ടി.പി.വധത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ്; ശക്തി തെളിയിക്കാന്‍ ആര്‍.എം.പി.

കോഴിക്കോട്: ടി.പി. വധത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലയില്‍ ആര്‍.എം.പി്ക്ക് വെല്ലുവിളികളേറെയാണ്. കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ...

ടി.പി.വധത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ്; ശക്തി തെളിയിക്കാന്‍ ആര്‍.എം.പി.

T_P_Chandrashekaran

കോഴിക്കോട്: ടി.പി. വധത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലയില്‍ ആര്‍.എം.പി്ക്ക് വെല്ലുവിളികളേറെയാണ്. കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ പ്രസക്തി തെളിയിക്കാന്‍ വടകര ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക ശക്തിയാണെന്ന് തെളിയിച്ചേ തീരു. സി.പി.എമ്മിന് വെല്ലുവിളി ഉയര്‍ത്തുന്ന മത്സരത്തിന് ആര്‍.എം.പി മാസങ്ങള്‍ക്കു മുമ്പെ ഒരുങ്ങിയിരുന്നു. പാര്‍ട്ടിക്ക് നിര്‍ണായക ശക്തിയുള്ള വടകര ഉള്‍പ്പടെ സ്വാധീന മേഖലകളില്‍ കരുത്ത് തെളിയിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.


ആര്‍.എം.പിയുടെ നേത്യത്വത്തില്‍ സംസ്ഥാനത്താകെ ഇടതുപക്ഷ ഐക്യവേദി അന്‍പത് മണ്ഡലങ്ങളിലാണ് മത്സരിക്കുക. ഇതില്‍ 20 സീറ്റില്‍ ആര്‍.എം.പി മത്സരിക്കും. വടകരയില്‍ ടി.പി.യുടെ ഭാര്യ കെ.കെ രമയെ മത്സരിപ്പിക്കുന്നത് ഇടതുമുന്നണിയുടെ പരാജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വടകരക്ക് പുറമെ നാദാപുരം, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, കൊയിലാണ്ടി, തുടങ്ങിയ മണ്ഡലങ്ങളിലും മത്സരിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി.

സി.പി.എമ്മുമായി അകന്നു നില്‍ക്കുന്നവരുടെ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനാണ് ഇടതുപക്ഷ ഐക്യവേദിയുടെ  ശ്രമം. അടുത്ത കാലത്തായി ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ഉടലെടുത്ത വിഭാഗീയതകള്‍ മുതലാക്കാനും നീക്കമുണ്ട്. കക്കോടി, മേപ്പയ്യൂര്‍ തുടങ്ങിയ ഭാഗത്ത് തദ്ദേശ തെരഞ്ഞെടുപ്പോട് കൂടി ഉടലെടുത്ത അമര്‍ഷം വോട്ടാകുമെന്നാണ് പ്രതീക്ഷയും ഇടതുപക്ഷ ഐക്യവേദിക്കുണ്ട്. അതെ സമയം ഒഞ്ചിയം പഞ്ചായത്തില്‍ മുസ്ലീം ലീഗിന്റെ സഹായത്തോട് കൂടി അധികാരത്തിലേറിയ നടപടിക്ക് എതിരെ ആര്‍.എം.പിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. വടകരക്ക് പുറത്തെ പാര്‍ട്ടിഘടകങ്ങള്‍ ഈ നടപടിക്ക് എതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ വടകര ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ആര്‍.എം.പിക്ക് വോട്ടും കുറഞ്ഞാല്‍ അത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രക്ക് തന്നെ തടസങ്ങളുണ്ടാക്കും.