കെ. ബാബുവിന്റെയും അടൂര്‍ പ്രകാശിന്റേയും അഴിമതിക്കഥകളുമായി സുധീരന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍

ന്യുഡല്‍ഹി: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ കെ ബാബുവും അടൂര്‍ പ്രകാശും നടത്തിയ അഴിമതികളുടെ തെളിവുകളുമായി കെപിസിസി പ്രസിഡന്റ് വിഎം...

കെ. ബാബുവിന്റെയും അടൂര്‍ പ്രകാശിന്റേയും അഴിമതിക്കഥകളുമായി സുധീരന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍

vm-sudheeran

ന്യുഡല്‍ഹി: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ കെ ബാബുവും അടൂര്‍ പ്രകാശും നടത്തിയ അഴിമതികളുടെ തെളിവുകളുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍. മന്ത്രിമാരുടെ അഴിമതിക്കഥകള്‍ വിശദമാക്കുന്ന 47 പേജുള്ള റിപ്പോര്‍ട്ടും സിഡികുമുള്‍പ്പെടെയുള്ള തെളിവുകളാണ് സുധീരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്.


കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇരു മന്ത്രിമാരും സമ്പാദിച്ച സ്വത്തുക്കളും, അതിനു തെളിവായുള്ള വീഡിയോ ദൃശ്യങ്ങളുമാണ് ഉള്‍പ്പടെയുള്ളവയാണ് സുധീരന്‍ ഹൈകമാന്‍ഡിന് നല്‍കിയത്.  ഇതോടെ ഇരു മന്ത്രിമാര്‍ക്കും വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഐ ഗ്രൂപ്പ് നിലപാട് തിരുത്തി മന്ത്രിമാര്‍ക്കെതിരെ രംഗത്ത് വന്നതായും സൂചനയുണ്ട്.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു മന്ത്രിമാരും നേരിട്ട് തന്നെ വന്‍തുക കോഴ സ്വീകരിക്കുന്നതിന്റെ തെളിവുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പരാതികളും സുധീരന്റെ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, വെള്ളാപ്പള്ളി നടേശനും കുടുംബവുമാണ് ബാബുവിന്റേയും പ്രകാശിന്റേയും വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് കാണിച്ച് പലതവണ ആലപ്പുഴ ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് കത്തുകള്‍ അയച്ചിരുന്നു. ഇക്കാര്യവും സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടിട്ടുണ്ട്.

സുധീരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാബുവിനും അടൂര്‍ പ്രകാശിനും സീറ്റ്  നല്‍കുന്ന കാര്യം പുനരാലോചിക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. എന്നാല്‍ ഇരുവരുടേയും മണ്ഡലത്തില്‍ മറ്റാര് നിന്നാലും പരാജയം ഉറപ്പാണെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. മാത്രമല്ല, അടൂര്‍ പ്രകാശും കെ ബാബുവും മത്സരിക്കുകയാണെങ്കില്‍ ബിഡിജിഎസ് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാവും ഇവര്‍ക്കെതിരെ നിര്‍ത്തുകയെന്നും ഇത് കോണ്‍ഗ്രസിന്റെ വിജയസാധ്യത കൂട്ടുമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ നിലപാടാണ് എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. ഇവര്‍ മത്സരിക്കുകയാണെങ്കില്‍ മറ്റു സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയെ ബാധിക്കുമെന്നും അതിനാല്‍ ഇവര്‍ മാറി നില്‍ക്കണമെന്നും ആന്റണിയടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നു.