ജയലളിതയുടെ പ്രചരണ യോഗത്തില്‍ പങ്കെടുത്ത രണ്ട് പ്രവര്‍ത്തകര്‍ സൂര്യാഘാതം മൂലം മരിച്ചു

സേലം: എഐഎഡിഎംകെ നേതാവ് ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്ത രണ്ട് പ്രവര്‍ത്തകര്‍ സൂര്യാഘാതം മൂലം മരിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് സേലം...

ജയലളിതയുടെ പ്രചരണ യോഗത്തില്‍ പങ്കെടുത്ത രണ്ട് പ്രവര്‍ത്തകര്‍ സൂര്യാഘാതം മൂലം മരിച്ചു

aiadmk

സേലം: എഐഎഡിഎംകെ നേതാവ് ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്ത രണ്ട് പ്രവര്‍ത്തകര്‍ സൂര്യാഘാതം മൂലം മരിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് സേലം ജില്ലയില്‍ നടന്ന പ്രചരണ യോഗത്തിനിടെയാണ് കടുത്ത ചൂടില്‍ രണ്ട് പേര്‍ മരണപ്പെട്ടത്.

പച്ചിയണ്ണന്‍(55), പെരിയസാമി(62) എന്നിവരാണ് മരിച്ചത്. ഇരുവരും കുഴഞ്ഞു
വീണ് മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയും രണ്ട് പേര്‍ എഐഎഡിഎംകെയുടെ പ്രചരണ യോഗത്തിനിടയില്‍ മരിച്ചിരുന്നു.


തമിഴ്‌നാട്ടില്‍ കടുത്ത ചൂടാണ് രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രിയില്‍ കൂടുതലാണ്. പ്രവര്‍ത്തകരുടെ മരണത്തില്‍ ജയലളിത അനുശോചനം രേഖപ്പെടുത്തി.

അതേസമയം, പ്രവര്‍ത്തകരുടെ മരണത്തില്‍ ജയലളിതക്കെതിരെ ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. കൊടുംചൂടില്‍ ഉച്ചയ്ക്ക് പൊതുയോഗം സംഘടിപ്പിച്ചതാണ് മരണത്തിന് കാരണമെന്നും ഇതിന് ഉത്തരവാദി ജയലളിതയാണെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആരോപിച്ചു.

വൈകുന്നേരങ്ങളില്‍ ജയലളിതയുടെ ഹെലികോപ്റ്റര്‍ സഞ്ചരിക്കാത്തതിനാലാണ് ഉച്ചയ്ക്ക് കൊടുംചൂടില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സ്റ്റാലിന്‍ ആരോപിച്ചു.