ആറ്റിങ്ങല്‍ ഇരട്ടക്കൊല; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി...

ആറ്റിങ്ങല്‍ ഇരട്ടക്കൊല; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

attingal-murder-

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി.

ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്സിനു സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകൻ ലിജീഷിന്റെ മകൾ സ്വാസ്തിക (നാല്) എന്നിവരാണു 2014 ഏപ്രിൽ 16നു വീടിനുള്ളിൽ അരുംകൊല ചെയ്യപ്പെട്ടത്. ലിജീഷിനും ഗുരുതര വെട്ടേറ്റിരുന്നു.


സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ തിരുവനന്തപുരം കരമണിൽ മാഗി നിവാസിൽ നിനോ മാത്യു (40)വിനെയും ലിജീഷിന്റെ ഭാര്യയും ടെക്നോപാർക്കിൽ ഇതേ കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന അനുശാന്തി (32)യെയും അന്നുതന്നെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു.

ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭർത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം. നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വന്തം വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയിൽ തന്നെ ഇയാളെ അന്നു പിടികൂടാനായത്.  പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈൽഫോണിൽ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയിൽ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

ആലംകോട് ചാത്തമ്പറയിൽ പുതിയ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ടു വൈദ്യുതി ബോർഡ് ജീവനക്കാരനായ ലിജീഷും പിതാവ് തങ്കപ്പൻ ചെട്ടിയാരും അവിടെയായിരിക്കവെ സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിയ നിനോ മാത്യു കെഎസ്ഇബി ജീവനക്കാരനാണെന്നും ലിജീഷിന്റെ സുഹൃത്താണെന്നും വിവാഹം ക്ഷണിക്കാൻ വന്നതാണെന്നും പരിചയപ്പെടുത്തി ഓമനയെക്കൊണ്ടു ഫോണിൽ ലിജീഷിനെ വീട്ടിലേക്കു വിളിപ്പിക്കുകയായിരുന്നു.

അടുക്കളയിലേക്കു തിരിഞ്ഞ ഓമനയുടെ പിന്നാലെ എത്തിയ നിനോ മാത്യു കുട്ടിയെ ഒക്കത്തെടുത്തു നിന്നിരുന്ന ഓമനയെ ബേസ്ബോൾ സ്റ്റിക്ക് കൊണ്ട് അടിച്ചുവീഴ്ത്തി, കഴുത്തിൽ തുരുതുരെ വെട്ടുകയായിരുന്നു. തുടർന്നു കുട്ടിയെയും വെട്ടിക്കൊലപ്പെടുത്തി. നാലു വയസ്സുകാരിയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നശേഷം വാതിലിനിടയിൽ മറഞ്ഞുനിന്നു. ബൈക്കിൽ വീട്ടിലെത്തിയ ലിജീഷ് അകത്തു കയറുന്നതിനിടെ മുഖത്തു മുളകുപൊടിയെറിഞ്ഞു കഴുത്ത് ലക്ഷ്യമാക്കി വെട്ടുകയായിരുന്നു. ആദ്യവെട്ട് തടുത്ത് അലറിക്കരഞ്ഞു പുറത്തേക്കോടിയ ലിജീഷിനെ പിന്തുടർന്നു വെട്ടിവീഴ്ത്തി വീടിനു താഴെയുള്ള ഇടവഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോഴേക്കും ഓമനയും ചെറുമകളും മരിച്ചിരുന്നു.