ബ്രസല്‍സ് ഭീകരാക്രമണത്തിന്‍റെ മുഖമായ ആ പെണ്‍കുട്ടി ഇന്ത്യക്കാരി!

ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ അത്യന്തം ഭീതിദമായ മുഖം ലോകം അറിഞ്ഞത് ഒരു ചിത്രത്തിലൂടെയാണ്. ലോകമാധ്യമങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ മുന്‍പേജില്‍...

ബ്രസല്‍സ് ഭീകരാക്രമണത്തിന്‍റെ മുഖമായ ആ പെണ്‍കുട്ടി ഇന്ത്യക്കാരി!

brussels

ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ അത്യന്തം ഭീതിദമായ മുഖം ലോകം അറിഞ്ഞത് ഒരു ചിത്രത്തിലൂടെയാണ്. ലോകമാധ്യമങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ മുന്‍പേജില്‍ ലീഡ് ചിത്രമായി പ്രസിദ്ധീകരിച്ച ആ ചിത്രത്തില്‍ സ്ഫോടനത്തിന്‍റെ മുഴുവന്‍ ഭീകരതയും പേറി മഞ്ഞ നിറത്തിലുള്ള കോട്ടും കീറിയ വസ്ത്രങ്ങളും ഒറ്റ കാലില്‍ ഷൂസുമണിഞ്ഞ് നിസ്സഹായയായി ഇരിക്കുന്ന ആ പെണ്‍കുട്ടിയുടെ പേര് നിധി ചപേക്കാര്‍. ജെറ്റ് എയര്‍വെയിസിലെ ഫ്ലൈറ്റ് അറ്റെന്‍ഡന്‍റ് ആണ് മുംബൈ സ്വദേശിനിയായ നിധി .


ജോര്‍ജിയന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ കെറ്റീവന്‍ കര്‍ഡാവയാണ് നിധിയുടെ ചിത്രം പകര്‍ത്തിയത്. ജനീവയിലേക്കുള്ള യാത്രാമാര്‍ഗം ബ്രസല്‍സില്‍ എത്തിപ്പെട്ട കെറ്റീവന്‍ തലനാരിഴക്കാണ് സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ചുറ്റുമുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനാവും എന്ന് കരുതി പകച്ചു നില്‍ക്കുകയായിരുന്നു കെറ്റീവന്‍. അപ്പോഴാണ് തളര്‍ന്നവശയായ നിധിയുടെ രൂപം കണ്ണില്‍ പതിഞ്ഞത്. അപ്പോള്‍ തന്നെ നിധിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

നിധിയുടെ ചിത്രം പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും പടര്‍ന്നു പിടിക്കുമ്പോള്‍ മുംബൈയിലെ വീട്ടില്‍ നിധിയുടെ ഭര്‍ത്താവ് നീലേഷും 11-ഉം 14-ഉം വയസ്സ് പ്രായമുള്ള രണ്ടു മക്കളും നിധി സുരക്ഷിതയായി തിരിച്ചു  വരുന്നതും കാത്തു പ്രാര്‍ത്ഥനകളില്‍ മുഴുകി ഇരിക്കുകയായിരുന്നു. ബ്രസല്‍സിലെ ആശുപത്രിയില്‍ നിധി ചികിത്സയിലാണെന്നും അവരുടെ ജീവന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നുമുള്ള വാര്‍ത്ത അറിഞ്ഞതോടെയാണ് അവര്‍ക്ക് ആശ്വാസമായത്.

ബ്രസല്‍സിലെ വിമാനത്താവളം അടച്ചിട്ടതോടെ എത്രയും പെട്ടെന്ന് നിധിയുടെ അടുത്തെത്താനുള്ള ഇവരുടെ ശ്രമം  പരാജയപ്പെട്ടു. ബ്രസല്‍സില്‍ എത്തിച്ചേരാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ് ഈ കുടുംബം ഇപ്പോള്‍. നിധി  ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട് എന്നാണ് ബ്രസല്‍സിലെ ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന വിവരം. ചില്ലറ ചതവുകളും ചെറിയ മുറിവുകളും മാത്രമേ ബാക്കിയുള്ളൂ എന്നും താമസിയാതെ നിധി സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.