വാഗ്ദാനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായോ; 2011 ലെ യുഡിഎഫിന്റെ പ്രകടന പത്രിക

വാഗ്ദാനങ്ങളും ഉറപ്പുകളുമുള്ള പുതിയ പ്രകടന പത്രികയുമായി യുഡിഎഫ് വീണ്ടുമെത്തി. അഞ്ച് വര്‍ഷം മുമ്പ് ഇതുപോലൊരു തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ പ്രകടന...

വാഗ്ദാനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായോ; 2011 ലെ യുഡിഎഫിന്റെ പ്രകടന പത്രിക

kerala-ministryവാഗ്ദാനങ്ങളും ഉറപ്പുകളുമുള്ള പുതിയ പ്രകടന പത്രികയുമായി യുഡിഎഫ് വീണ്ടുമെത്തി. അഞ്ച് വര്‍ഷം മുമ്പ് ഇതുപോലൊരു തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ പ്രകടന പത്രികയിലെ പല വാഗ്ദാനങ്ങളും ഇന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വാഗ്ദാനങ്ങള്‍ മാത്രമായിത്തന്നെ നില്‍ക്കുമ്പോഴാണ് പുതിയ പ്രകടന പത്രികയുമായി യുഡിഎഫ് എത്തുന്നത്.

സംസ്ഥാനത്തെ പൊതുകടം നിയന്ത്രിക്കുമെന്നായിരുന്നു 2011 ല്‍ യുഡിഎഫ് പ്രകടന പത്രികിയില്‍ പറഞ്ഞ പ്രധാന വാഗ്ദാനം. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം (31.3.2011) 78,673.24 കോടി ആയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് അമ്പത്തിഅയ്യായിരം കോടിയിലധികം രൂപ വര്‍ധിച്ച്  2015 മാര്‍ച്ച് 31 ആയപ്പോഴേക്കും സംസ്ഥാനത്തിന്റെ പൊതുകടം 1,33,701.15 കോടിയായി വര്‍ധിക്കുകയാണുണ്ടായത്.


യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പൂര്‍ണമായി പരാജയപ്പെടുകയോ ഭാഗികമായി മാത്രം നടപ്പിലാകുകയോ മാത്രമാണുണ്ടായത്. കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്‌സിറ്റി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ എന്നിവ അഞ്ച് വര്‍ഷമായിട്ടും സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികളില്‍ ചിലത് മാത്രമാണ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചവയില്‍ 90 ശതമാനം വാഗ്ദാനങ്ങളും പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് എടുത്തു പറയേണ്ടത്. അവകാശങ്ങള്‍ക്കായി നിരന്തരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയത്. ഓരോ തവണയും വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ പറഞ്ഞുവിടുന്ന കാഴ്ച്ചയാണ് കണ്ടത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ദത്തെടുക്കുമെന്ന യുഡിഎഫ് പ്രഖ്യാപനവും ഇതോടെ അപഹാസ്യമായി.

2011 ല്‍ 16 ഇനങ്ങളിലായി വികസനവും കരുതലും എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പ്രകടനപത്രികയില്‍ എന്തൊക്കെ നടന്നു എത്രമാത്രം നടന്നു എന്ന് പുതിയ പ്രകടന പത്രിക പുറത്തിറങ്ങുന്ന പശ്ചാലത്തലത്തില്‍ പരിശോധിക്കാം.

കൃഷിയും അനുബന്ധമേഖലകളും, വ്യവസായം, അടിസ്ഥാനസൗകര്യവികസനവും വിദ്യാഭ്യാസവും, സാമൂഹ്യക്ഷേമം, ധനസമാഹരണവും പദ്ധതിനടത്തിപ്പും, സര്‍വീസ് മേഖല, ഊര്‍ജമേഖല, ഭാഷ, കല, സംസ്‌കാരം, കലാകായികം, പോലീസ് ക്ഷേമം, സര്‍ക്കാര്‍ ജീവനക്കാരും സര്‍വീസ് സംഘടനകളും, കാലാവസ്ഥ, വനം, പരിസ്ഥിതി സംരക്ഷണം, മാലിന്യമുക്ത കേരളം, പൊതുകാര്യം, തലസ്ഥാന നഗരവികസനം, ഇതര ഇനങ്ങള്‍ എന്നീ മേഖലകളിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫ് പ്രകടന പത്രിക.

36.6 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. എന്നാല്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്നതില്‍ സര്‍ക്കാരിന് പോലും വ്യക്തതയില്ല. തൊഴിലവസരങ്ങള്‍ക്കായി കൊണ്ടുവന്ന സ്മാര്‍ട് സിറ്റി പോലുള്ള പദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതും എങ്ങുമെത്തിയില്ല. ഇന്ത്യയിലും വിദേശത്തും 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നേടാന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയ്‌നിങ് നല്‍കുമെന്ന വാഗ്ദനാവും പാഴ്‌വാക്കായി.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് (ബിപിഎല്‍) ഒരു രൂപയ്ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് (എപിഎല്‍) രണ്ട് രൂപയ്ക്കും പ്രതിമാസം 25 കിലോ അരി നല്‍കുമെന്നായിരുന്നു പ്രകടപത്രികയിലെ ശ്രദ്ധേയമായ ഒരു വാഗ്ദാനം. എന്നാല്‍ കൂടിയ വരുമാനത്തിന്റെ പേരില്‍ പല എപിഎല്‍ കുടുംബങ്ങള്‍ക്കും ആനുകൂല്യം നിഷേധിക്കുകയും ബിപിഎല്‍ കുടുബംങ്ങള്‍ക്ക് ഒരു രൂപയ്ക്കുള്ള അരി കൃത്യമായി നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതും യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച്ചയായി ചൂണ്ടിക്കാട്ടാം. ശാരീരികശേഷി ഇല്ലാത്തവര്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപ എത്ര പേര്‍ക്ക് ലഭിച്ചു എന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ ചിലതിങ്ങനെ,

പരമദരിദ്ര കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കും.

അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ഭവന സംസ്ഥാനമാക്കും.

ഓരോ പ്ലസ് ടു വിദ്യാര്‍ത്ഥിക്കും ഓരോ സൗരോര്‍ജ വിളക്ക് സൗജന്യമായി നല്‍കും.

തീരാദേശ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും വീടും വൈദ്യുതിയും, പൈപ്പുവഴി കുടിവെള്ളവും ലഭ്യമാക്കും.

മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സമഗ്രപദ്ധതി തയ്യാറാക്കും.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൈത്തറി ഉപയോഗം വര്‍ദ്ധിപ്പിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം സാര്‍വത്രികമായി ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കും.

മലപ്പുറത്ത് പുതിയ നോളഡ്ജ് ഹബ്ബ് ആരംഭിക്കും.

2011-16 കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പിലാക്കും.

എല്ലാ നഗരങ്ങളിലും വാഹനപാര്‍ക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ നഗരസഭകളുടെ സഹകരണത്തോടെ ബഹുനില പാര്‍ക്കിങ് കോംപ്ലക്സുകള്‍ നിര്‍മിക്കും.

കാല്‍നടയാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനായി സബ്വേ പെഡസ്ട്രിയന്‍ ഫുട്ട് ഓവര്‍ബ്രിഡ്ജ്/സ്‌കൈവേ എന്നിവ സ്ഥാപിക്കും.

പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും വാസയോഗ്യമായ പാര്‍പ്പിടം 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിക്കും.

25 വര്‍ഷത്തെ ദീര്‍ഘകാല വികസനം അടിസ്ഥാനമാക്കി മെട്രോപോളിറ്റന്‍ ഏരിയകള്‍ക്കായി ഒരു 'കണ്‍സെപ്റ്റ് പ്ലാന്‍' ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.

ഈടില്ലാതെ വിദ്യാഭ്യാസ വായ്പ നല്‍കുന്നതിനായി ബാങ്ക്-സാമ്പത്തിക സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ്സ് ലോണ്‍ ഗാരന്റി ഫണ്ട് സ്വരൂപിക്കും.

അനൗപചാരിക വിദ്യാഭ്യാസ നയം ആവിഷ്‌ക്കരിക്കും.

ജോലിയില്ലാത്ത വികലാംഗര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കും.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയുടെ പൂര്‍ണ രൂപം താഴെ വായിക്കാം

[pdf-embedder url="http://ml.naradanews.com/wp-content/uploads/2016/04/manifesto-udf-2011.pdf"]