കേരളം വിധിയെഴുതാന്‍ ​ഇ​നി 45​​ നാള്‍ കൂടി

തിരുവനന്തപുരം: കേരളം വിധി എഴുതാന്‍ ഇനി 45 നാള്‍ കൂടി . ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മുന്നിട്ടു...

കേരളം വിധിയെഴുതാന്‍ ​ഇ​നി 45​​ നാള്‍ കൂടി

kerala-election

തിരുവനന്തപുരം: കേരളം വിധി എഴുതാന്‍ ഇനി 45 നാള്‍ കൂടി . ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മുന്നിട്ടു നില്‍ക്കുകയാണ്. എല്‍ഡിഎഫ് പ്രകടനപത്രിക ഈ മാസം അഞ്ചിന് പുറത്തിറങ്ങുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ അറിയിച്ചത്. സ്ത്രീകളുടെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രകടന പത്രികയാകും എല്‍ഡിഎഫിന്റേത് എ്ന്നാണ് വൈക്കം വിശ്വന്‍ അറിയിച്ചത്.


യു.ഡി.എഫില്‍ ഇനിവേണം സീറ്റു വിഭജനം പൂര്‍ത്തിയാക്കാന്‍. പല മണ്ഡലങ്ങളിലും തര്‍ക്കം ഇനിയും കീറാമുട്ടിയായ് അവശേഷിക്കുകയാണ്. പുതുതായ് വന്ന പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സീറ്റുകളില്‍ ആണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ്സില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. നിലവില്‍ ഇരുപതിലധികം മണ്ഡലങ്ങളില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പാനല്‍ ആണ് ഉള്ളത്. ഇതില്‍ അഞ്ച് മണ്ഡലങ്ങളില്‍ രൂക്ഷമായ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാത്രി നടന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഈ മണ്ഡലങ്ങളെ ചൊല്ലി ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മില്‍ ശക്തമായ തര്‍ക്കമാണുണ്ടായത്. ഒരു ഘട്ടത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി അതിരൂക്ഷമായാണ് പ്രതികരിച്ചത്. നേതാക്കന്മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലെ സീറ്റ് വിഭജനം ഹൈക്കമാന്‍ഡിന് മുന്നില്‍ കീറാമുട്ടിയായി അവശേഷിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും കോണ്‍ഗ്രസില്‍ സീറ്റുറപ്പിച്ച വന്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗ് ആഴ്ച്ചകള്‍ക്ക് മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും അവര്‍ ഒന്നാംവട്ട പ്രചാരണം പൂര്‍ത്തിയാക്കുകയും ചെയതു. പകുതിയിലധികം സീറ്റുകളില്‍ എന്‍.ഡി.എയ്ക്കും സ്ഥാനാര്‍ത്ഥികളായി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം 9ന് തുടങ്ങും. പത്തനംതിട്ടയില്‍ വൈകിട്ട് 4 മണിയോടെ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ അ ദ്ധ്യക്ഷന്‍ അമിത്ഷാ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പാര്‍ട്ടി വക്താവ് പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി പിണങ്ങി നില്‍ക്കുന്ന ഗൗരിയമ്മയെ ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. മുന്‍ ജെഎസ്എസ് നേതാവായ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടക്കുന്നത്.  എന്‍.ഡി.എയിലും പ്രഖ്യാപനം വന്ന സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു തുടങ്ങി.

അടുത്ത ആഴച്യോടെ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു. പല മണ്ഡലങ്ങളിലും ചുവരെഴുത്തുകളും പോസ്റ്ററുകളും കൊടികളും നിരന്ന് തിരഞ്ഞെടുപ്പ് പ്രതീതിയിലേക്ക് കടന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പകുതിയിലേറെ മണ്ഡലങ്ങളിലും മൂന്ന് മുന്നണിയിലെയും പ്രധാന സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് വ്യക്തമാണ്.