തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകള്‍ക്ക് ക്രൂരമായി പീഡനമേറ്റു: മൃഗക്ഷേമ ബോര്‍ഡ്

ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകളെ ക്രൂരമായി പീഡിപ്പിച്ചെന്ന് മൃഗക്ഷേമ ബോര്‍ഡ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്...

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകള്‍ക്ക് ക്രൂരമായി പീഡനമേറ്റു: മൃഗക്ഷേമ ബോര്‍ഡ്

elephent

ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകളെ ക്രൂരമായി പീഡിപ്പിച്ചെന്ന് മൃഗക്ഷേമ ബോര്‍ഡ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മൃഗക്ഷേമ ബോര്‍ഡിന്റെ കണ്ടെത്തല്‍. വനം-വന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പും നല്‍കിയ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നിയമാനുസൃതമല്ലെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആനകള്‍ക്ക് നേരെയുണ്ടായ ക്രൂരതകളുടെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.


പൂരത്തിന് മുന്നോടിയായി ആനകളെ പരിശോധിക്കുന്നതിന് ഏപ്രില്‍ 16ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സംഘത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരെ ജോലിചെയ്യാന്‍ അനുവദിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പരാതിയും നല്‍കിയിട്ടുണ്ട്.

മൃഗസംരക്ഷണ നിയമങ്ങള്‍ ലംഘിച്ചാണ് ആനകളെ എഴുന്നള്ളിപ്പിനായി ഉപയോഗിച്ചത്. എഴുന്നള്ളിക്കപ്പെട്ട 67 ആനകളില്‍ 31 എണ്ണത്തിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരത്തിന് കൊണ്ടുവന്ന പല ആനകള്‍ക്കും ഗുരുതരമായ രോഗമുണ്ടായിരുന്നെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായിരുന്നു. മാരകമായി മുറിവേറ്റവയും കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റവയുമായിരുന്നു പല ആനകളും. പല ആനകളുടെയും കാല്‍നഖങ്ങള്‍ പൊട്ടിയിരുന്നെന്നും  ഇത് കറുത്ത തുണികൊണ്ട് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആനകള്‍ക്ക് കുടിക്കാന്‍ ആവശ്യത്തിന് വെള്ളം പോലും നല്‍കിയിരുന്നില്ല. ആനകളെ നിയന്ത്രിക്കാന്‍ നിരോധിച്ച തോട്ടിപോലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എഴുന്നള്ളിക്കപ്പെട്ട മുഴുവന്‍ ആനകളുടേയും ആരോഗ്യം പുനപരിശോധിക്കണമെന്നും ആനയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഉപയോഗിക്കുന്ന ആനകളെ 2001ലെ പെര്‍ഫോമിംഗ് ആനിമല്‍സ് റൂള്‍സ് പ്രകാരം മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Story by