സന്തോഷ് മാധവനില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ തിരിച്ചു നല്‍കി

തൃശൂര്‍: വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ തിരിച്ചു നല്‍കി. 2009 ല്‍ സന്തോഷ് മാധവന്റെ...

സന്തോഷ് മാധവനില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ തിരിച്ചു നല്‍കി

santhosh-madhavan

തൃശൂര്‍: വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ തിരിച്ചു നല്‍കി. 2009 ല്‍ സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ തിരിച്ചു നല്‍കിയിരിക്കുന്നത്. അന്ന് കമ്പനിയുടെ പേര് ആദര്‍ശ് പ്രൈം പ്രൊജക്ട് ലിമിറ്റഡ് എന്നായിരുന്നു.


ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് ഭൂമി തിരിച്ചു നല്‍കിയിരിക്കുന്നത്. ഉത്തരവിറങ്ങിയതാകട്ടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടു മുമ്പും. 90 ശതമാനം നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചു നല്‍കയിരിക്കുന്നത്.

2009 ല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി കമ്പനി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതലസമിതികള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

അന്ന് കമ്പനിയുടെ ആവശ്യത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികളാണ് കമ്പനിക്ക് പ്രതികൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.

മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം ഏതുവിധേനയും തിരിച്ചുകിട്ടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് കമ്പനി നിയമവിരുദ്ധവും ലക്ഷ്യബോധമില്ലാത്തതുമായ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നായിരുന്നു അന്ന് അപേക്ഷ തള്ളിക്കൊണ്ട് റവന്യൂവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിട്ട് നല്‍കാനാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഐടി വ്യവസായത്തിനെന്ന വ്യാജേന വീണ്ടും കമ്പനി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. 1600 കോടി രൂപയുടെ വ്യവസായം ഭൂമിയില്‍ വരുമെന്നും മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. ഇത് അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ രണ്ടാം തീയ്യതി മിച്ചഭൂമി വിട്ടുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ക്ലിയറന്‍സ് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ ഉറപ്പ് വരുത്തണമെന്ന നിബന്ധനയോടെയാണ് ഉത്തരവ്.

Story by