മലപ്പുറത്ത് ഏഴിടത്ത് മത്സരം ഇഞ്ചോടിഞ്ച്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏഴിടത്ത് നടക്കുന്നത് തീപ്പാറുന്ന മത്സരങ്ങളാണ്. മങ്കട, നിലമ്പൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, തവനൂര്‍, താനൂര്‍, തിരൂര്‍,...

മലപ്പുറത്ത് ഏഴിടത്ത് മത്സരം ഇഞ്ചോടിഞ്ച്

ldf-election

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏഴിടത്ത് നടക്കുന്നത് തീപ്പാറുന്ന മത്സരങ്ങളാണ്. മങ്കട, നിലമ്പൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, തവനൂര്‍, താനൂര്‍, തിരൂര്‍, ,  എന്നിവിടങ്ങളിലാണ് ശക്തമായ മത്സരം നടക്കുന്നത്. ഇതില്‍ പൊന്നാനിയും തവനൂരും എല്‍.ഡി.എഫിന്റെ സിറ്റിങ്ങ് മണ്ഡലങ്ങളാണ്. മറ്റ് അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റുകളാണ്.

മങ്കട
14 തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മാത്രമാണ് മങ്കട എല്‍.ഡി.എഫ് പക്ഷത്തേക്ക് പോയത്. ഇതില്‍ രണ്ടു തവണയും വിജയിച്ചത് മഞ്ഞളാംകുഴി അലിയാണ്. ഇത് കൂടാതെ 1965 ല്‍ 1293 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലൊളി മുഹമ്മദ്കുട്ടി ജയിച്ചിട്ടുണ്ട്.  തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഴ്ച്ച വെച്ച മികച്ച പ്രകടനമാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം. പോരാട്ടം ശക്തമാക്കി മങ്കട പിടിക്കുമെന്ന വാശിയിലാണ് സി പി എം.  ലോകസഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ നിയമസഭയിലേക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടുകളാണ് യു.ഡി. എഫിന് ലഭിച്ചത്.   സിറ്റിങ്ങ് എം.എല്‍.എ  ടി. കെ അഹമ്മദ് കബീറും ഡി.വൈ.എഫ് .ഐയുടെ തീപ്പൊരി നേതാവും അങ്ങാടിപ്പുറം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ: ടി.കെ റഷീദലിയും തമ്മിലാണ് ഇവിടെ മത്സരം. യു.ഡി.എഫിന് അനുകൂലമായ മണ്ഡലമാണെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്.


നിലമ്പൂര്‍
ഇവിടെ മത്സരം ഇഞ്ചോടിഞ്ചാണ്. കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നതാണ് സ്ഥിതി. .മണ്ഡലത്തിലെ മത സംഘടനകളുടെ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴും എന്നത് സംബന്ധിച്ചായിരിക്കും അന്തിമഫലം . ആര്യാടന്‍ ഷൗക്കത്തിനെ നേരിടുന്നത് കോണ്‍ഗ്രസ് പാരമ്പര്യമുള്ള സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥി  പി വി അന്‍വറാണ്. ഷൗക്കത്തിന് സീറ്റ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഇവരുടെ വോട്ടുകളും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലെ വോട്ടുകളും അന്‍വറിന് പെട്ടിയിലെത്തിക്കാന്‍ കഴിയുമെന്നാണ് സി പി എം വിശ്വാസം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ഈ മണ്ഡലത്തില്‍ മത്സരിച്ച് 6811 വോട്ടുകള്‍ അന്‍വര്‍ നേടിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 5598 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആര്യാടന്‍ മുഹമ്മദ് നേടിയത്. പക്ഷെ ലോകസഭയായപ്പോഴേക്കും അത് 3266 ആയി കുറഞ്ഞു.

പൊന്നാനി
സി പി എമ്മിലെ സിറ്റിങ്ങ് എം എല്‍ എ ശ്രീരാമക്യഷ്ണന്‍ നല്ല ആത്മ വിശ്വാസത്തിലാണെങ്കിലും ശക്തമായ മത്സരത്തിന് പൊന്നാനി വേദിയായി കഴിഞ്ഞു.1967 നു ശേഷം ഒരു മുന്നണിയേയും തുടര്‍ച്ചയായി വിജയിക്കുന്ന പാരമ്പര്യം പൊന്നാനിക്കില്ലെങ്കിലും ഇതിന് മാറ്റം വരുത്തിയത്  ശ്രീരാമക്യഷ്ണനാണ്.ഇവിടെ രണ്ടു തവണയിലധികമായി വിജയിക്കുന്ന ശ്രീരാമക്യഷ്ണനെ നേരിടുന്നത്  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി.ടി അജയമോഹനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4101 വോട്ടുകളായിരുന്നു ഭൂരിപക്ഷം. അത് ലോകസഭ തെരഞ്ഞെടുപ്പില്‍ 7658 വോട്ടായി ഉയര്‍ന്നു. തദ്ദേശത്തിലും നേട്ടമാണ് ഉണ്ടായത്. അതെ സമയം പി ഡി പി പോലുള്ള ചില ചെറുകക്ഷികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇടതിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കും എന്ന് യു ഡി എഫ് കരുതുന്നു.

പെരിന്തല്‍മണ്ണ
1957 മുതലുള്ള തെരഞ്ഞെടുപ്പില്‍ 14 തെരഞ്ഞെടുപ്പില്‍ ഒന്‍പത് തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗും അഞ്ചെണ്ണത്തില്‍ ഇടതും ജയിച്ചു. മണ്ഡലത്തില്‍ ജനപ്രീതിയുള്ള രണ്ട് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനീതമാണ്. സിറ്റിങ്ങ് എം.എല്‍.എയും മന്ത്രിയുമായ മഞ്ഞളാംകുഴി അലിയെ നേരിടുന്നത് മണ്ഡലത്തില്‍ നിന്ന് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വി. ശശികുമാറാണ്. മുമ്പ് ഇടതിനൊപ്പമായിരുന്നപ്പോള്‍ ലീഗ് കോട്ടയായ മങ്കടയില്‍ രണ്ട് തവണ ഇടതിന് വിജയം നേടി കൊടുത്ത മഞ്ഞളാംകുഴി അലി അത്  പെരിന്തല്‍മണ്ണയില്‍ ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫ് വിശ്വാസം. എന്നാല്‍ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും ചില പഞ്ചായത്തുകളും നേടിയതാണ് ഇടത് പ്രതീക്ഷ. പക്ഷെ കഴിഞ്ഞ ലോകസഭ, നിയമസഭ ഭൂരിപക്ഷങ്ങള്‍ യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മത്സരം ശക്തമാണ്.

തവനൂര്‍
സി പി എം സ്വതന്ത്രന്‍ കെ.ടി ജലീലിനെ നേരിടുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീനാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷം ലോകസഭയിലേക്ക് വര്‍ദ്ധിച്ചതിന്റെ ആത്മ വിശ്വാസം ഇടതിനുണ്ട്. പി. ഇഫ്തിഖാറുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ ആത്മവിശ്വാസം യു ഡി എഫിന് നല്‍കുന്നുണ്ട്. അതു കൊണ്ടു തന്നെ മണ്ഡലം യു. ഡി.എഫ് തിരിച്ചു പിടിക്കുമെന്ന വിധത്തില്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്.

താനൂര്‍.
മുസ്ലീംലീഗ് മാത്രം ജയിച്ചിട്ടുള്ള മണ്ഡലമാണ് താനൂര്‍. ലീഗിലെ സിറ്റിങ്ങ് എം.എല്‍ എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ നേരിടുന്നത്  വി അബ്ദുറഹ്മാനാണ്. മമുന്‍ കോണ്‍ഗ്രസ് നേതാവും തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായിരുന്ന വി അബ്ദുറഹ്മാന് മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകളില്‍ പ്രതീക്ഷയുണ്ട്.  അതുകൊണ്ട് തന്നെയാണ്  ഇത്തവണ മത്സരം കടുക്കുന്നത്.

തിരൂര്‍
മുസ്ലീംലീഗിന്റെ തേരോട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരൂര്‍. പക്ഷെ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറിനെ സി പി എമ്മിലെ പി പി അബ്ദുല്ലക്കുട്ടി 2006 ല്‍ തോല്‍പ്പിച്ചത് ചരിത്രമായി. സിറ്റിങ്ങ് എം.എല്‍.എ ലീഗിലെ സി മമ്മൂട്ടിയും ഇടത് സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസും തമ്മിലാണ് മത്സരം. യു.ഡി.എഫില്‍ കോണ്‍ഗ്രസിലും ലീഗിലുമുള്ള അസ്വാരസങ്ങള്‍ കഴിഞ്ഞ തദ്ദേശത്തില്‍ ഇടതിന് തുണയാകുന്നതാണ് കണ്ട്ത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 23566 വോട്ട് ഭൂരിപക്ഷം ലോകസഭയിലേക്ക് 7000 വും തദ്ദേശത്തിലേക്ക് 4300 വോട്ടായി കുറഞ്ഞതുമാണ് ഇടത് പ്രതീക്ഷ.