നിയമസഭാ തിരഞ്ഞെടുപ്പ്: ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാത്ത തിരുവനന്തപുരം

തിരുവനന്തപുരം: തലസ്ഥാനത്ത് തീപ്പാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവന്തപുരം മണ്ഡലം. മാറിമറിയുന്ന മുന്നണി ബന്ധങ്ങള്‍ക്കിടെയും തിരുവനന്തപുരം...

നിയമസഭാ തിരഞ്ഞെടുപ്പ്: ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാത്ത തിരുവനന്തപുരം

election-1

തിരുവനന്തപുരം: തലസ്ഥാനത്ത് തീപ്പാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവന്തപുരം മണ്ഡലം. മാറിമറിയുന്ന മുന്നണി ബന്ധങ്ങള്‍ക്കിടെയും തിരുവനന്തപുരം ഇതുവരെ ഒരു രാഷ്ട്രീയ ചേരിക്കും കുത്തകയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് മണ്ഡലത്തിന്റെ പ്രത്യേകത. പ്രമുഖരായ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലം പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുള്ളത്.

ആരോഗ്യമന്ത്രിയായ വിഎസ് ശിവകുമാറാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. വികസനനേട്ടങ്ങള്‍ മുന്‍നിര്‍ത്തി സിറ്റിംഗ് സീറ്റ് പിടിക്കാന്‍ യുഡിഎഫ് വലിയ ശ്രമം നടത്തുന്നുണ്ട്. ആരോഗ്യരംഗത്തും അടിസ്ഥനസൗകര്യ വികസനവും വലിയ നേട്ടമായി ശിവകുമാര്‍ ഉയര്‍ത്തി കാട്ടുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരളാകോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ ആന്റണി രാജുവാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. തീരദേശ മേഖലയില്‍ ആന്റണി രാജുവിനുള്ള സ്വാധീനമാണ് സിപിഐ(എം) നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. തദ്ദേശ തിരെഞ്ഞെടുപ്പിലെ വലിയ മുന്നേറ്റത്തിന്റെ തരംഗം നിലനിര്‍ത്താന്‍ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറക്കിയിരിക്കുന്നത് ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ്. ഗ്ലാമര്‍ താരങ്ങള്‍ക്ക് വോട്ട് ചെയ്യുന്ന വിഭാഗത്തെ സ്വാധിനിക്കാനാകുമെന്ന് പ്രതീക്ഷുമ്പോള്‍ വോട്ടുകച്ചവടത്തിനു കളമൊരുങ്ങുന്നുവെന്നാണ് മറുവശത്തെ ആക്ഷേപം.


ശിവകുമാര്‍ ഞങ്ങള്‍ക്കെന്ത് നല്‍കി എന്ന് തീരദേശം

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മുന്‍ വിജയികൂടിയായ വി.എസ്. ശിവകുമാര്‍, രണ്ടാം വട്ടവും മല്‍സരത്തിനിറങ്ങുമെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മന്ത്രിയെ പരാജയപ്പെടുത്തി ആദ്യ തവണ തന്നെ മന്ത്രി കസേരയിലെത്തിയ വ്യക്തി കൂടിയാണ്് ശിവകുമാര്‍. മന്ത്രിയായ ശേഷം സ്വന്തം വകുപ്പുകളില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍, മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുമ്പോള്‍ വെല്ലുവിളിയാകുന്നത് വികസന തട്ടിപ്പുകാരന്‍ എന്ന ആരോപണം മറികടക്കുക എന്നതാണ്. തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

കോട്ടിഘോഷിക്കപ്പെട്ട സീറോ ലാന്‍ഡ് പദ്ധതിയില്‍ ഞങ്ങളെവിടെ എന്ന് ചോദിക്കുന്നത് കടല്‍കയറി വീട് നഷ്ടപ്പെട്ട് വലിയതുറയിലെ സ്‌കൂളില്‍ നാല് വര്‍ഷമായി താമസിക്കുന്ന നിരവധി കുടുംബങ്ങളാണ്. 100 കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. പുലിമുട്ട് അശാസ്ത്രീയമാണ് എന്ന് പറയുമ്പോഴും ഇത് പോലും വാഗ്ദാനങ്ങളില്‍ മാത്രമാണ് പലയിടത്തും. വിഴിഞ്ഞം പദ്ധതി നടപ്പിലാകുമ്പോള്‍ അത് ബാധിക്കുന്നത് വലിയതുറ ഉള്‍പ്പടെയുള്ള പ്രദേശങ്ങളെ കുടെയാണ്. 125 ഏക്കര്‍ അദാനിക്ക് നല്‍കാന്‍ സുമനസ്സ് കാട്ടിയ സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ എന്ത് പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പോലും ഉയരുന്നില്ല.

ആരോഗ്യ രംഗത്ത് വിഎസ് ശിവകുമാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ അവകാശപ്പെടുമ്പോള്‍ സ്ത്രീകള്‍ക്കായി പ്രസവാശുപത്രിയോ കുട്ടികള്‍ക്ക് മികച്ച ചികിത്സാ സംവിധാനങ്ങളോ നല്‍കാന്‍ മന്ത്രി ഒന്നും ചെയ്തില്ല എന്നും ജനങ്ങള്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ പ്രഖ്യാപിച്ച് തങ്ങളെ വിഡ്ഡികളാക്കേണ്ട എന്നാണ് തീരദേശവാസികള്‍ പറയുന്നത്്.

മാലിന്യകുമ്പാരമായി മാറിയ പാര്‍വ്വതി പുത്താനാര്‍ ദുരിത ജീവിതമാണ് വര്‍ഷങ്ങളായി നഗരവാസികളെ പോലെ തന്നെ തീരദേശവാസികള്‍ക്കും സമ്മാനിക്കുന്നത്. മാലിന്യ കുമ്പാരത്തിന് ചുറ്റും ജിവിച്ച് നിരവധി കുട്ടികള്‍ക്ക് മാറാരോഗങ്ങള്‍ പിടിപെട്ടു. വരള്‍ച്ചയിലും മഴക്കാലത്തും ശുദ്ധജലത്തിന് വേണ്ടി പൊതു ടാപ്പിന് മുന്നില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. ഇവക്കൊക്കെ കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങളല്ലാതെ നടപ്പില്‍ വരുത്താന്‍ യാതൊന്നും ചെയ്തിട്ടുമില്ല. വലിയതുറ കടല്‍പ്പാലം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കിഴക്കേക്കോട്ടയിലെ ഗതാഗത കുരുക്ക്, രാജാജി നിവാസികളുടെ താമസ പ്രശ്നം, പൂന്തുറയിലെ മാതൃകാ മത്സ്യ ഗ്രാമം, വലിയതുറയിലെ ഫിഷിങ് ഹാര്‍ബര്‍, വേളിയിലെ ടൂറിസ്റ്റ് വില്ലേജ് വികസനം, നഗരത്തിലെ മാലിന്യ പ്രശ്നം, ഓപറേഷന്‍ അനന്തക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദരിദ്രര്‍ക്ക് മികച്ച ചികിത്സ ലഭിച്ചിരുന്ന ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും മെഡിക്കല്‍ കോളജ് റഫറല്‍ ആശുപത്രിയാക്കി മാറ്റി സാധാരണക്കാരുടെ ചികിത്സാ സൗകര്യം പോലും നിഷേധിച്ചിരിക്കുന്നു എന്ന ആരോപണവും ശക്തമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും സംയോജിപ്പിച്ച് മെഡിക്കല്‍ കോളേജായി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകം മാത്രമാണെന്നാണ് ആരോപണം. ഒരേ നഗരത്തില്‍ രണ്ട്്് മെഡിക്കല്‍ കോളേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകള്‍ നിരവധിയാണ്.

ബാര്‍കോഴ, ആരോഗ്യ ദേവസ്വം അഴിമതികള്‍ എന്നിവയിലില്ലൊം ശിവകുമാറിന്റെ പേര് പല തവണ ചര്‍ച്ചകളില്‍ നിറഞ്ഞു എന്നതും തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുന്നത് എങ്ങിനെയെന്ന് കണ്ടറിയണം. ഇതിനൊക്കെ ഉപരിയാണ് കോണ്‍ഗ്രസിലെ ഗ്രുപ്പ് പോര്. ചുരുക്കത്തില്‍ യുഡിഎഫിന്് മുന്‍തുക്കമുള്ള മണ്ഡലമാണെങ്കില്‍ കൂടിയും ഇത്തവണ ശിവകുമാറിന് അത്ര എളുപ്പമല്ല.

തീരദേശ മേഖലയല്‍ ആന്റണി രാജുവിനുള്ള സ്വാധീനം തിരുവനന്തപുരത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളകോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫിലേക്ക് എത്തിയ രാജുവിന് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അതൃപ്തരാണ്. എന്നാല്‍ നേരത്തെ ആന്റണി രാജു തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സീറ്റ് നിഷേധിച്ച വി. സുരേന്ദ്രന്‍പിള്ള ആന്റണി രാജുവിനും എല്‍ഡിഎഫിനും ഭീഷണിയാണ്. മുന്‍പ് എംഎല്‍എ ആയിരുന്ന കാലയളവില്‍ സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിച്ചത്്് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ സ്മരിക്കുമെന്നാണ് ആന്റണി രാജുവിന്റെയും എല്‍ഡിഎഫിന്റെയും പ്രതീക്ഷ.

തിരുവന്തപുരത്ത് ആര്‍എസ്എസിന് സ്വാധനമുള്ള മണ്ഡലമാണ് സെന്‍ട്രല്‍. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. ഐപിഎല്‍ ഒത്തുകളി ആരോപണങ്ങള്‍ ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി തകര്‍ത്തപ്പോഴെല്ലാം കേരളത്തിലെ ആരാധകര്‍ ഈ മുപ്പത്തിമൂന്നുകാരനൊപ്പം നിലയുറപ്പിച്ചിരുന്നു. ഈ ഘടകങ്ങളാവും ശ്രീശാന്തിനെ രാഷ്്രടീയത്തില്‍ ഇറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചതും. സ്വന്തം മണ്ഡലമായ തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി ശ്രീയെ തിരുവനന്തപുരത്തേക്കു നിയോഗിക്കുകയായിരുന്നു. ഗ്ലാമര്‍ താരത്തിന് ഉപരിവര്‍ഗത്തിനെയെങ്കിലും സ്വാധീനിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശ്രീശാന്തിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലി ബി.ജെ.പി നേതൃത്വത്തില്‍ ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ തിരുവനന്തപുരം മണ്ഡലത്തിലേക്ക് നിയോഗിച്ചത്് മുന്‍ പ്രസിഡണ്ട് വി. മുരളീധരനെ അനുകൂലിക്കുന്ന നേതാക്കളെ ചൊടിപ്പിച്ചിച്ചിട്ടുണ്ട്. ഇവിടെ വോട്ട് അട്ടിമറി ആരോപണം ശക്തമാണ്. ക്രീസിലെ കേമന്‍മാരെ തെറുപ്പിച്ച ശ്രീശാന്തിന്റെ ബൗളിംഗ് രാഷ്രീയത്തില്‍ ഫലിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശും ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുണ്ട്.

രാഷ്ട്രീയ ചരിത്രം

തലസ്ഥാനം പിടിക്കുന്ന മുന്നണിയാകും സംസ്ഥാനം ഭരിക്കുന്നത് എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുമ്പോള്‍ ഏത് തിരഞ്ഞെടുപ്പ് നടന്നാലും ശ്രദ്ധാകേന്ദ്രമാവുക തിരുവനന്തപുരത്തിന്റെ രാഷ്ട്രീയചിത്രം തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തിരുവനന്തപുരം മണ്ഡലം രൂപീകരിച്ചത്. പുതിയ മണ്ഡലം നിലവില്‍ വന്നതോടെ തിരുവനന്തപുരം നോര്‍ത്ത്, വെസ്റ്റ, ഈസ്റ്റ് എന്നീ മണ്ഡലങ്ങള്‍ ഇല്ലാതായി. തിരുവനന്തപുരം ഈസ്റ്റ്, തിരുവനന്തപുരം വെസ്റ്റ് എന്നിവയുടെ പകുതിഭാഗം കൂട്ടിച്ചേര്‍ത്താണ് പുതിയ മണ്ഡലത്തിന് രൂപം നല്‍കിയത്. രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പ് സഖ്യങ്ങളുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം പ്രതിഫലിക്കുന്ന ഇടമാണ് തിരുവനന്തപുരം മണ്ഡലം. ആകെയുള്ള 190882 വോട്ടര്‍മാരില്‍ 98409 സ്ത്രീകളും 92473 പുരുഷന്മാരുമാണ്. എല്‍ഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള നിരവധി പ്രദേശങ്ങളുണ്ടെങ്കിലും ബിജെപിയും പിന്നിലല്ല. ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഇരു മുന്നണികളെയും മറികടന്നു.

മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 5352 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനര്‍ത്ഥി വി എസ് ശിവകുമാര്‍ വിജയിച്ചത്. 49122 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. 1987, 1996, 2006 വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു സംസ്ഥാന ഭരണം. ഈ വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. 1996ല്‍ ഒമ്പത് സീറ്റും 2006ല്‍ 10 സീറ്റും എല്‍ഡിഎഫ് നേടി. യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന 1991, 2001, 2011 വര്‍ഷങ്ങളില്‍ തലസ്ഥാന ജില്ലയും ഐക്യമുന്നണിക്കൊപ്പം നിന്നു. 1991ല്‍ എട്ടും 2001ല്‍ ഒരു സ്വതന്ത്രനടക്കം 10ഉം 2011ല്‍ ആദ്യം എട്ടും പിന്നീട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഒമ്പതും സീറ്റാണ് ജില്ലയിലെ യുഡിഎഫ് സമ്പാദ്യം. നെയ്യാറ്റിന്‍കരയില്‍ 2011ല്‍ ജയിച്ചത്് ശെല്‍വരാജാണ് സിപിഐ(എം)ല്‍ നിന്ന് കൂറുമാറി യുഡിഎഫിലെത്തിയ ശെല്‍വരാജ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതും ചരിത്രം.

1980ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ കരുത്തനായ കമ്മ്യുണിസ്റ്റ് നേതാവായിരുന്ന സി.പി.ഐയുടെ എം.എന്‍.ഗോവിന്ദന്‍ നായരെ കന്നി അങ്കക്കാരനായ എ. നീലലോഹിതദാസന്‍ നാടാര്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 1989ല്‍ ഒ.എന്‍.വി കുറുപ്പിനെ എ.ചാള്‍സ് അര ലക്ഷത്തിലധികം വോട്ടുകള്‍ക്ക്്് തോല്‍പ്പിച്ചതും ശ്രദ്ധേയമാണ്. സുനന്ദപുഷ്‌കറിന്റെ മരണത്തിന് ശേഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂരിനായിരുന്നു വിജയം.

ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ ആകെ 2,97,806 വോട്ടുകള്‍ നേടിയപ്പോള്‍ 2,82,336 വോട്ടുകള്‍ നേടി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാമിന് 2,48,941 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. മണ്ഡല പുനര്‍നിര്‍ണയത്തിന് മുമ്പ് തിരുവനന്തപുരം വെസ്റ്റില്‍ 2006 ല്‍ എല്‍ഡിഎഫിലെ വി സുരേന്ദ്രന്‍ പിള്ള 13193 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതിന് മുമ്പ് 2001 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയി എംവി രാഘവന്‍ 8381 വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്. 1996 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു 6894 വോട്ടുകള്‍ക്കാണ് ജയിച്ചത്. തിരുവനന്തപുരം ഈസ്റ്റിലും എല്‍ഡിഎഫും യുഡിഎഫും മാറി മാറി വിജയിച്ച ചരിത്രമാണുള്ളത്.

കഴിഞ്ഞതവണ 14ല്‍ ഒമ്പതും യുഡിഎഫ് നേടിയപ്പോള്‍ രണ്ടു സീറ്റിനാണ് എല്‍ഡിഎഫിന് ഭരണം പോയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണി നിലനിര്‍ത്തിയെങ്കിലും ബിജെപി 35 വാര്‍ഡുകളില്‍ വിജയിച്ചു രണ്ടു മുന്നണികളേയും ഞെട്ടിച്ചു. യുഡിഎഫ്. മൂന്നാം സ്ഥാനത്തെക്ക് തള്ളപ്പെട്ടു. 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിലൂടെ ബി.ജെ.പി. തിരുവനന്തപുരം, വട്ടിയൂര്‍കാവ്, നേമം, കഴകൂട്ടം എന്നീ നിയോജകമണ്ഡലങ്ങളില്‍ ഒന്നാമതെത്തി.

തിരുവനന്തപുരം നഗരസഭയിലെ 26 മുതല്‍ 30വരെയുളള വാര്‍ഡുകളും, 40 മുതല്‍ 47വരെയും 59, 60, 69 മുതല്‍ 75വരെയും, 77, 78, 80 വാര്‍ഡുകളുമാണ് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന് കീഴിലുളളത്.

സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും വിമാനത്താവളവും റയില്‍വേ സ്റ്റേഷനും ഒക്കെ അടങ്ങിയ മണ്ഡലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരക്കാരും ഏറെയുള്ള സ്ഥലം കൂടിയാണ്. ഇവിടെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. തലസ്ഥാന ജില്ല ഒരു മുന്നണിയോടും സ്ഥിരമായ രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്താറില്ലെന്നതാണ് സത്യം. അതതു കാലത്തെ രാഷ്ട്രീയാന്തരീക്ഷം, വികസന പദ്ധതികള്‍, സ്ഥാനാര്‍ഥികളുടെ മികവ്, സാമുദായിക താല്‍പ്പര്യങ്ങള്‍ എന്നിവയൊക്കെ പോളിംഗ് ബുത്തില്‍ പ്രതിഫലിക്കാറുണ്ട്. സാമുദായിക സമവാക്യങ്ങളും വലിയ പങ്ക് ചെലുത്തും. വിവിധ ജില്ലകളില്‍ നിന്നെത്തി തിരുവനന്തപുരത്തുകാരായി രൂപാന്തരപ്പെട്ട ജനസഞ്ചയത്തിന്റെ രാഷ്ട്രീയ നിലപാടുകളും നിഷ്പക്ഷ വോട്ടുകളും വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു മണ്ഡലമെന്ന നിലയിലും തിരുവനന്തപുരം മണ്ഡലം പ്രവചനാതീതമാണ്.

ഇത്തവണ ആര്‍എസ്പി ഇടതുമുന്നണി വിട്ടു യുഡിഎഫിലെത്തി. ജെഎസ്എസ് യുഡിഎഫ്. വിട്ടു. കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു ആന്റണി രാജുവും കൂട്ടരും എല്‍ഡിഎഫില്‍ ചേക്കേറി. ബിഡിജെഎസിന്റെ രുപീകരണവും ബിജെപിയുമായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടലെടുത്ത തര്‍ക്കങ്ങളുമൊക്കെ പല അളവില്‍ അങ്ങിങ്ങായി പ്രതിഫലിക്കും.

പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കുന്ന തലസ്ഥാന നഗരിയിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.