ആനന്ദ്‌ എല്‍ റോയിക്ക് വേണ്ടി ഷാരൂഖ്‌ ഖാന്‍ കുള്ളനാവുന്നു

ബോളിവുഡിന്‍റെ ബാദ്ഷാ ഷാരൂഖ്‌ ഖാന്‍ തന്‍റെ അടുത്ത ചിത്രത്തില്‍ കുള്ളനായി വേഷമിടുന്നു. ദേശീയ പുരസ്കാര ജേതാവ് ആനന്ദ്‌ എല്‍ റോയ് സംവിധാനം ചെയ്യുന്ന...

ആനന്ദ്‌ എല്‍ റോയിക്ക് വേണ്ടി ഷാരൂഖ്‌ ഖാന്‍ കുള്ളനാവുന്നു

shsബോളിവുഡിന്‍റെ ബാദ്ഷാ ഷാരൂഖ്‌ ഖാന്‍ തന്‍റെ അടുത്ത ചിത്രത്തില്‍ കുള്ളനായി വേഷമിടുന്നു. ദേശീയ പുരസ്കാര ജേതാവ് ആനന്ദ്‌ എല്‍ റോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷാരൂഖ്‌ കുള്ളന്‍റെ വേഷം അണിയാന്‍ പോകുന്നത്. ഉലകനായകന്‍ കമലഹാസന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമയില്‍ ഒരു നായകന്‍ കുള്ളനായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

കംഗണ റാണോട്ടിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'തനു വെഡ്സ് മനു റിട്ടേണ്‍സ്', ധനുഷ് നായകനായ 'റാന്‍ജ്ന' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ആനന്ദ്‌. "ഒരു പ്രണയകഥയെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. ചിത്രത്തില്‍ നായികയാവാന്‍  ദീപിക പദുക്കോണുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല," ആനന്ദ്‌ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ ധോലക്കിയ സംവിധാനം നിര്‍വഹിക്കുന്ന 'റായീസ്', ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം തുടങ്ങിയവയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ്‌ ഇപ്പോള്‍. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാലുടന്‍ ആനന്ദിന്‍റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇറോസ് ഇന്‍റര്‍നാഷണല്‍ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.