താരപ്പകിട്ടോടെ പ്രിഥ്വിരാജിന്‍റെ കര്‍ണ്ണന്‍

'എന്ന് നിന്‍റെ മൊയ്തീന്‍' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം പ്രിഥ്വിരാജും ആര്‍എസ് വിമലും കൈകോര്‍ക്കുന്ന പുതിയ ചിത്രം 'കര്‍ണ്ണന്‍' വന്‍താരങ്ങളാല്‍...

താരപ്പകിട്ടോടെ പ്രിഥ്വിരാജിന്‍റെ കര്‍ണ്ണന്‍

karnan

'എന്ന് നിന്‍റെ മൊയ്തീന്‍' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം പ്രിഥ്വിരാജും ആര്‍എസ് വിമലും കൈകോര്‍ക്കുന്ന പുതിയ ചിത്രം 'കര്‍ണ്ണന്‍' വന്‍താരങ്ങളാല്‍ സമ്പുഷ്ടമാണ് എന്നാണ് ചിത്രത്തിന്‍റെ അണിയറയില്‍ നിന്നും കിട്ടുന്ന സൂചന. തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രലോകത്തെ നിരവധി താരങ്ങളെ ചിത്രത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.

'ബാഹുബലി'യുടെ ച്ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാറാണ് 'കര്‍ണ്ണ'ന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങും. അന്താരാഷ്‌ട്രനിലവാരത്തിലുള്ള പ്രോജക്റ്റാണ്‌ 'കര്‍ണ്ണന്‍' എന്നാണ് സംവിധായകന്‍ ആര്‍എസ് വിമല്‍ അഭിപ്രായപ്പെടുന്നത്.


പ്രിഥ്വിരാജാണ് ചിത്രത്തില്‍ കര്‍ണ്ണന്‍റെ വേഷത്തില്‍ എത്തുന്നത്‌. ധീരയോദ്ധാവായ കര്‍ണ്ണന്‍റെ മാനസിക സംഘര്‍ഷങ്ങളും, അമ്മയും സഹോദരങ്ങളുമായുള്ള ബന്ധത്തിലെ അടിയൊഴുക്കുകളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

കര്‍ണ്ണന്‍റെ ജീവിതത്തെ ആധാരമാക്കി മറ്റൊരു മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു എന്നത് ശ്രദ്ധേയമാണ്. പിശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കര്‍ണ്ണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഈ ചിത്രം കര്‍ണ്ണന്‍റെ ജീവിതത്തിലെ അവസാന ദിനങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.