തിരഞ്ഞെടുപ്പില്‍ ഡിഎംഡികെ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയകാന്ത്

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ഡിഎംഡികെ നേതാവ് വിജയകാന്ത്. മാസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ്...

തിരഞ്ഞെടുപ്പില്‍ ഡിഎംഡികെ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയകാന്ത്

vijayakanth

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ഡിഎംഡികെ നേതാവ് വിജയകാന്ത്. മാസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ് വിജയകാന്ത് പാര്‍ട്ടി തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്.

ചെന്നൈയില്‍ നടന്ന ഡിഎംഡികെ വനിതാ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിനായി ഡിഎംഡികെയെ ക്ഷണിച്ച എല്ലാ പാര്‍ട്ടികളോടും നന്ദിയുണ്ടെന്ന് പറഞ്ഞ വിജയകാന്ത് മറ്റ് പാര്‍ട്ടികളെ താന്‍ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്നും അറിയിച്ചു.


നേരത്തേ, ഇടത്-ദളിത് പാര്‍ട്ടികളുടെ കൂട്ടായ്മയായ പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ്(പിഡബ്ല്യൂഎ)മായി ചേരുമെന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്. പിന്നാലെ, ബിജെപിയും ഡിഎംകെയും ഡിഎംഡികെയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളുമായി എത്തി. സിപിഐ, സിപിഐ(എം), എംഡിഎംകെ, ദളിത് പാര്‍ട്ടിയായ വിസികെ എന്നിവയുടെ കൂട്ടായ്മയാണ് പിഡബ്ല്യൂഎ.

അതേസമയം, ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഡിഎംഡികെയുടെ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പിഡബ്ല്യൂഎയുമായോ ഡിഎംകെയുമായോ ഡിഎംഡികെ സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ എഐഎഡിഎംകെയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരുപോലെ വെല്ലുവിളിയായെന്നും ഇത് എഐഎഡിഎംകെയ്ക്ക് നേരിയ രീതിയിലെങ്കിലും ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.