ഞങ്ങള്‍ തെരുവിന്റെ മക്കളല്ല..വെറും കുട്ടികളാണ്: തെരുവ് ബാല്യങ്ങളുടെ അന്താരാഷ്ട്ര ദിനം

ഇന്ന്, ഏപ്രിൽ 12, തെരുവ് ബാല്യങ്ങളുടെ അന്താരാഷ്ട്ര ദിനം. International Day for Street Children (IDSC). അവരുടെ ശബ്ദം ഉയരണം... അവരുടെ അവകാശങ്ങൾ...

ഞങ്ങള്‍ തെരുവിന്റെ മക്കളല്ല..വെറും കുട്ടികളാണ്: തെരുവ് ബാല്യങ്ങളുടെ അന്താരാഷ്ട്ര ദിനം

street-0

ഇന്ന്, ഏപ്രിൽ 12, തെരുവ് ബാല്യങ്ങളുടെ അന്താരാഷ്ട്ര ദിനം. International Day for Street Children (IDSC). അവരുടെ ശബ്ദം ഉയരണം... അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുത് - ഇതാണ് ഈ ദിനം കൊണ്ട് അർത്ഥമാക്കുന്നത്. ഐഡന്റിറ്റി (Identity)യാണ് 2016ലെ IDSC യുടെ ചിന്താവിഷയം.

തെരുവിന്റെ മക്കൾക്കു 'സ്വത്വം' ഉണ്ടാകുവാനും, അവരുടെ വ്യക്തിത്വവും അംഗീകരിക്കപ്പെടുവാനും ഈ ദിനത്തിന്റെ മേൽ വിലാസത്തിലെങ്കിലും ചർച്ച ചെയ്യപ്പെടുന്നുവെങ്കിൽ, അതിനുള്ള ഒരു ശ്രമമാണ് ' ഐഡന്റിറ്റി ' എന്ന് സംഘാടകര്‍ പറയുന്നു.


യു.എൻ നിന്റെ കണക്കുകൾ പ്രകാരം ഏകദേശം 150 മില്യൺ ബാല്യങ്ങളാണ് സ്വത്വബോധമില്ലാതെ തെരുവിൽ അന്തിയുറങ്ങുന്നത്. അവരും ഭൂമിയുടെ അവകാശികളാണ്, പക്ഷെ മൃഗങ്ങൾക്ക് ഒപ്പം തെരുവിലാണെന്ന് മാത്രം.

എന്താണ് ഐഡന്റിറ്റി എന്ന് ഒരു പക്ഷെ പൊതുജനം അധികം ഉത്കണ്ഠപ്പെടാറില്ല. ഇവിടെ ജീവിക്കുവാനുള്ള അവകാശം പതിച്ചു കിട്ടിയ പല രേഖകളും അവരുടെ പക്കൽ ഉണ്ട്. ജനനം സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കേറ്റ്, മേൽവിലാസം സ്ഥാപിക്കുന്ന ആധാർ കാർഡ്, വിവാഹം ഉറപ്പിക്കുന്ന മാര്യേജ് സർട്ടിഫിക്കേറ്റ്, പൗരവകാശം വിനയോഗിക്കുവാൻ വോട്ടേഴ്സ് ഐ.ഡി, വരുമാനം നിശ്ചയിക്കുന്ന പാൻ കാർഡ്, ഭൂമിയിലെ ആസ്തികൾക്ക് നൽകുന്ന വിവിധങ്ങളായ കരം അങ്ങനെയങ്ങനെ...ഒടുവിൽ മരണം ഉറപ്പിക്കുന്ന ഡെത്ത് സർട്ടിഫിക്കേറ്റ് വരെ! ഇവയൊക്കെയും കൈവശമുള്ളവർക്ക് ഐഡന്റിറ്റി ഒരു ദു:സ്വപ്നമല്ല.പക്ഷെ ഇവയിൽ ഏതെങ്കിലും ഒരു അക്ഷര തെറ്റിന്റെയെങ്കിലും പേരിൽ സർക്കാർ ഓഫീസിൽ കയറിയിട്ടുള്ളവർക്കറിയാം - 'ഞാൻ' എന്നത് സ്ഥാപിക്കുവാൻ എത്ര പ്രയാസമാണെന്ന്. അപ്പോൾ ആ തെരുവിലെ ബാല്യങ്ങളോ ?

ഇത്തരം കാർഡുകൾ ഏതുമില്ലാതെ എങ്ങനെയായിരിക്കും അവരുടെ നിലനിൽപ്പ്. ജീവിച്ചിരിക്കുന്നു എന്ന് അവർ എങ്ങനെ തെളിയിക്കും? പാവങ്ങളുടെ ഉന്നമനത്തിനായി സർക്കാരുകളുടെ വിവിധങ്ങളായ പദ്ധതികളുണ്ട്. പക്ഷെ, തെരുവിൽ ജീവിക്കുന്നു എന്നു കൊണ്ട് അവർക്ക് ഇത് ലഭിക്കില്ലല്ലോ. അതിനും അവർക്ക് വേണം ' ഐഡന്റിറ്റി '. അതിനുള്ള അന്വേഷണത്തിലാണ് ഇപ്പോഴും ഇവർ.street children


ഗാർഹിക പീഡനങ്ങൾ മുതൽ മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മാതാപിതാക്കളുടെ വിയോഗം, കുടുംബ ഛിദ്രത, പ്രകൃതിദുരന്തങ്ങൾ വരെ കുട്ടികളെ അനാഥരാക്കുന്നു. ആരെയും സ്വീകരിക്കുന്ന തെരുവിൽ അവർ എത്തിച്ചേരുന്നത് അങ്ങനെയെല്ലാമാണ്. പല തരത്തിലുള്ള ബാല്യങ്ങളുണ്ടിവിടെ... പണത്തിനായി പകൽ കൈ നീട്ടുകയും, പാലത്തിന്റെ അടിയിലോ, കടത്തിണ്ണയിലോ, റെയിൽവേ സ്റ്റേഷനിലോ അന്തിയുറങ്ങാൻ കുടുംബം ഉള്ള ഒരു കൂട്ടരും, പൂർണ്ണമായും അനാഥരായ വേറെ ചിലരും. ഇവരെല്ലാവരും തന്നെ ചൂഷണത്തിന്റെയും ആക്രമണത്തിന്റെയും നിഴലിലാണ്. വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് അവർക്ക് കേട്ടറിവുകൾ പോലുമില്ല. ശരിയായ പാർപ്പിടം, വിശപ്പിന് ഭക്ഷണം, ശരീരത്തിന്റെ സുരക്ഷ, മാനസികമായ സന്തോഷം ഇവയൊക്കെ അവരുടെ പാഴ് സ്വപ്നങ്ങളിൽ പോലുമുണ്ടാവില്ല... അവരെ അടിച്ചമർത്തി ഭയപ്പെടുത്തി നിശബ്ധമാക്കിയിരിക്കുകയാണ് സമൂഹം. ഐഡന്റിറ്റിയിലേക്കുള്ള പ്രയാണത്തിന് ഇനിയും ദൂരമേറെയാണ് എന്നതാണ് വസ്തുത.

സ്വയം തിരിച്ചറിയാൻ അവർക്ക് ലഭിക്കേണ്ടത് മൂല്യമുള്ള വിദ്യാഭ്യാസമാണെന്നതിന് ഒരു തർക്കവുമില്ല. കള്ളൻമാരെന്നും വൃത്തിക്കെട്ടവരെന്നും മുദ്രകുത്തപ്പെട്ട ഇവരെ സമൂഹം ഒരു മുൻവിധിയോടു കൂടി മാത്രമെ സമീപിക്കുകയുള്ളൂ. തെരുവിലെ കുട്ടികൾ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു ചിത്രം തെളിഞ്ഞു കഴിയും - 'വൃത്തികെട്ട വസ്ത്രം ധരിച്ച്, കുളിക്കാതെ, മുടി ചീവിയൊതുക്കാതെ ഒരു രൂപം'. അവർ ജനിച്ചത് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ.

മുതിർന്നവരുടെ ലോകം ഈ കുട്ടികൾക്ക് ഒരു ഭീതിസ്വപ്നമായി അവശേഷിക്കുന്നു. അനൗപചാരിക വിദ്യാഭ്യാസവും കൗൺസലിംഗും നൽകി അവരിൽ ആത്മവിശ്വാസം പകരേണ്ടതാണ് സമൂഹം ചെയ്യേണ്ടത്. പ്രാദേശിക സർക്കാരുകൾക്ക് ഈക്കാര്യങ്ങളിൽ ഗൗരവമായി ഇടപ്പെടുവാനും കഴിയണം. UNESCO യുടെ നേതൃത്വത്തിൽ വിവിധങ്ങളായ സ്വയം സഹായ സംരംഭങ്ങൾ നടന്നു വരുന്നത് സന്തോഷകരമായ വസ്തുതയാണ്. സന്തോഷത്തോടെ പാട്ടു പാടുകയും, നൃത്തം ചവിട്ടുകയും ചെയ്തു കൊണ്ട് , ബാല്യത്തിന്റെ കൗതുകങ്ങളെ മറന്നു പോകാതെ ഈ നിഷ്കളങ്ക ജീവിതങ്ങളും സമൂഹത്തെ നോക്കി പുഞ്ചിരിക്കട്ടെ...

not_streetkids

'ഞങ്ങള്‍ തെരുവിന്റെ മക്കള്‍ അല്ല...വെറും കുട്ടികള്‍ ആണ്' എന്ന മുദ്രാവാക്യം പലതും പറയുന്നില്ലെ ?

Read More >>