അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ വിയര്‍ത്ത് കോണ്‍ഗ്രസ്; സര്‍വ്വ സന്നാഹവുമായി ബിജെപിയും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പരമാമര്‍ശിച്ച് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ വിയര്‍ത്ത് കോണ്‍ഗ്രസ്; സര്‍വ്വ സന്നാഹവുമായി ബിജെപിയും

manmohan_sonia_3

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പരമാമര്‍ശിച്ച് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി കേസില്‍ മിലാന്‍ അപ്പീല്‍ കോടതിയുടെ വിധി വന്നതോടെ കോണ്‍ഗ്രസ് അങ്കലാപ്പിലാണ്. അഴിമതിപ്പണത്തിന്റെ പങ്ക് ഇന്ത്യയിലേക്ക് ഒഴുകിയെന്ന വിധിയെ തുടര്‍ന്ന് പ്രതിപക്ഷത്തെ അടിക്കാനുള്ള വടി കൈയില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബിജെപി നേതൃത്വം.

വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്. 3565 കോടി രൂപയ്ക്ക് 12 ഹെലികോപ്റ്ററുകള്‍ വിവിഐപികള്‍ക്ക് വേണ്ടി വാങ്ങാനുള്ള ചര്‍ച്ചകള്‍ക്ക് എസ് പി ത്യാഗി 2005-07ലാണ് തുടക്കമിട്ടത്. ഇന്ത്യന്‍ ഭരണ നേതൃത്വത്തിന്റെ ഇടപെടലോടെ 2010ല്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഇടപാടില്‍ അഴിമതി കണ്ടെത്തി ഇറ്റാലിയന്‍ പൊലീസ് കേസെടുത്തതോടെ ഇന്ത്യ കരാര്‍ റദ്ദാക്കുകയായിരുന്നു.


മന്‍മോഹന്‍ സിംഗിന്റെയും സോണിയ ഗാന്ധിയുടെയും പേരുകള്‍ അഴിമതിയിടപാടിലേക്ക് കടനനുവന്നതോടെയാണ് കേസ് രാജ്യശ്രദ്ധയാകര്‍ഷിച്ചത്. പ്രസ്തുത കേസില്‍ ഉള്‍പ്പെട്ട വിവാദ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കിള്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ ഇന്ത്യന്‍ മേധാവി പീറ്റര്‍ ഹ്യൂലെറ്റിന് 2008 മാര്‍ച്ചില്‍ എഴുതിയ കത്തില്‍ കരാറിനുള്ള പ്രേരകശക്തി 'സിനോര ഗാന്ധി'യാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2013ല്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് മുന്‍ സിഇഒ ഗിസപ്പെ ഓര്‍സി ജയിലില്‍ നിന്ന് എഴുതിയ കത്തിലാണ് മന്‍മോഹന്‍സിങ്ങിന്റെ പേര് പരാമര്‍ശിക്കുന്നത്. ഇടപാടുകളുടെ നടത്തിപ്പിനായി ഇന്ത്യന്‍ നേതാക്കള്‍ക്കും വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും മറ്റും കോഴ നല്‍കിയതായി രണ്ട് ആയുധവ്യാപാര ഇടനിലക്കാര്‍ തമ്മിലുള്ള കത്തിടപാടുകളിലും പറയുന്നുണ്ട്.

ഈ രേഖകള്‍ മിലാന്‍ കോടതിവിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് കോണ്‍ഗ്രസിന് കനത്ത ആഘാതമായി പരിണമിച്ചിട്ടുള്ളത്. കത്തുകളില്‍ സോണിയ കുടുംബത്തിന്റെ സഹായിയെ എ പി എന്നു വിശേഷിപ്പിക്കുമ്പോള്‍ എസ് പി ത്യാഗിയുടെ കുടുംബാംഗങ്ങളെ എഫ്എഎം എന്നാണ് പരാമര്‍ിക്കുന്നത്. കത്തുകളില്‍ അഹമ്മദ് പട്ടേല്‍, വീരപ്പ മൊയ്‌ലി, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, പ്രണബ് മുഖര്‍ജി എന്നീ പേരുകളും പരാമര്‍ശിക്കുന്നുണ്ട്.

കേസില്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ ഉടമകളായ ഫിന്‍മെക്കാനിക്കയുടെ പ്രമുഖര്‍ ശിക്ഷിക്കപ്പെട്ടു. ഇന്ത്യ കരാര്‍ റദ്ദാക്കിയെങ്കിലും അന്വേഷണത്തിന് വേണ്ട രേഖ കൈമാറിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. കേസിന്റെ അന്വേഷണത്തിനാവശ്യമായ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന കോടതി പരാമര്‍ശമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.

എന്നാല്‍ ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് ഇടപാടിന് തുടക്കം കുറിച്ചത് കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരാണെന്നും അഗസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ നിന്നൊഴിവാക്കിയതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കിയവര്‍ ഇറ്റലിയില്‍ ശിക്ഷ നേരിടുമ്പോള്‍ കൈക്കൂലി വാങ്ങിയവര്‍ ഇന്ത്യയില്‍ സുരക്ഷിതരായി ഇരിക്കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അഗസ്റ്റ കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ ഇളവുകള്‍ ചെയ്തത് വാജപേയി സര്‍ക്കാരിന്റെ കാലത്താണെന്ന് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ്മ തിരിച്ചടിച്ചു.

Read More >>