എല്‍ഡിഎഫിന്റെ 25 ലക്ഷം തൊഴിലും, യുഡിഎഫിന്റെ 15 ലക്ഷം തൊഴിയും!

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക ഇന്ന് പ്രയാസം അനുഭവിക്കുന്നത് തൊഴിലില്ലായ്മയിലാണ്. എങ്ങനെ തൊഴില്‍ കൊടുക്കും എന്ന് ആശങ്കപ്പെടുന്ന...

എല്‍ഡിഎഫിന്റെ  25 ലക്ഷം തൊഴിലും, യുഡിഎഫിന്റെ 15 ലക്ഷം തൊഴിയും!

udf

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക ഇന്ന് പ്രയാസം അനുഭവിക്കുന്നത് തൊഴിലില്ലായ്മയിലാണ്. എങ്ങനെ തൊഴില്‍ കൊടുക്കും എന്ന് ആശങ്കപ്പെടുന്ന ഇവര്‍ക്ക് കേരത്തിലെ സഖാക്കന്മാരുടേയും ഖദര്‍ധാരികളുടെയും ഉപദേശം സ്വീകരിക്കാവുന്നതാണ്. ഇതില്‍ കൂടുതല്‍ വ്യത്യസ്തമായി ഇതില്‍ പരം തൊഴില്‍ എങ്ങനെ കൊടുക്കാം എന്ന് ഒരു സാമ്പത്തിക വിദഗ്ദ്ധനും പറഞ്ഞിട്ടുണ്ടാവില്ല.അങ്ങനെയാണ് ഇരുമുന്നണികളുടെയും പ്രകടന പത്രികയിലെ തൊഴില്‍ വാഗ്ദാനങ്ങള്‍.


cap4വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്‍ഡിഎഫ്  പ്രസിദ്ധപ്പെടുത്തിയ പ്രകടന പത്രികയില്‍ അന്നത്തെ കാലത്തും സ്വപ്നതുല്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വാഗ്ദാനം ഉണ്ടായിരുന്നു. 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്നായിരുന്നു അത്. ഇത് എങ്ങനെ നടപ്പിലാക്കും എന്ന് ആരാഞ്ഞപ്പോള്‍ സുഹൃത്തായ സഖാവ് ഒരു കഥ പറഞ്ഞു.. തൊഴില്‍ ഇല്ലാത്ത ഒരാളുടെ വീട്ടില്‍ ഞങ്ങള്‍ 10 കോഴിയെ വീതം നല്‍കും. അപ്പോള്‍ അവര്‍ക്ക് തൊഴിലായി, ആ കോഴികള്‍ അടുത്ത വീട്ടിലെ കപ്പയും ചേനയും പോയി ചികയും. അപ്പോള്‍ അയല്‍ക്കാര്‍ക്കും പണിയായി. അവര്‍ അതിനെ കല്ലെറിഞ്ഞു കൊല്ലും, അപ്പോള്‍ പോലീസിനും പണിയാകും. ഒടുവില്‍ ഇതെല്ലാം പരിഹരിക്കാന്‍ ഡയറിയും കക്ഷത്തില്‍ വച്ചു ഒരു ലോക്കല്‍ സഖാവുമെത്തും. അങ്ങനെ സഖാവിനും ഒരു പണിയാകും... 10 കോഴികളിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ശാസ്ത്രമാണ് ഇന്നും നമ്മുടെ  ഭരണകര്‍ത്താക്കള്‍ സ്വപ്നം കാണുന്നതെന്ന് തോന്നി പോകുന്നു.

റോബര്‍ട്ട് ജെ ഗോര്‍ഡന്‍ എഴുതിയ ' Rise and fall of American growth', എന്ന പുസ്തകത്തില്‍ കമ്പ്യൂട്ടര്‍വത്കരണത്തെ തുടര്‍ന്ന് അമേരിക്ക കണ്ട സ്വപനങ്ങളും നടത്തിയ വാഗ്ദാനങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഐടി മേഖലയിലെ അമേരിക്കയുടെ കുതിച്ചു ചാട്ടം കുറഞ്ഞത് 100 വര്‍ഷങ്ങള്‍ എങ്കിലും അവരെ ലോകരാജ്യങ്ങളിലെ സമ്പന്ന രാഷ്ട്രം എന്ന പദവി നിലനിര്‍ത്തുമെന്ന് അവര്‍ പ്രവചിച്ചു. തൊഴില്‍ സംബന്ധമായ ഒരു ഭീഷണിയും തങ്ങള്‍ക്കുണ്ടാവില്ലെന്നു അവര്‍ ആശ്വാസം കൊണ്ടു. എന്നാല്‍ നടന്നതെന്താണ്? ഹാര്‍ഡ്വെയര്‍ രംഗത്ത് ചൈനയും സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്ത്യയും ആധിപത്യം നേടി കൊണ്ട് അമേരിക്കന്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ലോകത്തിലെ പ്രമുഖ ബ്രാന്‍ഡായ ആപ്പിള്‍ നിര്‍മാതാക്കള്‍ പോലും തങ്ങളുടെ വ്യവസായത്തിന്നു ഈ രണ്ടു രാജ്യങ്ങളുടെ തൊഴിലാളി സ്രോതസ്സുകളെ മുഖ്യമായും ഉപയോഗിക്കുന്നതില്‍ നിന്ന് തന്നെ മേല്‍വിവരിച്ച കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്. അങ്ങനെയാണ് ഇന്ത്യയിലും കേരത്തിലും ഐടി വിപ്ലവം ഉണ്ടാകുന്നത്.

chennitha-sudheeran-oommen-chandy

തങ്ങളുടെ സമ്പത്ത് പ്രയോജനപ്പെടുത്തുന്നത് ഇന്ത്യയും ചൈനയുമാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് പറയുന്നത് ഈ സഹാചര്യത്തിലാണ്. വിഡ്ഢിത്തം പുലമ്പുന്ന ശതകോടീശ്വരന്‍ എന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്ന ട്രംപ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തന്റെ സ്ഥാനം ഉറപ്പിച്ചു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള അമേരിക്കന്‍ പൗരത്വം ഇല്ലാത്തവരെയെല്ലാം തിരികെ പറഞ്ഞു വിടുമെന്നു ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ വന്നാല്‍ അത് കേരളത്തിനെ ശരിക്കും ബാധിക്കും. കാരണം, ഈ പറയുന്ന രാഷ്ട്രീയ വാഗ്ദാനങ്ങള്‍ ഒക്കെയും കെട്ടി പൊക്കുന്നത് ഐടിയില്‍ ജോലി നല്‍കാം എന്ന പ്രതീക്ഷയിലാണ്.

ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നത് മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കും ബ്രെന്റ് ക്രൂഡ് ഓയില്‍ വില 40 ഡോളര്‍ തന്നെയായിരിക്കും എന്നാണ് ഇക്‌നോമിക് ഫോറം വിലയിരുത്തുന്നത്. അങ്ങനെ തുടരുകയാണെങ്കില്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു തിരികെ നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 47000 പേര്‍ ഇങ്ങനെ തിരിച്ചെത്തിയിട്ടുമുണ്ട്. ഇതെല്ലാം മണി ഓര്‍ഡര്‍ ഇക്‌ണോമിയില്‍ നില നില്‍ക്കുന്ന ഒരു സംസ്ഥാനത്തിന്റെ നട്ടെല്ല് കാര്യമായി തന്നെ ഒടിക്കും.

പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. ആകെയുള്ള 211 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നാലെണ്ണം മാത്രം ആണ് ലാഭത്തില്‍ ഉള്ളത്. കെഎസ്ഇബിയുടെ നഷ്ടം 1800 കോടി, കെഎസ്ആര്‍ടിസിയുടെ നഷ്ടം ആയിരം കോടി. ഇവയൊന്നും പുനരുദ്ധരിക്കുവാനുള്ള പായ്‌ക്കെജുകള്‍ ഒന്നും പ്രകടന പത്രികയില്‍ കണ്ടതുമില്ല. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, പുതിയ വിമാനത്താവളത്തെ പറ്റിയും പണി തീരാത്ത മെട്രോയെ കുറിച്ചുമൊക്കെയും ചര്‍ച്ചകള്‍ പിന്നെയും സജീവമാണ്. ഉള്ളതിന്റെ ബാധ്യതകള്‍ തീര്‍ക്കാതെ പുതിയതിനെ കുറിച്ചു വീമ്പിളക്കുന്നതിന്റെ സാമ്പത്തിക തന്ത്രം നവീനം തന്നെ.

ഇനിയും സര്‍ക്കാര്‍ മേഖലയില്‍ ആണ്  ഇവര്‍ ഭീമമായ തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെങ്കിലോ? ഒരു തൊഴിലവസരം സര്‍ക്കാര്‍ മേഖലയില്‍ സൃഷ്ടിക്കാന്‍ ഏകദേശം പത്തു ലക്ഷം രൂപ വാര്‍ഷിക ചിലവ് പ്രതീക്ഷിക്കപ്പെടുന്നു. ഏറ്റവും രസകരം കേരള സര്‍ക്കാര്‍ ഇപ്പോള്‍ 1630000 കോടി രൂപയുടെ കട ബാധ്യതയിലാണ് എന്നാണ്. ട്രഷറി എന്ന പണപ്പെട്ടിയില്‍ അവശേഷിക്കുന്നത് കേവലം 32,000 കോടി രൂപയും! ഈ കണക്കു നിയമസഭാ സാമാജികര്‍ ഉള്ളവരും ഇല്ലാത്തവരുമായ പാര്‍ട്ടികള്‍ അറിയാതെ തരമില്ല. അപ്പോള്‍ പിന്നെ ഈ ഒരു സാമ്പത്തിക അവസ്ഥ വെച്ച് ഏതു വിധേനയാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് പ്രകടന പത്രികയില്‍ എവിടെയും പ്രകടിപ്പിച്ചു കണ്ടതുമില്ല.

കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനങ്ങളും വിഭിന്നം ആയിരുന്നില്ല. താന്‍ പ്രധാനമന്ത്രിയായാല്‍ വെറും 6 മാസങ്ങള്‍ക്കകം തൊഴിലില്ലായ്മ പരിഹരിക്കും എന്നായിരുന്നു നരേന്ദ്ര മോഡി നല്‍കിയിരുന്ന വാഗ്ദാനം. പല 6 മാസങ്ങളും കഴിഞ്ഞു. തൊഴിലില്ലായ്മ അങ്ങനെ തന്നെ തുടരുന്നു.

pinarayi--kodiyerഎല്ലാ മുന്നണികളുടെയും പ്രകടനപത്രികയില്‍ തൊഴില്‍ല്ലായ്മയെ കുറിച്ചുള്ള ഖണ്ഡിക തീര്‍ച്ചയായും കാണും. അടിസ്ഥാനപരമായി യുവാക്കളെ ആകര്‍ഷിക്കാനാണ് ഈ തട്ടിപ്പ്. എന്നാല്‍,അടിസ്ഥാന വിദ്യാഭ്യാസത്തെ കുറിച്ചോ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചോ കാര്യമായ പരാമര്‍ശങ്ങള്‍ ഈ പത്രികകളില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്. തൊഴില്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നത് വിദ്യാഭ്യാസം നേടിയവരാണ് എന്നതാണു വസ്തുത. അവിദഗ്ദ്ധ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര പ്രയാസകരമല്ല. അവിദഗ്ദ്ധ തൊഴിലില്‍ മേഖലയില്‍ 10% ത്തില്‍ അധികം സംസ്ഥാനത്ത് ബംഗാളികളാണ് എന്നാണ് കണക്ക്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘവീക്ഷണമിലായ്മ എല്ലാ പ്രകടന പത്രികളിലും തെളിഞ്ഞു കാണാം.

കേരളത്തിന്റെ കാര്‍ഷിക സമ്പത്തില്‍ കണക്കുകള്‍ ക്രമപ്പെടുത്തുവാന്‍ കഴിയും എന്നാണ് ഇനി പ്രചരിപ്പിക്കുന്നതെങ്കില്‍, അവിടെയും നമ്മള്‍ ചരമഗീതം പാടി കഴിഞ്ഞിരിക്കുന്നു. 28 ലക്ഷം ഏക്കര്‍ കൃഷിയിടം ഉണ്ടായിരുന്നത് വെറും മൂന്നു ലക്ഷം ഏക്കര്‍ ആയി ചുരുങ്ങി. നെല്ല് കൃഷിയും കരകൃഷിയും ബഹുദൂരം പിന്നിലേക്ക് പോയി. ഇഞ്ചി, കാപ്പി, തേയില എന്നിവയും തകര്‍ച്ചയുടെ വക്കിലാണ്. റബ്ബര്‍ വിലയിടിഞ്ഞു 257 നിന്നും 100 രൂപയ്ക്കു ചുറ്റുമായി ഒതുങ്ങി. ഈ മേഖലകളില്‍ പഴയ പ്രതാപം ഇനി ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.

മദ്യനിയന്ത്രണം വന്നു. 700 ബാറുകള്‍ പൂട്ടിയതിന്നു ശേഷവും ഇവിടെ മദ്യ വില്‍പന കുറഞ്ഞിട്ടില്ല. പകരം 4000 കേസ് അധികം വില്‍പന നടന്നു. വിദേശ മലയാളികളുടെ അടച്ചിട്ടിരിക്കുന്ന വീടുകളും, ടാര്‍പ്പയിട്ട ഓട്ടോറിക്ഷകളും, കറുത്ത ചില്ലുള്ള കാറുകളും ഒക്കെ മദ്യശാലകളായി മാറി. 700 ന്നു പകരം 10,000 സ്രോതസ്സുകളില്‍ നിന്നും മദ്യം ലഭ്യമായി തുടങ്ങി. സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ കാണുന്നതു ബിവറേജസിന് മുന്നിലെ നീണ്ട ക്യു ആണ്. ക്യൂവില്‍ നിന്ന് മദ്യം വാങ്ങി കൊടുത്താല്‍ അവര്‍ക്കും കിട്ടും100 രൂപ...അവര്‍ക്കും ഒരു തൊഴിലായി!

ഉമ്മന്‍ചാണ്ടിയും, സുധീരനും കൂടി ആലോചിച്ചു തിരഞ്ഞെടുത്ത തൊഴില്‍ ദാനപദ്ധതി ഇനി ഇതായിരിക്കുമോ?