ചിലയിടത്തു ദിവസം 20 ലക്ഷം രൂപയുടെ വരെ വിൽപനയുണ്ട്. ഈ തുക സ്വീകരിക്കുന്നതിനുള്ള ചുമതല ബാങ്കുകൾ ഔട്സോഴ്സിങ് വഴി സ്വകാര്യ ഏജൻസികളെ ഏൽപിക്കുകയും സുരക്ഷാ ക്രമീകരണങ്ങളുമായെത്തി ഏജൻസി ജീവനക്കാർ ഷോപ്പുകളിൽനിന്നു തുക സ്വീകരിക്കുകയുമാണു ചെയ്തുപോന്നിരുന്നത്. ഏജൻസിക്കു കമ്മിഷൻ നൽകിയിരുന്നതു ബാങ്കാണ്. ഈ നഷ്ടം സഹിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ബാങ്കുകൾ പിന്മാറുന്നത്.

ഇതു താൽക്കാലിക സംവിധാനമാണെന്നും അസമിലെ തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ചുമതല കഴിഞ്ഞു താൻ തിരിച്ചെത്തിയാൽ ഉടന്‍ ബോർഡ് യോഗം വിളിച്ചുകൂട്ടി പകരം സംവിധാനമുണ്ടാക്കുമെന്നും ബെവ്കോ എംഡി മാധ്യമങ്ങളെ അറിയിച്ചു

Read More >>