പറവൂരിലെ പാഠങ്ങള്‍

മുരളി തുമ്മാരുകുടിഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി. പരവൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ വെടിക്കെട്ട്...

പറവൂരിലെ പാഠങ്ങള്‍

paravoor

മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി. പരവൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ വെടിക്കെട്ട് അപകടത്തെ വിശകലനം ചെയ്യുന്നു.

ഏത് വലിയ യുദ്ധവും ഒരിക്കല്‍ അവസാനിക്കും എന്നത് ഞങ്ങള്‍ പോസ്റ്റ് കോണ്‍ഫ്‌ളിക്ടുകാരെ സംബന്ധിച്ചിടത്തോളം ജീവമന്ത്രം ആണ്. അതുപോലെയാണ് ദുരന്തങ്ങളുടെ കാര്യവും.  രണ്ടു ലക്ഷം ആളുകള്‍ മരിച്ച സുനാമിയെ കുറിച്ച് പോലും ഇപ്പോള്‍ അധികം ആരും ഒന്നും പറയാറില്ല. അതുകൊണ്ടുതന്നെ 100 പേര്‍ മരിച്ച വെടിക്കെട്ട് അധികകാലം ഒന്നും സമൂഹത്തിന്റെ ഓര്‍മ്മയില്‍ ഉണ്ടാവില്ല. പക്ഷെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഓരോ ദുരന്തന്തില്‍ നിന്നും നാം പാഠങ്ങള്‍ പഠിച്ചേ തീരു.


മാധ്യമങ്ങളുടെ ധര്‍മ്മം:  ഒരു ദുരന്തം ഉണ്ടായാല്‍ അതിന്റെ പാഠങ്ങള്‍ സമൂഹം പഠിച്ചു എന്നും അത്തരം ഒരു ദുരന്തം ഇനി ഉണ്ടാവില്ല എന്നും ഉറപ്പു വരുത്തുന്നതുവരെ മാധ്യമങ്ങള്‍  ആ വിഷയം ശ്രദ്ധയില്‍ നിര്‍ത്തണം. അതേസമയം ദുരന്തത്തെ പറ്റിയുള്ള ഏതു വാര്‍ത്തകളില്‍ എപ്പോള്‍ ഫോക്കസ് ചെയ്യണമെന്നും ശ്രദ്ധിക്കണം. ദുരന്തമുണ്ടായി ആദ്യത്തെ മണിക്കൂറുകളില്‍, അതായത്  ദുരന്തത്തില്‍പ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി അവരുടെ ചികിത്സക്കുള്ള കാര്യങ്ങള്‍ ഒക്കെ തരപ്പെടുത്തുന്നതുവരെ, ഇതാരുടെ കുറ്റം ആണെന്ന വിചാരണ തുടങ്ങരുതെന്ന് ഞാന്‍ പല തവണ എഴുതിയിട്ടുണ്ട്.  കാരണം ദുരന്തം സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരികയാണ്. സഹജീവികളുടെ  ദുഃഖത്തില്‍ അവര്‍ പങ്കുചേരുകയും അവര്‍ക്ക് പരമാവധി ആശ്വാസം രക്തമായോ പണമായോ മറ്റു വസ്തുക്കളായോ ഒക്കെ കൊടുക്കാന്‍ തുടങ്ങുന്ന സമയം ആണ്.  ആ സമയത്ത്  ആ ദുരന്തത്തിന് വെടിക്കെട്ടുകാരോ അമ്പലക്കമ്മിറ്റിയോ, സര്‍ക്കാരോ എന്തിന്  ദുരന്തത്തില്‍പ്പെട്ടവര്‍ തന്നെയോ ഉത്തരവാദികളാണെന്ന് പറഞ്ഞു പരത്തുന്നത് സമൂഹത്തിന്റെ സൌമനസ്യം (Goodwill) കുറക്കാനേ സഹായിക്കൂ. ആര്‍ക്കും ഒരു ഗുണവും ഉണ്ടാവില്ല. രക്ഷാപ്രവര്‍ത്തനം,  അവര്‍ക്കാവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കല്‍, വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയെല്ലാം  അധികാരികളുടെയും സമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് അടുത്ത പടി. അതിനു ശേഷം ആകണം കുറ്റം കണ്ടു പിടിക്കലും എല്ലാം. അതും കഴിഞ്ഞ് ചികിത്സയും പുനരധിവാസവും ഒക്കെ പറഞ്ഞ പോലെ നടക്കുന്നുണ്ടോ എന്നൊക്കെ ഇടക്കിടക്ക് വാര്‍ത്തയാക്കണം. ഒരു അപകടത്തില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചോ എന്നതില്‍ കൂടി ശ്രദ്ധ ചെലുത്തിയാല്‍ ഏറ്റവും നല്ലത്.

അപകട സ്ഥലം സുരക്ഷിതമാക്കണം: വെടിക്കെട്ടപകടം പോലെ സഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ട ഒരു അപകടം ഉണ്ടായാല്‍ പരിക്കേറ്റവരെ സ്ഥലത്ത് നിന്നും ആശുപത്രികളിലേക്ക് മാറ്റിയിട്ട്  അപകടം നടന്ന സ്ഥലം വളഞ്ഞു കെട്ടി സുരക്ഷിതമാക്കണം. അമേരിക്കയില്‍ 'ക്രൈം സീന്‍' എന്ന പേരില്‍ മഞ്ഞ ടേപ്പ് കെട്ടി തിരിക്കുന്നത്  സിനിമയില്‍ കണ്ടിട്ടില്ലേ. ഇത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്, ഒന്നാമത് ഏത് വെടിക്കെട്ട് അപകടത്തിലും അനവധി സഫോടക വസ്തുക്കള്‍ പൊട്ടാതെ കിടക്കും, അതിന്റെ മുകളില്‍ കൂടി ആളുകളോ വാഹനങ്ങളോ ഒക്കെ കയറിയിറങ്ങുമ്പോള്‍ വീണ്ടും സ്ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ അതീവ സൂക്ഷ്മതയോടെ വേണം രക്ഷാ പ്രവര്‍ത്തനം പോലും നടത്താന്‍. രണ്ടാമത് സ്ഫോടനം ഉണ്ടായ സാഹചര്യം മനസ്സിലാക്കാന്‍ ഫോറന്‍സിക്ക് തെളിവായി കമ്പപ്പുരയും ചുറ്റുവട്ടവുമൊക്കെ സംരക്ഷിക്കപ്പെടണം. ഉദാഹരണത്തിന് കമ്പപുരയുടെ മുകളിലേക്ക് പകുതി പൊട്ടിയ അമിട്ട് വീണാണ് അപകടം ഉണ്ടായതെന്ന് മണിക്കൂറുകളോളം ടി വി യില്‍ കണ്ടു.  കമ്പപ്പുരയുടെ ഒന്നാമത്തെ ലക്ഷ്യം തന്നെ സഫോടക വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുകയല്ലേ? അപ്പോള്‍ മുകളില്‍ നിന്നോ വശങ്ങളില്‍ നിന്നോ അമിട്ടോ അഗ്‌നിയോ നേരിട്ട് അകത്തു സൂക്ഷിച്ചിരിക്കുന്ന സഫോടക വസ്തുക്കളില്‍ എത്താന്‍ പറ്റുന്ന ഒരു കമ്പപ്പുര ആരെങ്കിലും നിര്‍മ്മിക്കുമോ? ദുരന്തം ഉണ്ടായി ഏതാനും മണിക്കൂറുകള്‍ക്കകം നമ്മള്‍ കാണുന്നത് കമ്പപ്പുര പൊളിച്ചു മാറ്റുന്നതാണ്. ഇത് കൊണ്ട് ഒരു ദുരന്ത നിവാരണവും ഉണ്ടാവില്ല എന്ന് മാത്രമല്ല ദുരന്തത്തിന്റെ അടിസ്ഥാന കാര്യങ്ങളെ പറ്റിയുള്ള അന്വേഷണത്തിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അപകടം നടന്ന സ്ഥലം സഫോടകവസ്തു വിദഗ്ദ്ധരും സഫോടനത്തെ പറ്റി അന്വേഷിക്കുന്നവരും ഒക്കെ വന്നു പരിശോധിച്ച് ഇനി അവിടെ സഫോടക  വസ്തുക്കള്‍ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുകയും അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതിനു ശേഷമേ ഈ സ്ഥലം വൃത്തിയാക്കാന്‍ പോലും തുറന്നു കൊടുക്കാവൂ.

narendra-modiവി വി ഐ പി സന്ദര്‍ശനം: ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളില്‍ രക്ഷാ പ്രവര്‍ത്തനം ആണ് പ്രധാന ദൗത്യം. അതൊരു സാങ്കേതിക ജോലി ആണ്, മറ്റുള്ളവര്‍ക്ക് അധികം ഒന്നും ചെയ്യാനില്ല. എന്നാല്‍ ദുരന്തം ഉണ്ടായാല്‍ എത്രയും വേഗം അവിടെ എത്തി ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുക എന്നത് ജനാധിപത്യത്തില്‍ പതിവാണ്. ഇതൊരു വ്യക്തിപരമായ ദുഃഖ പ്രകടനം മാത്രം അല്ല. ദുരന്ത സമയത്ത് ദുരന്ത ബാധിതര്‍ ഒറ്റക്കല്ല രാജ്യം മുഴുവന്‍ കൂടെ ഉണ്ട് എന്ന് തോന്നിപ്പിക്കാന്‍ ഇത് സഹായിക്കും, അതുപോലെ പ്രധാന മന്ത്രി പോലും പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ രാജ്യത്ത് ലഭ്യമായ എല്ലാ വിഭവങ്ങളും ദുരന്ത നിവാരണത്തിനായി എത്തുകയും ചെയ്യും. ഈ രണ്ടും തമ്മില്‍ ഒരു ബാലന്‍സിംഗ് ആക്റ്റ് വേണ്ടി വരും. പക്ഷെ ഇത്തവണ ഏറ്റവും വേഗം ഡോക്ടര്‍മാരുമായി ഓടി എത്താനും തന്റെ സന്ദര്‍ശനം ഏറ്റവും തിരക്ക് കുറഞ്ഞതാക്കാനും നമ്മുടെ പ്രധാനമന്ത്രി കാണിച്ച കരുണയും കരുതലും നമ്മള്‍ അംഗീകരിക്കണം.

പക്ഷെ പ്രാധാനമന്ത്രി എത്ര തന്നെ സന്ദര്‍ശനം ലോ കീ ആക്കണം എന്ന് പറഞ്ഞാലും അദ്ദേഹം കേരളത്തില്‍ കാലുകുത്തുന്ന മുതല്‍ തിരിച്ചു വിമാനം കയറുന്നത് വരെ നമ്മുടെ അധികാരികളുടെ ഉള്ളില്‍ തീയാണ്, അവരുടെ പ്രധാന ശ്രദ്ധ ഇക്കാര്യത്തില്‍ ആയിരിക്കുകയും ചെയ്യും. പക്ഷെ ഇത് മാത്രമല്ല പ്രശ്‌നം. ഒരു പ്രധാന മന്ത്രിയും ഒരു മുന്‍ പ്രധാന മന്ത്രിയും തീവ്രവാദികളാല്‍ കൊല്ലപ്പെട്ട രാജ്യം ആണ് നമ്മുടേത്. അപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയുടെ യാത്രകളില്‍ ഒരുക്കുന്ന സന്നാഹങ്ങള്‍ ആര്‍ഭാടം അല്ല, അത്യാവശ്യം ആണ്. ഇതില്‍ ദുരന്ത സമയത്താണെങ്കിലും കുറവ് വരുത്തുന്നതിന് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ട്.  അപകട സമയങ്ങളില്‍ നമ്മുടെ പ്രധാനമന്ത്രി സുരക്ഷാ സംവിധാനങ്ങളില്‍ ഇളവു വരുത്തുന്നു എന്ന  കാര്യം നമ്മള്‍ മാത്രം അല്ല ശ്രദ്ധിക്കുന്നത് എന്നോര്‍ക്കണം.

അപകടത്തിന്റെ കണക്കെടുപ്പ്:
അപകടത്തില്‍ മരണവും പൊള്ളലും കൂടാതെ വസ്തു വകകള്‍ക്കും പരിസ്ഥിതിക്കും നാശം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കുടുംബങ്ങളുടെ വസ്തുവകകളുടെ നാശനഷ്ടക്കണക്കെടുക്കുക എന്നതാണ് അടുത്ത ജോലി.  ഇത് കൃത്യതയോടെ ചെയ്ത് അവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കണം.  'പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ്' എന്ന ഐക്യരാഷ്ട്രസഭയും ലോകബാങ്കും സംയുക്തമായി വികസിപ്പിച്ച മാതൃക പിന്തുടരാവുന്നതേ ഉള്ളൂ.  സാധാരണ വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും ഡല്‍ഹിക്ക് അയക്കുന്ന കമ്മദി കണക്ക് മാറ്റി വ്യക്തവും കൃത്യവും ആയതായിരിക്കണം ഈ കണക്കുകൂട്ടല്‍. പരിസ്ഥിതി നാശം കണ്ടു പിടിക്കാന്‍  പറമ്പിലേയും പാടത്തേയും വെള്ളത്തിലെയും എല്ലാം മണ്ണും ജലവും പരിശോധിച്ച് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും അതിലുണ്ടോ എന്ന് കണ്ടു പിടിക്കണം. ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കാനുള്ള ശ്രമം നടത്തണം. അപകടത്തില്‍ പരിക്ക് പറ്റിയവരെ കൂടാതെ അതിനു ചുറ്റുവട്ടത്തുള്ള ആയിരക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് കുട്ടികളുടെ, മാനസിക ആരോഗ്യത്തെ ഇത് ബാധിച്ചിട്ടുണ്ട്. അവര്‍ക്ക് പോസ്റ്റ് ട്രോമാടിക് സ്ട്രെസ് ഡിസോര്‍ഡര്‍   പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത് മുന്‍കൂട്ടി കണ്ട് കൗണ്‍സലിംഗ് നല്‍കണം. ക്ഷേത്രത്തിലും, സ്‌കൂളിലും ഒക്കെ ഇതിനുള്ള സംവിധാനം ഉണ്ടാക്കണം. അപകടം മൂലം  ജീവിതകാലം മുഴുവന്‍ പഴയത് പോലെ പണിയെടുത്തു ജീവിക്കാന്‍ പറ്റാത്ത അനവധി പേരുണ്ടാകും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കണം. പ്രകടമായ നാശനഷ്ടം കൂടാതെ പരിസ്ഥിതിപ്രശ്‌നം പരിഹരിക്കാനും സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ളവരുടെ ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകള്‍ കുറക്കാനുള്ള തുകയും നാശ നഷ്ടത്തിന്റെ കണക്കില്‍   വകയിരുത്തണം.

അപകടത്തെ പറ്റിയുള്ള അന്വേഷണം: ഏതൊരു അപകടത്തിനും ശേഷം ആ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്തണം. ഏതു ദുരന്തവും ഉണ്ടാകുന്നത് ഒരു പറ്റം സുരക്ഷാ പിഴവുകള്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടാകുമ്പോള്‍ ആണ്. ഉപയോഗിച്ച വെടിമരുന്നിന്റെ രാസ ഘടന, അളവ്, വെടിമരുന്ന് പുരയും കരിമരുന്നു പ്രയോഗം നടത്തുന്ന സ്ഥലവും തമ്മിലുള്ള ദൂരം, കരിമരുന്നു പ്രയോഗം നടത്തുന്ന സ്ഥലവും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം, കമ്പപ്പുരയുടെ നിര്‍മ്മാണം അവിടുത്തെ ശീതികരണ സംവിധാനങ്ങള്‍, ചെറിയ തീ ഉണ്ടായാല്‍ അണക്കാനുള്ള സംവിധാനം, വെടിക്കെട്ട് നടത്തുന്ന ആളുകളുടെ പരിശീലനവും അനുഭവങ്ങളും സുരക്ഷാ ബോധവും, അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ അത് നേരിടാന്‍ ഉള്ള സംവിധാനങ്ങള്‍ എന്നിങ്ങനെ അനവധി വിഷയങ്ങള്‍ ഇവിടെ പ്രസക്തമാണ്.   വെടിക്കെട്ട് നടത്തിയത് ലൈസന്‍സോടെ ആണോ അല്ലയോ എന്നതിന് സാങ്കേതികമായി വലിയ പ്രസക്തി ഇല്ല.  പക്ഷെ ഇപ്പോള്‍ നമുക്കുള്ള എല്ലാ നിയമങ്ങളും പാലിച്ചാലും അപകടങ്ങള്‍ ഉണ്ടാകാമായിരുന്നോ എന്നത് പ്രധാനപ്പെട്ട ചോദ്യം ആണ്.

ഒരു കുറ്റവും അതിനെ ചൊല്ലി കുറച്ചു കുറ്റവാളികളെയും കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണത്തെ സമീപിച്ചാല്‍ ഒരു ഗുണവും ഉണ്ടാവില്ല.  ഈ അപകടത്തെ പറ്റി ശരിക്കും അറിയാവുന്നവര്‍ കരിമരുന്നു പ്രയോഗം നടത്തിയവരും പിന്നെ ക്ഷേത്ര കമ്മിറ്റിക്കാരും ആണ്.  ഇവരൊന്നും  അപകടം ഉണ്ടാക്കണം എന്ന് കരുതി ഒന്നും ചെയ്തിട്ടും ഇല്ല. അപ്പോള്‍ ആരെയെങ്കിലും കുറ്റവാളി ആക്കാന്‍ നോക്കുന്ന തരത്തില്‍ ഉള്ള അന്വേഷണം അപകടത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ അറിയാന്‍ നമ്മെ സഹായിക്കില്ല. പറ്റിയത് പറ്റി, മരിച്ചവര്‍ മരിച്ചു ഇനി ബാക്കി ഉള്ളവരുടെ കൂടെ കാര്യം കുഴപ്പത്തിലാക്കാതെ നോക്കണം എന്നതായിരിക്കും അപകടത്തെ പറ്റി ശരിക്കും അറിവുള്ളവരുടെ മനോഭാവം. അടിസ്ഥാന കാരണങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ആരൊക്കെ ജയിലില്‍ പോയാലും മറ്റൊരിടത്ത് ഈ അപകടങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും. ഇതിനു പകരം ഇതില്‍ ഉള്‍പ്പെട്ടവരെ കൂടി വിശ്വാസത്തില്‍ എടുത്ത് സമഗ്രമായ അന്വേഷണം നടത്തിയാല്‍ നമുക്ക് അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താം. അത് നിയമം മൂലം മറ്റിടങ്ങളില്‍ നിയന്ത്രിക്കാം കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

paravoor-2ഒരു കലാരൂപത്തെ നശിപ്പിക്കരുത്:  കരിമരുന്നു പ്രയോഗം ഒരു കലാരൂപം ആണ്. അത് നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ വളര്‍ന്നു വന്നതും ആണ്. ലോകത്ത് അനവധി സ്ഥലങ്ങളില്‍ ഇപ്പോഴും നടക്കുന്നു. കരിമരുന്നു പ്രയോഗം ആരാധനാലയങ്ങളില്‍ നടക്കുന്നതിനാലും അത് വിശ്വാസത്തിന്റെ ഭാഗം അല്ലാത്തതിനാലും  ഒഴിവാക്കി കൂടെ എന്നും പലരും ചിന്തിക്കുന്നുണ്ട്.  പണ്ട് നമ്മുടെ സമൂഹത്തിന്റെ ആഘോഷങ്ങളുടെ കേന്ദ്രം ആയിരുന്നു ക്ഷേത്രങ്ങള്‍ അതുകൊണ്ടാണ് കലാരൂപങ്ങള്‍, അത് കഥകളി ആയാലും കരിമരുന്നായാലും, അവിടെ  പ്രോത്‌സാഹിക്കപ്പെട്ടതും. അതൊരു നല്ല കാര്യം ആണ്. മറ്റു നാടുകളില്‍ സ്വാതന്ത്ര്യ ദിനത്തിനൊ പുതുവര്‍ഷത്തിനൊ കായിക മത്സരങ്ങല്‍ക്കിടയിലോ ഒക്കെ ആണ് കരിമരുന്ന് പ്രയോഗം നടക്കുന്നത്. ഇംഗ്ലണ്ടില്‍ ചരിത്രത്തിന്റെ ഭാഗമായ കരിമരുന്നു ഗൂഡാലോചനയില്‍ (1605) നിന്നും രാജാവ് രക്ഷപ്പെട്ടതിന്റെ ഓര്‍മ്മക്കായി നവംബറില്‍ ഗൈ ഫോക്‌സ് ഡേ എന്ന വെടിക്കെട്ടിന് വേണ്ടി മാത്രം ഉള്ള ഒരു ദിവസം തന്നെ ഉണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്നു പ്രയോഗം നടക്കുന്ന ജനീവയില്‍ ആഗസ്റ്റിലെ രണ്ടാമത്തെ ശനിയാഴ്ച ആണ്, ജനീവ ഫെസ്റ്റിവലിന്റെ അവസാനം കുറിച്ച് കൊണ്ട്. ഇതിനെല്ലാം ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ ആളുകള്‍ പങ്കെടുക്കുന്നു. അപ്പോള്‍ ഏതു  ദിവസം ആര് നടത്തുന്നു എന്നത് അത്ര പ്രധാനമായ കാര്യം അല്ല. സമൂഹം ആസ്വദിക്കുന്ന നല്ല സാങ്കേതിക ജ്ഞാനം വേണ്ട ഒരു കലാരൂപം ആണ് എന്നതാണ് പ്രധാനം. ഇത് സുരക്ഷിതമായി നടത്തുക എന്നതാണ്, ഇതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലോകത്ത് എത്രയോ ലഭ്യമാണ്.

കേരളത്തില്‍ നൂറുകണക്കിന് ആരാധനാലയങ്ങളില്‍ ചെറുതും വലുതും ആയ കരിമരുന്നു പ്രയോഗങ്ങള്‍ ഉണ്ട്, ഇത് കൂടാതെ വിഷുവിനും ക്രിസ്തുമസിനും വീടുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഫയര്‍ വര്‍ക്‌സ് നടത്തുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ വ്യവസായം തന്നെ ഉണ്ട്, അനവധി തൊഴിലാളികളും സാങ്കേതിക വിദഗ്ദ്ധരും. പക്ഷെ ഇവരെ ആധുനിക സുരക്ഷ പോയിട്ട് അവരുടെ തൊഴില്‍ പോലും പരിശീലിപ്പിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ കേരളത്തില്‍ ഇല്ല. മിക്കവാറും പേര്‍ പരമ്പരാഗതം ആയാണ് ഈ രംഗത്ത് എത്തി പറ്റുന്നത്, അത് കൂടാതെ ഇതിലെ സാങ്കേതിക വിദ്യകള്‍ രഹസ്യമായി സൂക്ഷിക്കുന്നതും ഇതിനാവശ്യമായ രാസ വസ്തുക്കളെ പറ്റിയുള്ള അറിവ് കുറവായതും ഒക്കെ ഈ തൊഴില്‍ കൂടുതല്‍ അപകടം പിടിച്ചതാക്കുന്നു. പക്ഷെ ഇതൊക്കെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ ആണ്.

ലോകത്ത് പൈറോ റെക്‌സ്‌നിക് വിദഗ്ധര്‍ ഏറെ ഉണ്ട്, അവരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും. കഴിഞ്ഞ നൂറു വര്‍ഷത്തില്‍ വര്‍ണ്ണ വിസ്മയതിന്റെ ലോകത്ത് എത്രയോ പുരോഗതി ഉണ്ടായിരിക്കുന്നു, സുരക്ഷ എത്രയോ നന്നായിരിക്കുന്നു. ഇതെല്ലം നമ്മുടെ സമൂഹത്തില്‍ എത്തിക്കാനുള്ള ഒരു അവസരം ആയി നമുക്കിതിനെ കണ്ടു കൂടെ. ആ ലക്ഷ്യത്തോടെ  ലോകോത്തരം ആയ ഒരു 'സ്‌കൂള്‍ ഓഫ് പൈറോ ടെക്‌നിക്‌സ്' കേരളത്തില്‍, പറ്റിയാല്‍ പറവൂരില്‍ തന്നെ, സ്ഥാപിച്ചു കൂടെ ?. പരവൂരിനു ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വരെ ശ്രദ്ധ ഉണ്ടല്ലോ, അപ്പോള്‍ പുതിയ സ്‌കില്‍ ബില്‍ഡിംഗ്  സ്‌കീം അനുസരിച്ച് ലോകോത്തര പൈറോ ടെക്‌നിക്‌സ് വിദഗ്ദ്ധരെ നമുക്കും വാര്‍ത്തെടുത്തു കൂടെ ?. എന്തും നിരോധിക്കാന്‍ എളുപ്പം ആണ്, പക്ഷെ നൂറ്റാണ്ടുകള്‍ ആയി നാം വളര്‍ത്തിയ ഒരു കലാരൂപത്തെ ഒരു അപകടത്തിന്റെ പേരില്‍ നശിപ്പിക്കണോ ?

വളരുന്ന കമ്പം, ചുരുങ്ങുന്ന മൈതാനം: 
നമ്മുടെ ആരധനാലയങ്ങളോട് അനുബന്ധിച്ച ഉത്സവങ്ങള്‍ ദുരന്തത്തില്‍ കലാശിക്കാനുള്ള സാധ്യത കൂടി വരികയാണ്. ഇത് കരിമരുന്നു പ്രയോഗത്തിന്റെ മാത്രം കാര്യം അല്ല, ആന എഴുന്നുള്ളിപ്പ് മുതല്‍ പൊങ്കാല വരെ, മല കയറ്റം മുതല്‍ ആറാട്ടുവരെ എല്ലാ ആഘോഷങ്ങള്‍ക്കും ആളുകളുടെ എണ്ണം കൂടുന്നു, പക്ഷെ ഇത് സുരക്ഷിതമായി നടത്താനുള്ള സ്ഥല സൗകര്യം കുറയുന്നു. ശക്തന്‍ തംപുരാന്‍ പൂരം ഉണ്ടാക്കിയ കാലത്ത് കേരളത്തില്‍ മൊത്തം ഉള്ള ജനങ്ങളില്‍ കൂടുതല്‍ ഇപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ തന്നെ കാണും. നഗരത്തില്‍ തുറന്ന പ്രദേശങ്ങള്‍ കുറയുന്നു, ഉയര്‍ന്ന കെട്ടിടങ്ങള്‍ വര്‍ദ്ധിക്കുന്നു, പെട്രോള്‍ ടാങ്കുകളും കാര് പാര്‍ക്കുകളും പോലെ ദുരന്തം ഇരട്ടിപ്പിക്കാന്‍ കഴിവുള്ള സംവിധാനങ്ങള്‍ വരുന്നു.  പൂരത്തിന്റെ പ്രശസ്തിയും സഞ്ചാര സൌകര്യവും വര്‍ദ്ധിച്ചതോടെ ദൂര ദേശത്തുനിന്നും കൂടുതല്‍ പേര്‍ പൂരം കാണാന്‍ എത്തുന്നു. ഇതെല്ലാം അപകട സാധ്യത പല മടങ്ങാക്കുന്നു.  എത്ര ആളുകള്‍ക്ക് ഒരേ സമയം സുരക്ഷിതമായി ഉത്സവത്തില്‍ പങ്കെടുക്കാം എന്നതിന് ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ഉള്ള കഴിവൊന്നും തല്ക്കാലം നമ്മുടെ ക്ഷേത്ര കമ്മിറ്റികള്ക്കില്ല.

ഒളിമ്പിക്‌സ് ഉള്‍പ്പടെ ലക്ഷങ്ങള്‍ അണിനിരക്കുന്ന സ്ഥലങ്ങളില്‍ എത്രയോ വലുതും മനോഹരവും ആയ കരിമരുന്നു പ്രയോഗങ്ങള്‍ നടക്കുന്നു. കരിമരുന്നു പ്രയോഗം നടത്തുന്ന സ്ഥലങ്ങളില്‍ ആദ്യം നടത്തുന്നത് സമഗ്രമായ ഒരു റിസ്‌ക് അസസ്‌മെന്റ് ആണ്. കരിമരുന്നു പ്രയോഗം നടത്താനുള്ള സ്ഥലം ആദ്യം പരിശോധിക്കും. അവിടെ മരുന്ന് സൂക്ഷിക്കാനുള്ള സ്ഥലം, കരിമരുന്നിന് തീ കൊടുക്കുന്ന സ്ഥലം കത്തിയമര്‍ന്ന കംബ വസ്തുക്കള്ക്ക് തിരിച്ചു താഴെ വീഴാന്‍ ഉള്ള സ്ഥലം ഇതില്‍ നിന്നും സുരക്ഷിതമായ ദൂരത്തില്‍ ആളുകള്‍ക്ക് നില്ക്കാനുള്ള സംവിധാനം, അതിനും അപ്പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം, മൊത്തം ആളുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള സംവിധാനം, ആളുകള്‍ക്ക് വരാനും പോവാനും ഉള്ള സംവിധാനം ഇതെല്ലം റിസ്‌ക് അസസ്‌മെന്റിന്റെ ഭാഗം ആണ്. ഇതിനു ശേഷം ആണ് അപകടം ഉണ്ടായാല്‍ അത് നേരിടാനും ആള്ക്കൂട്ടാത്തെ നേരിടാനും ഒക്കെ ഉള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഇതെല്ലാം ഫയര്‍ വര്‍ക്ക് നടത്തുന്നവരും അതിനു പണം ചിലവാക്കുന്ന സംഘാടകരും മുനിസിപ്പാലിറ്റിയും പോലീസും ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി ഡിപ്പാര്‍ട്ട്‌മെന്റുംഒക്കെ ചേര്‍ന്നാണ് നടത്തുന്നത്.

ശാസ്ത്രീയമായി ഒരു റിസ്‌ക് അസസ്‌മെന്റ് നടത്തിയാല്‍ ഇപ്പോള്‍ വെടിക്കെട്ട് നടക്കുന്ന എല്ലാ ഇടങ്ങളിലും അത് നടത്താന്‍ പറ്റിയില്ലെന്നു വരും, ചിലയിടത്ത് അത് ചെറിയ തോതില്‍ ആക്കേണ്ടി വരും, ചിലയിടത്തെല്ലാംപുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ നന്നായി നടത്താന്‍ പറ്റും. പക്ഷെ ഇതെല്ലാം ശാസ്ത്രീയം ആയി എടുക്കേണ്ട തീരുമാനങ്ങള്‍ ആണ് അല്ലാതെ  വിശ്വാസത്തെ അധിസ്ഥാനമാകി അല്ല.

paravoor-3ആരാധനാലയങ്ങളുടെ നടത്തിപ്പില്‍ അല്പം ആധുനിക സങ്കേതങ്ങള്‍ കൊണ്ടുവരാനും ഈ അവസരം ഉപയോഗിക്കാം.  കേരളത്തില്‍ പതിനായിരത്തിലധികം ആളുകള്‍ കൂടുന്ന ഉത്സവങ്ങള്‍ ഏറെയാണ്.  പക്ഷെ ഇതില്‍ ഒരു അമ്പലക്കമ്മിറ്റിക്കാരനുപോലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനോ എന്തിന് അടിസ്ഥാനപരമായ ഒരു സംഭവ്യ പദ്ധതി (Contingency Plan) ഉണ്ടാകുന്നതിനോ ഉള്ള ഒരു പരിശീലനവും ഇതേവരെ ആരും കൊടുത്തിട്ടില്ല.  ഇതിനൊക്കെ ലോകത്തിനു എത്രയോ നല്ല മാതൃകകള്‍ ഉണ്ട്.  അപ്പോള്‍ കേരളത്തില്‍ വ്യാപകമായ ഓരോ ആഘോഷങ്ങള്‍ക്കും മുന്‍പ് സമഗ്രമായ എമര്‍ജന്‍സി പ്ലാനിംഗും അപകടസാദ്ധ്യത നിര്‍ണ്ണയം (Risk Assessment)  നടത്താനുള്ള പരിശീലനം ഈ കമ്മിറ്റിക്കാര്‍ക്ക് നിര്‍ബന്ധമാക്കണം.  അതനുസരിച്ച് പദ്ധതി ഉണ്ടാക്കാന്‍ അവരെ പഠിപ്പിക്കണം.  ആ പദ്ധതി അനുകരിച്ചുകൊണ്ടുള്ള ഒരു അഭ്യാസക്രമം (Mock Drill) ഉത്സവങ്ങള്‍ക്ക് മുന്‍പ് നടത്തണം.  ഇങ്ങനെയൊക്കെ ആകുമ്പോള്‍ സുരക്ഷയെപ്പറ്റി അവര്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാകും.   ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ Awareness  and Preparedness for Emergencies at Local Level (APELL) എന്ന പദ്ധതി പരിഷ്‌കരിച്ച് തൃശൂരില്‍ ഉള്ള നമ്മുടെ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി എളുപ്പത്തില്‍ ഇതിനു വേണ്ട ഒരു പഠന പദ്ധതി ഉണ്ടാക്കവുന്നതെ ഉള്ളൂ. ശബരിമലക്ക് വേണ്ടി കേരള സംസ്ഥാന ഡി സാസ്ടര്‍ മാനജെമെന്റ്‌റ് അതോറിറ്റിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്ടര്‍ മാനേജ്‌മെന്റും കൂടി ഉണ്ടാക്കിയ

ക്രൈസിസ് മാനെജ്‌മെന്റ് പ്ലാന്‍ ഒരു നല്ല ഉദാഹരണം ആണ്.

നിയമം നടപ്പാക്കാനുള്ള പരിശീലനം: സഫോടക വസ്തുക്കളുടെ രസതന്ത്രം അത്ര എളുപ്പമുല്ലതോ സാധാരണ കെമിസ്ടുകള്‍ക്ക് പോലും  പരിചിതമൊ അല്ല. സഫോടക വസ്തുകളുടെ സാന്നിധ്യവും സാന്ദ്രതയും പരിശോധിക്കുക എന്നത് വികസിത രാജ്യങ്ങളില്‍ പോലും ഏറെ വിഷമം പിടിച്ചതും ചിലവുള്ളതും ആണ്. അങ്ങനെയിരിക്കെ നമ്മുടെ വെടിക്കെട്ടുകളില്‍ എന്തൊക്കെ രാസ വസ്തുക്കള്‍ വരുന്നു, എത്രമാത്രം ഉപയോഗിക്കപ്പെടുന്നു എന്നൊക്കെ കൃത്യമായും സൂക്ഷ്മമായും പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ടോ എന്ന് സംശയം ആണ്. വികസിത രാജ്യങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി ഡി പ്പാര്‍ട്ട്‌മെന്റ് ആണ് ഈ കാര്യം ചെയ്യുന്നത് അവര്‍ക്ക് പ്രത്യേക പരിശീലനം ഉള്ള സഫോടക വിദഗ്ധര്‍, കെമിസ്റ്റുകള്‍,  പ്രത്യേകം ഉപകരണങ്ങള്‍,  അവരുടെ തന്നെ വ്യക്തി സുരക്ഷക്കുള്ള ഉപകരണങ്ങള്‍ എല്ലാം ഉണ്ട്. ഇതൊക്ക നമുക്കുണ്ടോ?, ഇതൊന്നും ഇല്ലാതെ നമ്മുടെ പോലീസിനെയോ ഫയര്‍ ഡിപ്പാര്ട്ട്‌മെന്റിനെയൊ ദുരന്തന്തിനു മുന്‌പോ പിന്‌പോ പരിശോധനക്ക് വിടുന്നത് ശരിയാണോ ?. വിട്ടത് കൊണ്ട് കാര്യം ഉണ്ടോ ?. അപ്പോള്‍ ഈ വിഷയത്തില്‍ നമ്മുടെ പോലീസിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിനും പ്രത്യേക പരിശീലനം നല്കണം, ആവശ്യത്തിനുള്ള പരിശോധന, വ്യക്തി സുരക്ഷാ ഉപകരണങ്ങളും. കരിമരുന്നു പരിശോധിക്കാനുള്ള ലബോറട്ടറി, പിടിച്ചെടുത്താല്‍ സുരക്ഷിതമായി നശിപ്പിക്കാനോ സൂക്ഷിച്ചു വക്കാനൊ ഒക്കെ ഉള്ള സംവിധാനങ്ങള്‍ എല്ലാം ഒരുക്കിയിട്ടു വേണം ഇത്ര ഭാരിച്ച ഉത്തരവാദിത്തം ആര്‍ക്കെങ്കിലും നല്കാന്‍.

paravoor-4നാളത്തെ ദുരന്തം ആണ് ഒഴിവാക്കേണ്ടത്: മൂന്നു കാര്യങ്ങള്‍ കൂടി പറഞ്ഞു ലേഖനം അവസാനിപ്പിക്കുകയാണ്. . ഒന്നാമത് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും വലിയ കരിമരുന്നു പ്രയോഗങ്ങള്‍ എല്ലാ അപകട സാധ്യതയും ആലോചിച്ചു, മുന്‍കരുതല്‍ എടുത്താണ് ചെയ്യുന്നത് എന്ന് കരുതാന്‍ വയ്യ. പറവൂരില്‍ വ്യക്തമായ പല ന്യൂനതകളും എല്ലായിടത്തും ഉണ്ടാവണം. അപ്പോള്‍  ഒരു മൂന്നു  മാസത്തേക്ക് വന്‍ കരിമരുന്നു പ്രയോഗങ്ങള്ക്ക് ഒരു മൊറട്ടൊരിയം പ്രഖ്യാപിക്കണം. ഈ സമയത്ത് കരിമരുന്നു കരാറുകാരുടെയും പോലീസിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും മറ്റു ആരാധനാലയങ്ങളുടെ നടത്തിപ്പുകാരുടെയും മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയും അഭിപ്രായം തേടി സമഗ്രമായി ഈ വിഷയത്തില്‍ പ്രായോഗികം ആയ പുതിയ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കണം.

രണ്ടാമത്  ഇന്നലത്തെ ദുരന്തതിനല്ല നാളത്തെ ദുരന്തന്തിനാണ് നാം തയ്യാര് എടുക്കേണ്ടത്. നാളത്തെ ദുരന്തം വെടിക്കെട്ടുപുരയില്‍ മാത്രമല്ല, മറ്റെവിടെയും ആകാം. ഉദാഹരണത്തിന് കേരളത്തില്‍ ആളുകൂടുന്ന എവിടെയും, അത് പൊങ്കാല ആകട്ടെ, പള്ളിപ്പെരുന്നാള്‍ ആകട്ടെ ക്രിക്കറ്റ് മത്സരം ആകട്ടെ അവിടെ എല്ലാം ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണവും ആയി ബന്ധപ്പെട്ട വലിയ അപകടങ്ങള്‍ ഉണ്ടാകാം. കേരളത്തില്‍ എന്ന് വേണമെങ്കിലും പത്തു നിലയില്‍ കൂടുതല്‍ ഉയരം ഉള്ള ഒരു കെട്ടിടത്തിന് തീ പിടിച്ചു വലിയ ആള്‍ നാശം ഉണ്ടാകാം. ലിസ്റ്റില്‍ സാധ്യതകള്‍ വേറെയും ഉണ്ട്.  അപ്പോള്‍ നമ്മുടെ മുഴുവന്‍ ശ്രദ്ധയും വെടിക്കെട്ടിന്റെ പുറകെ പോകരുത്, സാധ്യമായ എല്ലാ ദുരന്തങ്ങളും ഒഴിവാക്കാന്‍ ആയിരിക്കണം നമ്മളുടെ ശ്രമം.

മൂന്നാമത് , ഒരു അപകടത്തില്‍ നൂറു പേര്‍ മരിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഭവം ആണ്. പക്ഷെ ഓരോ വര്ഷവും കേരളത്തില്‍ 8000 ത്തില്‍ അധികം ആളുകള്‍ ആണ് അപകടത്തില്‍ മരിക്കുന്നത്, അതായത് ഒരു ദിവസം ഇരുപതിന് മുകളില്‍. അപ്പോള്‍ പരവൂരിലെ അപകടം കഴിഞ്ഞ ഒരാഴ്ച്ചക്കകം പരവൂരിലെ അപകടത്തില്‍ മരിച്ചതിലും ഏറെ പേര്‍ മറ്റപകടങ്ങളില്‍ മരിച്ചു കഴിഞ്ഞു. വ്വര്‍ഷാവസന മരണക്കണക്ക് എടുക്കുമ്പോള്‍ പരവൂര്‍  ദുരന്തം മൊത്തം മരണത്തിന്റെ എണ്ണത്തില്‍  വലിയ കുറവോ കൂടുതലോ ഉണ്ടാക്കില്ല. അപ്പോള്‍ വന്‍ അപകടങ്ങള്‍ കൂടാതെ നമുക്ക് ചുറ്റും എന്നും നടക്കുന്ന ഒറ്റക്കൊറ്റക്കായിട്ടുള്ള അപകടങ്ങള്‍ കുറച്ചാലേ നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന കൂട്ടക്കുരുതിക്ക് ഒരു അവസാനം ആകൂ. ഈ അപകടം അതിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്.

Read More >>