തൃത്താലയില്‍ തെറ്റു തിരുത്താന്‍ സിപിഎം, അട്ടിമറി വിജയം ഉറപ്പിക്കാന്‍ ബല്‍റാമും

പാലക്കാട്: കണക്കുകള്‍ കൊണ്ടാണെങ്കില്‍ തൃത്താലയില്‍ ഇത്തവണ സിപിഎം കരകയറും. പക്ഷേ തൃത്താലയില്‍ ഈ കണക്കുകള്‍ കൊണ്ട്...

തൃത്താലയില്‍ തെറ്റു തിരുത്താന്‍ സിപിഎം, അട്ടിമറി വിജയം ഉറപ്പിക്കാന്‍ ബല്‍റാമും

balram

പാലക്കാട്: കണക്കുകള്‍ കൊണ്ടാണെങ്കില്‍ തൃത്താലയില്‍ ഇത്തവണ സിപിഎം കരകയറും. പക്ഷേ തൃത്താലയില്‍ ഈ കണക്കുകള്‍ കൊണ്ട് കാര്യമൊന്നുമില്ലെന്ന് സിപിഎമ്മിനറിയാം. നിലവിലെ കോണ്‍ഗ്രസ് എംഎല്‍എ അഡ്വ. വിടി ബല്‍റാമിനെ ഇത്തവണയെങ്കിലും പിടിച്ചു കെട്ടാനായില്ലെങ്കില്‍ അടുത്ത തവണ ശക്തമായ ഒരു മത്സരത്തിന് കൂടി ശേഷിയില്ലാത്ത നിലയിലേക്ക് സിപിഎം കൂപ്പുകുത്തും.

ശക്തനായ ഒരു പോരാളിയെ കിട്ടാത്ത പക്ഷം കഴിഞ്ഞ തവണത്തെ ഞെട്ടലില്‍ നിന്ന് ഇത്തവണയും കരകയറാനാകില്ല സിപിഎമ്മിന്. ഈ ബോധമാണ് നേതൃസ്ഥാനത്തേക്ക് കരുത്തുള്ള യുവ രക്തത്തിനായി തിരയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, വിപി റജീന എന്നിവരെല്ലാം പരിഗണനയിലുണ്ട്. ഏറ്റവും ഒടുവിലായി ഈ പട്ടികയിലേക്ക് പറഞ്ഞു കേള്‍ക്കുന്നത് ആദ്യം ഒറ്റപ്പാലത്തേക്ക് പരിഗണിച്ച ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖിന്‍റെ പേരാണ്.


മണ്ഡലം പിടിച്ചെടുത്തേ തീരു എന്ന സിപിഎമ്മിന്‍റെ നിശ്ചയദാര്‍ഢൃമാണ് തൃത്താലയില്‍ പോരാട്ടത്തിന് ശക്തി പകരുന്നത്. വിഭാഗീയത മൂലം ഭരണ തുടര്‍ച്ച നഷ്ടപ്പെടുത്താന്‍ 2011-ല്‍ ഔദോഗിക പക്ഷം തോറ്റു കൊടുത്ത മണ്ഡലമായി തൃത്താലയെ വിലയിരുത്തുന്നവരുണ്ട്. 2011-ല്‍ തോറ്റെങ്കിലും 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 8761 വോട്ടിന്‍റെ ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ 6500-ല്‍ പരം വോട്ടിന്‍റെ ലീഡ് നേടാനും എല്‍ഡിഎഫിനായി.

ചാലിശ്ശേരി ഒഴിച്ച് ബാക്കി 7 പഞ്ചായത്തിലും എല്‍ഡിഎഫിനാണ് ഭരണ സാരഥ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 57848 വോട്ട് നേടി ജയിച്ച വിടി ബല്‍റാമിന് 3197 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 46.40% വോട്ടാണ് വിടി നേടിയത്. 43.58% വോട്ട് നേടിയ പി മമ്മിക്കുട്ടിക്ക് 54, 651 വോട്ടാണ് ലഭിച്ചത്. 5899 വോട്ട് നേടിയ ബിജെപിക്ക് ഇവിടെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15648 വോട്ടുകള്‍ ലഭിച്ചിരുന്നു.

1965-ല്‍ സംവരണ മണ്ഡലമായി രൂപം കൊണ്ട തൃത്താലയില്‍ നിന്ന് ആദ്യം നിയമസഭയില്‍ എത്തിയത് സിപിഎമ്മിലെ ഇടി കുഞ്ഞനായിരുന്നു. 1967-ല്‍ വി ഈച്ചരന്‍ യുഡിഎഫ് സ്വതന്ത്രനായി ജയിച്ചു. 1977-ല്‍ ജനറല്‍ സീറ്റായപ്പോള്‍ കോണ്‍ഗ്രസിലെ കെ ശങ്കരനാരായണനും 1980-ല്‍ വീണ്ടും സംവരണമായപ്പോള്‍ കോണ്‍ഗ്രസിലെ എംപി താമിയും ജയിച്ചു. 1987-ല്‍ ഒരിക്കല്‍ കൂടി എംപി താമി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-ല്‍ ഇ ശങ്കരനിലൂടെ സിപിഎം തൃത്താല തിരിച്ചു പിടിച്ചു. തുടര്‍ന്ന് 2011 വരെ 4 തവണ സിപിഎമ്മാണ് ജയിച്ചത്.

2011-ല്‍ സംവരണം മാറി ജനറല്‍ സീറ്റായപ്പോഴാണ് ബല്‍റാമിന് നറുക്ക് വീണതും അട്ടിമറി വിജയം നേടിയതും. സോഷ്യല്‍ മീഡിയ വഴി സമകാലിക വിഷയങ്ങളില്‍ വ്യത്യസ്തമായ നിലപാടുകള്‍ വെളിപ്പെടുത്തി ശ്രദ്ധേയനായ നേതാവാണ് ബല്‍റാം. സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും കോളേജുകള്‍ അനുവദിച്ചതടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബല്‍റാം സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ബല്‍റാമിന്‍റെ ക്ലീന്‍ ഇമേജും കൂടിയാവുമ്പോള്‍ തൃത്താലയില്‍ മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ തെറ്റ് ഇത്തവണ തൃത്താലയിലെ ജനങ്ങള്‍ തിരുത്തുമെന്നാണ് ഒരു മുതിര്‍ന്ന സിപിഎം നേതാവ് നാരദാ ന്യൂസിനോട് പറഞ്ഞത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്നതിലെ അവ്യക്തത എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ നിരാശ പടര്‍ത്തുന്നുണ്ട്.